
റോമില്‍ ജനിച്ച കലിസ്റ്റസ്, ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു അടിമയായിരുന്നു. പണം കാവലായിരുന്നു ജോലി. നിക്ഷേപിച്ചിരുന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. നിവൃത്തിയില്ലാതെവന്ന കലിസ്റ്റസ് പലായനം ചെയ്തു. പക്ഷേ, അദ്ദേഹം പിടിക്കെപ്പടുകയും കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തു. കുറേനാള്‍ ജയിലില്‍ കിടന്നശേഷം, ‘വി. കലിസ്റ്റസിന്റെ ഭൂഗര്‍ഭാലയം’ എന്ന് ഇപ്പോള്‍ അറിയെപ്പടുന്ന ക്രിസ്തീയ ശ്മശാനത്തിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സെഫിറീനൂസ് മാര്‍പാപ്പ അദ്ദേഹത്തിന് ഡീക്കന്‍പട്ടം കൊടുത്ത് ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പാപ്പയുടെ മരണശേഷം റോമയിലെ ജനങ്ങളും വൈദികരും ചേര്‍ന്ന് കലിസ്റ്റസിനെ മാര്‍പാപ്പയായി തെരഞ്ഞെടുത്തു.
റോമില്‍ ആപ്പിയന്‍ വഴിയിലുള്ള പ്രസിദ്ധമായ നാല് ഭൂഗര്‍ഭാലയങ്ങള്‍ മണ്ണുനീക്കി കണ്ടെടുക്കാനുള്ള യത്നങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി. രണ്ടുലക്ഷത്തോളം രക്തസാക്ഷികളെ ഇവിടെ സംസ്കരിച്ചിരുന്നു. പാപ്പയില്‍ പ്രശോഭിച്ചിരുന്ന നേതൃത്വഗുണങ്ങളും ദരിദ്രരോടും പാപികളോടും അദ്ദേഹം കാണിച്ചിരുന്ന വിശാലമനസ്കതയും കാരുണ്യവും അദ്ദേഹത്തെ ആദരണീയനാക്കി. പല പ്രതിസന്ധികളെയും അദ്ദേഹം ക്ഷമയോടും ദീര്‍ഘവീക്ഷണത്തോടും നേരിട്ടു.
ഈ സമയത്താണ് സഭയില്‍ ആദ്യമായി ഒരു എതിര്‍പോപ്പ് (വിമതപാപ്പ) ഉണ്ടാകുന്നത്. അത് ഹിപ്പോളിറ്റസ് എന്ന പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന് വലിയൊരു അനുയായി സമൂഹമുണ്ടായിരുന്നു. അവര്‍ റോമില്‍ ഒരുമിച്ചുകൂടി കലിസ്റ്റസ് പാപ്പയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നു വിധിയെഴുതുകയും പകരം, ഹിപ്പോളിറ്റസിനെ പുതിയ പാപ്പയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തെയും കലിസ്റ്റസ് പാപ്പ സമാധാനപൂര്‍വം നേരിട്ടു. അവരെ ദ്വേഷിക്കാനോ, ശിക്ഷിക്കാനോ തുനിഞ്ഞില്ല. അവരോട് സഹോദരസ്നേഹത്തോടെ പെരുമാറി.
അന്ന് നിലവിലിരുന്ന അപക്വവും വികൃതവുമായിരുന്ന ചില തപശ്ചര്യകളും പരിഹാരാനുഷ്ഠാനങ്ങളും പാപ്പ നവീകരിച്ചു. ആത്മാര്‍ഥമായി അനുതപിക്കുന്ന വ്യഭിചാരികള്‍ക്കുപോലും പാപമോചനം നിഷേധിക്കാന്‍ പാടില്ല എന്ന കൽപന പുറപ്പെടുവിച്ചു. സമൂഹത്തിലെ അടിത്തട്ടില്‍നിന്നും മുളയെടുത്തുവളര്‍ന്ന ആ അടിമ പില്‍ക്കാലത്ത് പാപ്പ ആയപ്പോള്‍ തന്റെ മുന്‍ഗാമികളെപ്പോലെ രക്തസാക്ഷിത്വമകുടം ചൂടി. പാപ്പയെ ഗദകള്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ശവശരീരം ഒരു കിണറ്റിലെറിഞ്ഞു. അവിടെയാണ് ഇന്നുകാണുന്ന ‘സാന്ത മരിയ ട്രാസ്തിവേരെ’ സ്ഥിതിചെയ്യുന്നത്.
വിചിന്തനം: ദൈവവചനങ്ങള്‍ ശ്രദ്ധിക്കുക. അവ ഹൃദയത്തെ ഉജ്വലിപ്പിക്കുകയും മനസ്സിനെ പ്രകാശിപ്പിക്കുകയും നിരവധിയായ ആശ്വാസങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഇതരവിശുദ്ധര്‍ അങ്കദ്രോസിമാ (+625)/ ബര്‍ണാര്‍ദ്ദ് (ഒമ്പതാം നൂറ്റാണ്ട്)/ ബുര്‍കസ്‌കാര്‍ഡ് (+754) വുള്‍സബര്‍ഗ്ഗിലെ മെത്രാന്‍/ ഡോമിനിക്ക് (995-1060)/ കാര്‍പോണിയൂസ് (+308)/ ഡോണേഷ്യന്‍ (+390) റിംസിലെ മെത്രാന്‍/ ഫോര്‍ത്തുനാത്തൂസ് (+537) റ്റോഡിയിലെ മെത്രാന്‍/ റസ്റ്റീത്തൂസ് (+574) ടയറിലെ മെത്രാന്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍



