ഒക്ടോബര്‍ 16: വാ. തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ (1891-1973)

1891 ഏപ്രില്‍ ഒന്നാം തീയതി രാമപുരത്തെ തേവര്‍പറമ്പില്‍ വീട്ടില്‍ ഐപ്പ് – ഏലിശ്വാ ദമ്പതികളുടെ മക്കളില്‍ ഏറ്റം ഇളയവനായി കുഞ്ഞച്ചന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സെന്റ് എഫ്രേം ഹൈസ്‌കൂളിലാണ് അഗസ്റ്റിന്‍ പഠിച്ചത്. ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കെല്ലാം മാതൃകയായി വര്‍ത്തിച്ചു. മരിയഭക്തനായിരുന്നതിനാല്‍ സൊഡാലിറ്റിയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. ദിവ്യകാരുണ്യഭക്തിയിലും അഗസ്റ്റിന്‍ മുമ്പന്തിയിലായിരുന്നു.

1913 -ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം സെമിനാരിയില്‍ പ്രവേശിച്ചു. ചങ്ങനാശ്ശേരിയിലായിരുന്നു മൈനര്‍ സെമിനാരി. മൈനര്‍ സെമിനാരിയിലെ പഠനം പൂര്‍ത്തിയാക്കി 1915 -ല്‍ പുത്തന്‍പള്ളിയിലേ മേജര്‍ സെമിനാരിയില്‍ പഠനം തുടര്‍ന്നു. ദൈവദാസാരായ അവുറേലിയന്‍, സഖറിയാസ് എന്നീ അച്ചന്മാര്‍ അഗസ്റ്ന്റെ ഗുരുക്കന്മാരായിരുന്നു. സഹപാഠികള്‍ അഗസ്റ്റിനെ കണ്ടത് പ്രാര്‍ഥനയുടെ മനുഷ്യനായിട്ടാണ്. ദിവ്യകാരുണ്യസന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് എല്ലാവര്‍ക്കുംവേണ്ടി പ്രാർഥിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

1921 ഡിസംബര്‍ 21 -ന് മാര്‍ തോമസ് കുര്യാളശ്ശേരി അഗസ്റ്റിനു വൈദികപട്ടം നല്‍കി. സ്വന്തം ഇടവകയായ രാമപുരം പള്ളിയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. അവിടെത്തന്നെ ബ. കോക്കാട്ടച്ചന്റെ സഹായിയായി പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു. 1923 മുതല്‍ കടനാടുപള്ളിയില്‍ ശുശ്രൂഷ നടത്തി. വീണ്ടും രാമപുരത്തേക്കു മടങ്ങിയ അഗസ്റ്റിനച്ചന്‍ ഹരിജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായി. അവര്‍ക്കുവേണ്ടി ബ. ഹിലാരിയോസച്ചന്‍ രാമപുരത്തു നടത്തിയ ധ്യാനത്തിലൂടെ ഇരുനൂറോളംപേര്‍ ക്രൈസ്തവരായി. അവരെ ഉദ്ധരിച്ച് വളര്‍ത്താന്‍ കുഞ്ഞച്ചന്‍ രാപ്പകല്‍ അധ്വാനിച്ചു.

ദരിദ്രരോട് സുവിശേഷമറിയിക്കാന്‍ വന്ന ഈശോയുടെ യഥാര്‍ഥ ശിഷ്യനായി കുഞ്ഞച്ചന്‍ പ്രവര്‍ത്തനനിരതനായി. കുമ്പസാരം കേള്‍ക്കാനും നല്ലമരണത്തിന് ആളുകളെ ഒരുക്കാനും അദ്ദേഹം തല്‍പരനായിരുന്നു. താന്‍ ശുശ്രൂഷിച്ചിരുന്ന ആളുകള്‍ക്കുതുല്യം ജീവിക്കാനാണ് കുഞ്ഞച്ചന്‍ ആഗ്രഹിച്ചത്. കഠിനാധ്വാനവും തുച്ഛമായ ആഹാരരീതിയും കുഞ്ഞച്ചനെ രോഗിയാക്കി. 1961 -ല്‍ അദ്ദേഹത്തെ രാമപുരത്തും പിന്നീട് മേരിഗിരിയിലും ചികിത്സിച്ചു. രോഗാവസ്ഥയിലും ധ്യാനം, പ്രാര്‍ഥന ഇവയൊന്നും അദ്ദേഹം മുടക്കിയിരുന്നില്ല. ഹരിജനങ്ങള്‍, രോഗിയായ തങ്ങളുടെ ഇടയനെ കൂടെക്കൂടെ സന്ദര്‍ശിച്ചിരുന്നു.

1973 ഒക്ടോബര്‍ 16 -ാം തീയതി അദ്ദേഹത്തിന്റെ പാവനാത്മാവ് സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു. അടുത്ത ദിവസം രാമപുരം പള്ളിയില്‍ സംസ്‌കാരകര്‍മ്മം നടന്നു. ചരമപ്രസംഗം സമാപിപ്പിച്ചുകൊണ്ട് ബ. വലേരിയന്‍ സി.എം.ഐ. അച്ചന്‍ പറഞ്ഞു: “ഒരു വിശുദ്ധന്റെ സംസ്‌കാരശുശ്രൂഷയില്‍ നാം പങ്കെടുക്കുകയാണ്. സ്വര്‍ഗത്തില്‍ നമുക്കൊരു മധ്യസ്ഥനെകൂടി കിട്ടി.”

വിചിന്തനം: ചിലര്‍ ദൈവത്തെ അഗാധമായി സ്നേഹിച്ചു; തന്നിമിത്തം ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കുകയും അത്ഭുതാവഹമാംവിധം സംസാരിക്കുകയുംചെയ്തു.

ഇതരവിശുദ്ധര്‍: ഹെഡ്വിഗ് (1174-1243)/ അംബ്രോസ് (+752) കോഹോഴ്സ്മെത്രാന്‍/ ബാള്‍ഡെറിക് (ഏഴാം നൂറ്റാണ്ട്)/ വി. ജരാര്‍ദ്ദ് മജെല്ലോ (1726)/ ബാള്‍ഡ്വിന്‍ (+680)/ ലാവോണിലെ ആര്‍ച്ചുഡീക്കന്‍ ബര്‍ട്രന്റ (+1123)/ഇലിഫ്യൂസ് (+362)ഐറിഷ് രക്തസാക്ഷി/ജൂനിയന്‍ (അഞ്ചാം നൂറ്റാണ്ട്) ബര്‍ക്കാരിയൂസ്(+696)/ ലുല്‍(710-787) ബനഡിക്ടൈന്‍ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.