ഒക്ടോബര്‍ 21: വി. ഉര്‍സുലാ

ഉര്‍സുലായെയും അവളുടെ സഹചാരിണികളായ കന്യകമാരെയുംകുറിച്ച് പറയപ്പെടുന്ന കഥകള്‍ ഐതിഹാസികമാണ്. അത് ഇപ്രകാരമാണ്: നാലാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു രാജകുടുബത്തില്‍ ജനിച്ച ഉര്‍സുലായെ അവളുടെ പിതാവ് അക്രൈസ്തവനായ ഒരു രാജാവിന് വിവാഹം ചെയ്തുകൊടുക്കാന്‍ നിശ്ചയിച്ചു. കന്യകാവ്രതം നേര്‍ന്നിരുന്ന ആ രാജകുമാരിയാകട്ടെ, വിവാഹത്തിന് മൂന്നുവര്‍ഷം കാലാവധിവാങ്ങി തന്റെ പ്രിയസുഹൃത്തുക്കളായ പത്തു കന്യകമാരോടും അനേകം പരിചാരികമാരോടുംകൂടി 11 കപ്പലുകളില്‍ സമുദ്രയാത്രയ്ക്കു പുറപ്പെട്ടു.

അവര്‍ സമുദ്രത്തില്‍ അങ്ങുമിങ്ങും ബഹുദൂരം സഞ്ചരിച്ചു. മൂന്നുവര്‍ഷം പൂര്‍ത്തിയാകാറായപ്പോള്‍ ഒരുദിവസം കപ്പലുകള്‍ ഒരു കൊടുങ്കാറ്റിലകപ്പെട്ട് ചുറ്റിത്തിരിഞ്ഞ് റൈന്‍ നദീമുഖത്തെത്തി. അവിടെനിന്ന് കൊളോണിലേക്കും പിന്നീട് ബേലിലേക്കും നീങ്ങി. ബേലില്‍ സുരക്ഷിതമായ ഒരു തുറമുഖം കണ്ടപ്പോള്‍ അവര്‍ കപ്പലുകളില്‍നിന്നും കരയ്ക്കിറങ്ങി. ആൽപ്സ് പര്‍വതം തരണംചെയ്ത് റോമില്‍ചെന്ന് അപ്പസ്തോലന്മാരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചു പ്രാർഥിച്ചു. ആ വഴിയിലൂടെത്തന്നെ മടങ്ങി കൊളോണിലെത്തി.

ആ അവസരത്തില്‍ ക്രിസ്ത്യാനികളോട് കടുത്ത വിദ്വേഷം പുലര്‍ത്തിയിരുന്ന ഹൂണന്മാരുടെ കൈകളില്‍ അവര്‍ അകപ്പെട്ടു. സൈന്യാധിപന്‍ ഉര്‍സുലായുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വിവാഹത്തിനു സമ്മതിക്കുകവഴിയായി വേണമെങ്കില്‍ അവള്‍ക്കും സഹചാരിണികള്‍ക്കും ജീവരക്ഷ നേടാന്‍കഴിയുമായിരുന്നു. എന്നാല്‍ അവള്‍ അതിനു തയ്യാറാകാതെ ഇപ്രകാരം പറഞ്ഞു: “ഞാന്‍ ക്രിസ്തുവിന്റെ മണവാട്ടിയാണ്; ചാരിത്ര്യഭംഗത്തേക്കാള്‍ മരണമാണ് ഞാന്‍ ഇഷ്ടെപ്പടുന്നത്.”

ക്രുദ്ധനായ സൈന്യാധിപന്‍ ഉടനെ അവളെയും കൂട്ടുകാരികളെയും നിര്‍ദയം കൊലപ്പെടുത്തി. ക്രിസ്ത്യാനികള്‍ ആ കന്യകമാരുടെ മൃതദേഹങ്ങള്‍ യഥാവിധി സംസ്‌കരിക്കുകയും അവരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി അവിടെ ഒരു ദൈവാലയം പണിയുകയുംചെയ്തു.

വിചിന്തനം: എല്ലാം ക്ഷണികമാണ്. ഇന്ന് ഇവിടെയുള്ള ഞാന്‍ നാളെ ഇവിടെയുണ്ടാവില്ലെന്നുള്ള ബോധ്യം എപ്പോഴും ഹൃദയത്തിലുണ്ടാവണം.

ഇതരവിശുദ്ധര്‍: അസ്തേരിയൂസ് (+223) റോമന്‍ പുരോഹിതന്‍/ ബെര്‍ത്തോള്‍ഡ് (+1111)/ സിലീനിയാ (+458)/ വാഴ്ത്ത. ജോസഫിന്‍ ലെറോവ (1745-1774)/ ദാസിയൂസ് (+303)/മിയാറ്റേര്‍ (+390) ഗാസ്പാര്‍ (1786-1837)/ അഗാത്തോ (നാലാം നൂറ്റാണ്ട്)/ മൗരോന്തൂസ്(+804)/ ഉര്‍സുല.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.