ഒക്ടോബര്‍ 20: വി. അക്കാ

നോര്‍ത്തബ്രായിലായിരുന്നു വി. അക്കായുടെ ജനനം. ചെറുപ്രായത്തില്‍തന്നെ അദ്ദേഹം സ്വഗൃഹം വിട്ട് ഇംഗ്ലണ്ടിലെ യോര്‍ക്ക് മേഖലയിലെ ഡയറായുടെ മെത്രാനായിരുന്ന ബോസായോടൊപ്പം താമസമാരംഭിച്ചു. അദ്ദേഹമാണ് വി. അക്കായ്ക്കുവേണ്ട വിദ്യാഭ്യാസം നല്‍കിയത്.

ബോസായുടെ ശിക്ഷണവും പ്രവര്‍ത്തനശൈലിയും അക്കായുടെ ജീവിതത്തില്‍ ഗണ്യമായ സ്വാധീനംചെലുത്തി. ഹെക്സാമിലെ മെത്രാനായിരുന്ന വി. വില്‍ഫ്രിഡും യഥാകാലം അക്കായ്ക്കു മാര്‍ഗദര്‍ശനം നല്‍കി. സന്യാസജീവിതം തെരഞ്ഞെടുത്ത അക്കാ, ഭക്തിയും വിശുദ്ധിയുംകൊണ്ട് സകലരുടെയും സ്നേഹബഹുമാനങ്ങള്‍ക്കു പാത്രമായി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഹെക്സാമില്‍ വി. അന്ത്രയോസിന്റെ നാമധേയത്തിലുള്ള ആശ്രമത്തിന്റെ അധിപനായും പിന്നീട് വില്‍ഫ്രിഡിന്റെ അനന്തരഗാമിയായും തിരഞ്ഞെടുക്കെപ്പട്ടു.

ഒരു അജപാലകന്‍ എന്നനിലയില്‍ അക്കാ തുടര്‍ന്നുപോന്ന നയം ഏറ്റവും അനുകരണീയമാണ്. സഭാനിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ തനിക്കും മറ്റുള്ളവര്‍ക്കും ഒട്ടുംതന്നെ ഒഴിവ് നല്‍കിയിരുന്നില്ല. സ്മരണീയരായ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങളും സ്മാരകങ്ങളും ഭക്തിപൂര്‍വം സൂക്ഷിക്കുന്നതിന് എപ്പോഴും ജാഗ്രതപുലര്‍ത്തിപ്പോന്നു. വേദപഠിതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഉദാരമായ പ്രോത്സാഹനം നല്‍കി. റോമന്‍ സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായ സ്തോത്രഗീതങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇംഗ്ലണ്ടിലെ സഭയുടെ ഔദ്യോഗിക ആരാധനാക്രമം നവീകരിച്ചു.

ജീവിതസായാഹ്നത്തില്‍ അക്കാ കുറേക്കാലം രാജ്യഭ്രഷ്ടനായി കഴിഞ്ഞുകൂടി. 740 -ല്‍ അദ്ദേഹം മരണമടഞ്ഞു. ഹെക്സാമിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

വിചിന്തനം: ലോകത്തില്‍ ക്ലേശിതനാകുക എന്നുവച്ചാല്‍, ദൈവവും സ്വന്തകര്‍ത്തവ്യവും രക്ഷയുമൊഴികെ സകലതില്‍നിന്നും അകന്നിരിക്കുക എന്നാണ്

ഇതരവിശുദ്ധര്‍: ബര്‍ട്ടില്ലാ ബോസ്‌കാര്‍ഡിന്‍ (1888-1922)/ അഡൊറാള്‍ഡ് (+1004) ട്രെയെസ്സിലെ ആര്‍ച്ചുഡീക്കന്‍/ അഡെലീനാ (+1125)/ അര്‍ട്രേമിയൂസ് (+363)/ സര്‍സബ് (+342) പേഴ്സ്യന്‍ ആബട്ട്/ വിറ്റാലിസ് (+745)/ മര്‍ത്താ രക്തസാക്ഷിയായ കന്യക/ ഇറിന്‍ (635-653).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.