ഒക്ടോബര്‍ 31: വി. ക്വിന്റിന്‍

റോമിലെ ഒരു സെനറ്റ് കുടുംബത്തില്‍ മൂന്നാം നൂറ്റാണ്ടില്‍ വി. ക്വിന്റിന്‍ ജനിച്ചു. ദൈവസ്നേഹത്താല്‍ ജ്വലിച്ച അദ്ദേഹം സുവിശേഷപ്രചരണത്തിനായി ജീവിതം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ വി. ലൂസിയനോടൊപ്പം ക്വിന്റില്‍, ഗോളിലേക്കു യാത്രയായി. നിരവധിയായി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് അവര്‍ അവിടെ സുവിശേഷം പ്രസംഗിച്ചു. അവരുടെ ജീവിതവിശുദ്ധിയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായി അനേകര്‍ ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നു. പിന്നീട് അവര്‍ പിക്കാര്‍ഡിയായിലേക്കു പോയി. അവിടെ കുറേനാള്‍ സുവിശേഷം പ്രസംഗിച്ചശേഷം ലൂസിയന്‍ പ്രേഷിതപ്രവര്‍ത്തനത്തിനായി മറ്റൊരിടത്തേക്കു പോയി. അവിടെവച്ച് അദ്ദേഹം രക്തസാക്ഷിയായി.

അപ്പോഴും ക്വിന്റിന്‍ അമിയെന്‍സില്‍ തന്നെ തന്റെ സുവിശേഷദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവിടെയും അനേകര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ക്രൈസ്തവമതം സ്വീകരിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായ ഭരണാധികാരി അധികം വൈകാതെതന്നെ ക്വിന്റിനെ അറസ്റ്റ് ചെയ്തു. ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുന്നതിനായി അധികാരി അദ്ദേഹത്തിന് പല വാഗ്ദാനങ്ങളും നല്‍കി. വാഗ്ദാനങ്ങളും ഭീഷണികളും അദ്ദേഹത്തിന്റെ വിശ്വാസത്തെ തെല്ലും പിന്നോട്ടുനയിക്കുന്നില്ല എന്നുകണ്ട അധികാരി ക്വിന്റിനെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കി.

അദ്ദേഹത്തിന്റെ കൈകാലുകളിലെ നഖങ്ങള്‍ക്കിടയില്‍ ആണികള്‍ അടിച്ചുതാഴ്ത്തി. പിന്നീട് തലയോട്ടിയിലും ആണി തറച്ചു. ഇതൊന്നും അദ്ദേഹത്തെ തെല്ലും അസ്വസ്ഥനാക്കുന്നില്ല എന്നുകണ്ട പീഡകര്‍ അദ്ദേഹത്തിന്റെ കഴുത്തുമുതല്‍ തുടവരെയുള്ള തോലുരിഞ്ഞു. അവസാനം വിശുദ്ധന്റെ തല വെട്ടിമാറ്റി. 287 -ലായിരുന്നു വി. ക്വിന്റില്‍ രക്തസാക്ഷിയായത്.

വിചിന്തനം: ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട, മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിലെറിയാന്‍ കഴിവുള്ളവനെ ഭയപ്പെടുവിന്‍ (മത്തായി 10:28).

ഇതരവിശുദ്ധര്‍: അന്റോണിനൂസ് (+600) മിലാനിലെ മെത്രാപ്പോലീത്താ/ ബേഗാ (+681) ഐറിഷ് കന്യക/ എര്‍ത്ത് (ആറാം നൂറ്റാണ്ട്)/ അര്‍നള്‍ഫ് (+840) രക്തസാക്ഷി/ നോത്സുര്‍ഗാ-ബനഡിക്റ്റൈന്‍ സന്യാസിനി/  അബയ്ദാസ്/ വോള്‍ഫ് ഗാങ്ങ് (+994) മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.