ഒക്ടോബര്‍ 29: വി. ഗേത്താനോ എറീക്കോ (1791-1860)

1791 ഒക്ടോബര്‍ 19-ന് ഇറ്റലിയിലെ നേപ്പിള്‍സിനു വടക്കുള്ള സെക്കോണ്ടിഗ്ലിയാനോയിലാണ് ഗേത്താനോ ജനിച്ചത്. അദ്ദേഹത്തിന് ഉത്തമമായ ക്രൈസ്തവ ജീവിതപരിശീലനമാണ് മാതാപിതാക്കള്‍ നല്‍കിയത്. പൗരോഹിത്യത്തോടും സന്യാസത്തോടുമുള്ള ആഗ്രഹം 14-ാമത്തെ വയസ്സില്‍ ഗേത്താനോയ്ക്ക് അനുഭവപ്പെട്ടു. ഗേത്താനോയ്ക്ക് ദിവ്യരക്ഷക സഭയും കപ്പൂച്ചിന്‍ സഭയും ഇഷ്ടമായിരുന്നു. പക്ഷേ, രണ്ടു സഭകളും പ്രായക്കുറവ് പരിഗണിച്ച് അദ്ദേഹത്തെ സ്വീകരിച്ചില്ല.

16-ാമത്തെ വയസില്‍ നേപ്പിള്‍സിലെ അതിരൂപതാ സെമിനാരിയില്‍ സ്വീകൃതനാവുകയും 1808-ല്‍ പഠനമാരംഭിക്കുകയും ചെയ്തു. കുടുംബത്തിന്റെ ധനസ്ഥിതി മോശമായിരുന്നതിനാല്‍ സെമിനാരിയിലെ ബോര്‍ഡിംഗില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അനുദിനം 8 കിലോമീറ്റര്‍ നടന്നാണ് സെമിനാരിയിലേയ്ക്കു ഗേത്താനോ പോയിരുന്നത്.

1815 സെപ്തംബര്‍ 23-ന് നേപ്പിള്‍സിലെ വി. റെസ്റ്റീത്തൂത്തായുടെ കപ്പേളയില്‍ വച്ച് കര്‍ദ്ദിനാള്‍ റഫോസില്ലാ അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്തു. താമസിയാതെ അധ്യാപകനായി നിയമിക്കപ്പെട്ടു.

1818-ല്‍ ഗേത്താനോയുടെ ജീവിതത്തെ ആകമാനം മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ഒരു പുതിയ സന്യാസ സഭയ്ക്കു രൂപം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് വി. അല്‍ഫോന്‍സ് ലിഗോരി അദ്ദേഹത്തിനു പ്രത്യക്ഷെപ്പട്ടു. വ്യാകുലമാതാവിന്റെ മഹിമയ്ക്കായി സെക്കേമണ്ടിഗ്ലിയാനോയില്‍ ഒരു പള്ളി പണിയണമെന്ന് അദ്ദേഹത്തിനു നിര്‍ദ്ദേശം കിട്ടി.

തങ്ങളുടെ ചെറിയ ഗ്രാമത്തില്‍ വ്യാകുലമാതാവിന്റെ മഹിമയ്ക്കായി ഒരു പള്ളിയുണ്ടാകാന്‍ ദൈവം ആഗ്രഹിക്കുന്ന വാര്‍ത്തയറിഞ്ഞ സെക്കേമണ്ടിഗ്ലിയാനോയിലേ ജനങ്ങള്‍ അത്യധികം സന്തോഷിച്ചു. എങ്കിലും ഒരുകൂട്ടം ആളുകള്‍ എതിര്‍ത്തുനിന്നു. എന്നാല്‍, എതിര്‍പ്പുകളെ വിഗണിച്ചുകൊണ്ട് ലക്ഷ്യപ്രാപ്തിക്കായി ഗേത്താനോ യത്നിച്ചു. 1830 ഡിസംബര്‍ 9-ന് പൂര്‍ത്തിയായ ദൈവാലയം ആശീര്‍വദിക്കെപ്പട്ടു.

1836 മാര്‍ച്ച് 14-ന് പുതിയ സന്യാസ സഭയും നിയമാവലിയും അംഗീകൃതമായി. ഒക്ടോബറില്‍ എട്ട് അര്‍ത്ഥികളുമായി നവസന്യാസം ആരംഭിച്ചു. 1846 ആഗസ്റ്റ് 7-ന് പുതിയ സന്യാസ സഭയും നിയമാവലിയും അംഗീകരിച്ച് അപ്പസ്തോലിക ഉത്തരവ് പുറെപ്പടുവിച്ചു. പ്രഥമ സുപ്പീര്യര്‍ ജനറലായി ഗേത്താനോ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസംഗിക്കാനോ കുമ്പസാരിപ്പിക്കാനോ ഈശോയുടെ തിരുശരീര-രക്തങ്ങള്‍ പരികര്‍മ്മം ചെയ്യാനോ വേണ്ടി എത്രമാത്രം യാത്ര ചെയ്യാനും അദ്ദേഹം സന്നദ്ധനായിരുന്നു. പിതാവായ ദൈവത്തിന്റെ സ്നേഹത്തെ അനുസ്മരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാന്ത്വനവും സാന്നിധ്യവും. തന്നിമിത്തം ഒരു വിശുദ്ധന്‍ എന്ന് ജനങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു.

69-ാമത്തെ വയസ്സില്‍ 1860 ഒക്ടോബര്‍ 29-ന് അദ്ദേഹം സ്വര്‍ഗ്ഗത്തിലേയ്ക്കു യാത്രയായി. 2002 ഏപ്രില്‍ 14-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ഗേത്താനോയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

വിചിന്തനം: നീ ദൈവവചനം ശ്രവിക്കുക, എങ്കില്‍ മനുഷ്യരുടെ പതിനായിരം വാക്കുകള്‍ നിന്നെ തെല്ലും കുലുക്കുകയില്ല.

ഇതരവിശുദ്ധര്‍: നാര്‍സിസ്സസ് (106-222)/ ആന്‍ (+820)/ ബോണ്ട് (ഏഴാം നൂറ്റാണ്ട്)/ കോള്‍മന്‍ (+632) അയര്‍ലണ്ട്/ ടെറെന്‍സ് (+520) മെറ്റ്സിലെ മെത്രാന്‍/ഡൊണാത്തൂസ്/ ഗുബിയോയിലെ വാഴ്ത്തപ്പെട്ട പീറ്റര്‍/ യൂസേിയാ (മൂന്നാം നൂറ്റാണ്ട്)/ സെനോസിയൂസ് (+310)/ തിയഡോര്‍ (+575)/ എമെര്‍ലിഡാ (+595) ബല്‍ജിയന്‍ സന്യാസി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.