ഒക്ടോബര്‍ 28: വി. യൂദാ തദേവൂസ്

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ എന്നറിയെടുന്ന വി. യൂദാ തദേവൂസ്, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരില്‍ ഒരാളാണ്. വി. യൗസേപ്പിതാവിന്റെ സഹോദരനായ ക്ലെയോഫാസ് വിവാഹംകഴിച്ചത് പരിശുദ്ധ അമ്മയുടെ ചാര്‍ച്ചക്കാരിയായിരുന്ന മറിയത്തെയാണ്. ഈ ദമ്പതികളുടെ മകനാണ് യൂദാ തദേവൂസ് എന്നു വിശ്വസിക്കുന്നു.

വിശുദ്ധന്റെ ചെറുപ്പകാലത്തെക്കുറിച്ച് നമുക്ക് അധിമൊന്നും അറിയില്ലെങ്കിലും, അദ്ദേഹത്തിന് തന്റെ ബന്ധുക്കളായ ഈശോയോടും മറിയത്തോടും അടുത്തു പെരുമാറാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടാവണം. എന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായി ക്രിസ്തു യൂദായെ തെരഞ്ഞെടുത്തതു മുതല്‍ സകലതും ഉപേക്ഷിച്ച് ക്രിസ്തുവിനോടൊപ്പം വ്യാപരിക്കുന്നതായാണ് കാണുന്നത്.

പെന്തക്കുസ്തായ്ക്കുശേഷം വിശുദ്ധന്‍ സുവിശേഷം പ്രസംഗിക്കുന്നതിനായി എദേസായിലേക്കു പോയി. അവിടുത്തെ രാജാവിനെയും പ്രജകളെയും സത്യവിശ്വാസത്തിലേക്ക് ആനയിച്ചതിനുശേഷം വിശുദ്ധന്‍ മെസൊപ്പൊട്ടോമിയായിലേക്കു പോയി. അതിനുശേഷം ലിബിയായില്‍ചെന്ന് ശിമയോനോടൊപ്പം പ്രേഷിതവേല നിര്‍വഹിച്ചു.

പിന്നീട് അദ്ദേഹം എത്തിയത് പേര്‍ഷ്യയിലായിരുന്നു. അവിടെ അദ്ദേഹത്തിന് ധാരാളം പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായിവന്നു. വിഗ്രഹാരാധനയും ദുരാചാരങ്ങളും അസന്മാര്‍ഗ്ഗികതയും ഹൃദയങ്ങളില്‍ ഉറച്ചിരുന്ന ഒരു ജനതയായിരുന്നു അവിടുത്തേത്. വിവാഹത്തിന്റെ പരിപാവനബന്ധത്തെക്കുറിച്ച് അവര്‍ കേട്ടിട്ടേയില്ല. മരിച്ചവരെ ഉചിതമായി സംസ്‌കരിക്കാതെ വന്യമൃഗങ്ങള്‍ക്ക് ഇരയായിനല്‍കും. തങ്ങളുടെ കുഞ്ഞുങ്ങളെ ദേവന്മാര്‍ക്ക് കുരുതികൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായിരുന്നു അവര്‍. ഇവരുടെയിടയില്‍ യൂദാ സഹിക്കേണ്ടിവന്ന യാതനകള്‍ ഊഹിക്കാവുന്നതിലുമപ്പുറമാണ്. അവിടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധന് ശത്രുക്കള്‍ ധാരാളമായിരുന്നു. ഈ ശത്രുത അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു കാരണമായി. അദ്ദേഹത്തെ അവര്‍ ഗദകൊണ്ട് അടിക്കുകയും അവസാനം തലവെട്ടി വധിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം.

വിചിന്തനം: നീ അപരാധിയാണെങ്കില്‍, നിന്നെ നന്നാക്കാന്‍ സന്തോഷപൂര്‍വം യത്നിക്കുക. മനഃസാക്ഷി നിന്നെ കുറ്റെപ്പടുത്തുന്നില്ലെങ്കില്‍ ആരോപണങ്ങളെല്ലാം ദൈവത്തെപ്രതി സഹിക്കാന്‍ നീ ഒരുങ്ങുക.

ഇതരവിശുദ്ധര്‍ : അബ്രാഹം (ആറാം നൂറ്റാണ്ട്) എഫേസൂസിലെ മെത്രാപ്പോലീത്താ/ ആന്‍ഗ്ലിനൂസ് (+768) ബെല്‍ജിയം/ ഫാരോ (+675) മിയൂക്സിലെ മെത്രാന്‍/ ഗോഡ്വിന്‍ (+690) ആബട്ട്/ ഹൊണാരാത്തൂസ് (330-414) വെര്‍ച്ചില്ലിയിലെ ഹൊണാരാത്തൂസ്/ റെമിജിയൂസ് (+875) ലിയോണ്‍സിലെ മെത്രാപ്പോലീത്ത/ ഫിഡിലീസ് (+304)/ സാല്‍വിയൂസ് (ആറാം നൂറ്റാണ്ട്)/ ജോണ്‍ദാത് (1798)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.