ഒക്ടോബര്‍ 30: വി. അല്‍ഫോന്‍സ് റൊഡ്രിഗെസ് (1531-1617)

സ്പെയിനിലെ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കളില്‍ നിന്ന് 1531 ജൂലൈ 25 -ാം തീയതി അല്‍ഫോന്‍സ് ജനിച്ചു. അല്‍കാലായിലെയും വലെന്‍സിയായിലെയും സര്‍വകലാശാലകളില്‍ അധ്യയനം നടത്തി. പിതാവിന്റെ നിര്യാണത്തോടെ വിദ്യാഭ്യാസം നിര്‍ത്തി കുടുംബകാര്യങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു. കുടുംബകാര്യ വ്യഗ്രതകള്‍ക്കിടയിലും അനുദിനം ദിവ്യബലിയില്‍ സംബന്ധിക്കുകയും ഭക്തിപൂര്‍വം ജപമാല ചൊല്ലുകയും ചെയ്തിരുന്നു. പിന്നീട് അല്‍ഫോന്‍സ് വിവാഹംകഴിച്ചു. ഒരു കുട്ടി ജനിച്ചെങ്കിലും താമസിയാതെ അമ്മയും കുഞ്ഞും മരിച്ചു. മറ്റൊരു വിവാഹം ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചില്ല.

ദിവ്യകാരുണ്യനാഥനോടുള്ള അതീവസ്നേഹം നിമിത്തം ഈശോസഭയില്‍ ചേരാൻ ആഗ്രഹിച്ചു. ഒരു അത്മായസഹോദരനായി ഈശോസഭയുടെ നൊവിഷ്യേറ്റില്‍ പ്രവേശനംലഭിച്ച അദ്ദേഹത്തിന് ആറുമാസത്തിനുശേഷം മജോര്‍ക്കായിലുള്ള മോണ്ടെഷന്‍ കോളജിലേക്ക് മാറ്റംകിട്ടി. അവിടെവച്ച് വ്രതവാഗ്ദാനം നടത്തി. അമ്പതുകൊല്ലം ആ കോളജില്‍ പോര്‍ട്ടര്‍ ജോലിചെയ്തു. ഒഴിവുസമയങ്ങളിലെല്ലാം ധ്യാനലീനനായി കഴിഞ്ഞു. ദിവ്യകാരുണ്യസന്നിധിയില്‍ പ്രാർഥിക്കുകയും നിരന്തരം ദൈവസാന്നിധ്യം പുലര്‍ത്തി ദൈവൈക്യത്തിലേക്കു വളരാന്‍ ശ്രമിക്കുകയുംചെയ്തു.

ഉന്നതപഠനമോ, ബിരുദങ്ങളോ ഇല്ലായിരുന്നെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്തിന്റെ പ്രകാശത്താല്‍ ദൈവശാസ്ത്രജ്ഞന്മാരും കാനന്‍ നിയമവിദ്യാര്‍ഥികളും താത്വികമായ പ്രശ്നങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. വി. പീറ്റര്‍ ക്ലേവര്‍പോലും അല്‍ഫോന്‍സ് റൊഡ്രിഗെസിന്റെ ഉപദേശമനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. വിശുദ്ധന്‍ എന്ന്  നാട്ടുകാര്‍ വിളിച്ചിരുന്ന അല്‍ഫോന്‍സ് 1617 ഒക്ടോബര്‍ 31 -ാം തീയതി ദിവംഗതനായി. 1888 -ല്‍ ലെയോ മാര്‍പാപ്പാ അല്‍ഫോന്‍സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിചിന്തനം: മനുഷ്യന്റെ സാക്ഷ്യം പലപ്പോഴും അബദ്ധമായിരിക്കും. എന്നാല്‍ ദൈവത്തിന്റെ വിധി സത്യമായി നിലനില്‍ക്കും. അത് ദുര്‍ബലപ്പെടുകയില്ല.

ഇതരവിശുദ്ധര്‍: മാര്‍സെല്ലൂസ് (+298) രക്തസാക്ഷി/ തെയോണെസ്തൂസ് (+425)/ ആര്‍ത്തെമാസ് (ഒന്നാം നൂറ്റാണ്ട്)/ വി. എഥെല്‍ നോത്ത്/ ഡൊറോത്തി (1336-1394)/ യൂട്രോപിയ (+253) ആഫ്രിക്കന്‍ രക്തസാക്ഷി/ സാച്ചര്‍ണിയൂസ് (+303) രക്തസാക്ഷി/ അരില്‍ഡാ-രക്തസാക്ഷിയായ കന്യക/ മാക്സിമൂസ് (+304) അപാമിയായിലെ രക്തസാക്ഷി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.