ഒക്ടോബര്‍ 27: വി. ഒധ്രാന്‍ (ഒട്ടെറാന്‍)

ആറാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ജനിച്ച ഒധ്രാന്‍, വി. കൊളുംബയോടൊത്ത് അയോണാ ദ്വീപിലേയ്ക്കു പോയ പന്ത്രണ്ടു സന്യാസിമാരില്‍ ഒരാളാണ്. ഐറീഷ് സന്യാസിമാര്‍ അയോണായില്‍ സ്ഥാപിച്ച സന്യാസാശ്രമത്തിന്റെ അധിപനായി അദ്ദേഹം കുറേക്കാലം സേവനമനുഷ്ഠിച്ചു.

ഒരുനാള്‍, തന്റെ മരണം അത്യാസന്നമായിരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഈ ദ്വീപില്‍ വച്ച് ദൈവരാജ്യത്തിലെ നിയമങ്ങള്‍ക്കു വിധേയമായി ജീവിതം നയിക്കുവാന്‍ പ്രതിജ്ഞ ചെയ്തവരില്‍ ആദ്യമായി മരിക്കുന്ന വ്യക്തി ഞാനായിരിക്കും.”

തന്റെ സുഹത്ത് മരിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ, അദ്ദേഹത്തിന് അന്തിമമായ അനുഗ്രഹങ്ങള്‍ നല്‍കിയതിനുശേഷം കൊളുംബ ആശ്രമാങ്കണത്തിലേയ്ക്കിറങ്ങി, അവിടെ ദുഃഖത്തോടുകൂടി ഉലാത്തിക്കൊണ്ടിരിക്കേ, ആകാശത്തിന്റെ ഉന്നതമേഖലയില്‍ അദ്ദേഹം വിചിത്രമായ ഒരു കാഴ്ച കണ്ടു. ശിഷ്യന്മാര്‍ അടുത്തുചെന്ന് ഗുരുവിന്റെ വിസ്മയഭാവത്തിനു കാരണമെന്താണെന്ന് ആരാഞ്ഞു. ഉടനെ അദ്ദേഹം പ്രതിവചിച്ചു: “അങ്ങു മുകളില്‍, ദൈവദൂതന്മാരും അശുദ്ധാത്മാക്കളും തമ്മില്‍ ഉഗ്രസമരം നടക്കുന്നതായി ഞാന്‍ കാണുന്നു. ദൈവദൂതന്മാര്‍ ഒധ്രാന്റെ ആത്മാവിനെ കൈക്കൊണ്ട് വിജയശ്രീലാളിതരായി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നു.” ആ നിമിഷത്തില്‍ തന്നെ ഒധ്രാന്റെ മരണം സംഭവിക്കുകയും ചെയ്തു.

പുണ്യചരിതനായ ഒധ്രാന്റെ ജീവിതമരണങ്ങള്‍ക്കു സാക്ഷ്യം വഹിച്ച അയോണാ ദ്വീപ് പിന്നീട് ഐറീഷ് സന്യാസിമാരുടെ പ്രേഷിതപ്രവര്‍ത്തനരംഗമായിത്തീര്‍ന്നു. ഐറീഷ് ജനത ഇന്നും ഒധ്രാനെ ആദരപൂര്‍വ്വം സ്മരിച്ചുപോരുന്നു.

വിചിന്തനം: നിന്റെ ഹൃദയം ദൈവത്തിന്റെ മുമ്പില്‍ തുറന്നുവയ്ക്കുക. മനുഷ്യരുടെ വഞ്ചനാത്മകമായ നാവില്‍നിന്ന് ഓടി അകന്നുകൊള്ളുക.

ഇതരവിശുദ്ധര്‍: ഫ്രൂമെന്‍സിയൂസ് (308-380)/ വി. അമല്‍ ബുര്‍ഗാ മൗബേജ്/ അബ്ബാന്‍(ആറാം നൂറ്റാണ്ട്)/ അബ്രാഹം (+367) ഈജിപ്റ്റ്/ കാപ്പിത്തോളിനാ(+304) കപ്പദോച്യ/എല്‍സ്ബാന്‍ (+540) നമാത്തിയൂസ്- ക്ലെര്‍മോണ്ടിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.