ഒക്ടോബര്‍ 12: വി. വില്‍ഫ്രഡ്

ഇംഗ്ലണ്ടും റോമുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തിയ വിശുദ്ധനാണ് വി. വില്‍ഫ്രഡ്. ഇദ്ദേഹം 634 -ല്‍ നോര്‍ത്തസര്‍ലന്റില്‍ ജനിച്ചു. ചെറുപ്പം മുതലേ ക്രൈസ്തവഭക്തിയില്‍ വളര്‍ന്നുവന്ന ഇദ്ദേഹം ലന്റിഡുഫാണ്‍ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവശാസ്ത്രം പഠിച്ചു. ഇംഗ്ലീഷ് തീയതിയിലുള്ള ദേവാലയകര്‍മ്മങ്ങളും ആചാരങ്ങളുമായിരുന്നു വിശുദ്ധന്‍ അഭ്യസിച്ചിരുന്നത്. എന്നാല്‍ റോമാസിംഹാസനത്തോടു യോജിക്കുന്ന ആചാരങ്ങളും കര്‍മ്മങ്ങളും അനുഷ്ഠിക്കാനാണ് വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ അവസരം കിട്ടിയപ്പോള്‍ വില്‍ഫ്രഡ് റോമിലേക്കു യാത്രയായി.

റോമില്‍നിന്നു തിരികെവന്ന വിശുദ്ധന്‍ ‘റിപ്പന്‍’ എന്ന സ്ഥലത്ത് റോമിന്റെ നിയമങ്ങള്‍ക്കനുസരണമായി വി. ബെനഡിക്ടിന്റെ സഭാക്രമങ്ങളനുസരിച്ച് ഒരു സന്യാസാശ്രമം സ്ഥാപിച്ചു. 664 -ല്‍ വില്‍ഫ്രഡിനെ ലിന്റിസുഫ്രാണിലെ മെത്രാനായി നിയമിച്ചു. അഞ്ചു വര്‍ഷത്തിനുശേഷം അദ്ദേഹം യോര്‍ക്കിലേക്ക് സ്ഥലംമാറ്റപ്പെട്ടു.

ഈ കാലഘട്ടങ്ങളില്‍ തന്റെ രൂപതയില്‍ നിരവധിയായ നവീകരണങ്ങള്‍ വിശുദ്ധന്‍ നടപ്പിലാക്കി. ഇവിടെ ദുഷ്ടരായിരുന്ന രാജാക്കന്മാരെയും ആര്‍ഭാടങ്ങളില്‍ മുഴുകിജീവിച്ചിരുന്ന വൈദികരെയും വിശ്വാസികളുടെ അബദ്ധസഞ്ചാരത്തെയും ശക്തമായി എതിര്‍ക്കേണ്ടിവന്നു. അതിനാല്‍ വിശുദ്ധനെ രണ്ടുതവണ നാടുകടത്തുകയും ഒരുതവണ കാരാഗൃഹത്തിലടക്കുകയും ചെയ്തു. നിരവധിയായ ഇത്തരം പീഡകള്‍ സഹിക്കേണ്ടിവന്നെങ്കിലും അന്തിമവിജയം വിശുദ്ധന്റേതുതന്നെയായിരുന്നു. ജാതിയുടെപേരില്‍ നീണ്ടകാലമായി നിലനിന്നിരുന്ന ദുരാചാരങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കാനും റോമാസിംഹാസനത്തിന് അധീനപ്പെട്ടുകൊണ്ട് സഭയെ നവീകരിക്കാനും വിശുദ്ധനു സാധിച്ചു. രണ്ടുതവണയായി വിശുദ്ധന്‍ നാടുകടത്തപ്പെട്ട അവസരങ്ങളില്‍ അവിടെയുണ്ടായിരുന്ന കാട്ടുജാതിക്കാരായ മനുഷ്യരെ ഇദ്ദേഹം മാനസാന്തരെപ്പടുത്തുകയും പുതിയ തൊഴിലുകള്‍ അഭ്യസിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ ജീവിതകാലത്തു നടത്തിയ മാനസാന്തരങ്ങള്‍ നിരവധിയാണ്.

909 ഒക്ടോബര്‍ 12 -ാം തീയതി കത്തോലിക്കാ തിരുസഭയെ അത്യധികം സ്നേഹിച്ചിരുന്ന വില്‍ഫ്രഡ് തന്റെ നിത്യകിരീടത്തിനായി മാലാഖാമാരാല്‍ സ്വര്‍ഗത്തിലേക്ക് ആനയിക്കെപ്പട്ടു.

വിചിന്തനം: സൃഷ്ടിവസ്തുക്കളോടുള്ള സ്നേഹത്തില്‍നിന്നു പിന്മാറി സ്വയം പരിപൂര്‍ണ്ണ ശൂന്യതയായിക്കാണാന്‍ നമുക്കു കഴിയുന്നെങ്കില്‍, ഉന്നത ദിവ്യവരങ്ങളോടുകൂടി ദൈവം നമ്മിലേക്കുവരും.

ഇതരവിശുദ്ധര്‍: അമിക്കൂസ് (+773)/ വി. എഡ്വിന്‍ (+600)/ ദോമനിനാ (+286)/ സെറാഫിനൂസ്(+1604)/ ഫിയാസ് (അഞ്ചാം നൂറ്റാണ്ട്)/ മൊണാസ്  മിലാനിലെ മെത്രാന്‍/ സാല്‍വിനൂസ് (+562) വെറോണായിലെ മെത്രാന്‍/ പന്താലൂസ്-രക്തസാക്ഷിയായ ബേസലിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.