ഒക്ടോബര്‍ 13: വി. എഡ്വേര്‍ഡ്

1002 -ലാണ് എഥേല്‍ഡ് രണ്ടാമന്‍ രാജാവിന്റെ മകനായ വി. എഡ്വേര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഒരു ശിശുവായിരിക്കുമ്പോള്‍തന്നെ ഇദ്ദേഹത്തിന്റെ അമ്മ എഡ്വേര്‍ഡിനെ ദൈവത്തിനായി കാഴ്ചവച്ചു. അമ്മയുടെ വാഗ്ദാനത്തെ നീതീകരിക്കുന്ന ജീവിതമായിരുന്നു എഡ്വേര്‍ഡ് ബാല്യംമുതലേ നയിച്ചിരുന്നത്. പ്രാര്‍ഥനയിലും പരിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുന്നതിന് വിശുദ്ധന്‍ അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്നു.

പതിമൂന്നാമത്തെ വയസ്സില്‍ സ്വരാജ്യത്തുനിന്ന് ബഹിഷ്‌കൃതനായ എഡ്വേര്‍ഡ്, ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിന്റെ രാജാവായി. എഡ്വേര്‍ഡ് രാജാവായശേഷം ബാല്യത്തില്‍ അദ്ദേഹത്തിലുണ്ടായിരുന്ന എളിമയും വിശുദ്ധിയും അഗതികളോടുള്ള കരുതലുമെല്ലാം ഒന്നുകൂടി തേജസ്സോടെ ശോഭിക്കാന്‍തുടങ്ങി. എഡ്വേര്‍ഡ് രാജ്യഭരണം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങള്‍ രാജ്യത്തെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. പകുതിയിലേറെ കൃഷിയിടങ്ങളും തരിശുഭൂമിയായി മാറി. എവിടെയുംഅസമാധാനം. എന്നാല്‍ ദൈവത്തിലാശ്രയിച്ചിരുന്ന എഡ്വേര്‍ഡ് രാജാവിന് ഇതൊന്നും തരണംചെയ്യാനാവാത്ത പ്രതിസന്ധികളായിരുന്നില്ല. എഡ്വേര്‍ഡിന്റെ ഭരണമികവും വിശുദ്ധിയും രാജ്യത്തെ ഐശ്വര്യസമൃദ്ധിയിലേക്ക് നയിച്ചുകൊണ്ടിരുന്നു. പ്രഭുക്കന്മാരെയും പ്രജകളെയും തൃപ്തിപ്പെടുത്തുന്നതിനായി എഡ്ഗീത എന്ന പ്രഭുകുമാരിയെ വിശുദ്ധന്‍ വിവാഹംകഴിച്ചെങ്കിലും രണ്ടുപേരും പരസ്പരസമ്മതത്തോടെ ബ്രഹ്മചര്യം പാലിച്ചു.

അഗതികളെയും രോഗികളെയും സ്നേഹിക്കുന്നതിനും കരുതുന്നതിനും വിശുദ്ധന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊട്ടാരവാതിലിലെത്തുന്ന ദരിദ്രരെയും രോഗികളെയും വിശുദ്ധന്‍ നേരില്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടതുനല്‍കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പല അവസരങ്ങളിലും ദൈവം വിശുദ്ധനിലൂടെ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനത്തേക്കാളും പ്രജകളെയാണ് വിശുദ്ധന്‍ സ്നേഹിച്ചിരുന്നത്.

ഒരിക്കല്‍ ഒരു ഭൃത്യന്‍ അദ്ദേഹത്തിന്റെ ഭണ്ഡാരത്തില്‍നിന്നും മൂന്നുപ്രാവശ്യം മോഷ്ടിക്കുന്നതായി വിശുദ്ധന്‍ കാണാനിടയായി. തന്നേക്കാളും പണത്തിന് ആവശ്യം അദ്ദേഹത്തിനാണെന്നുപറഞ്ഞ് ആ ഭൃത്യനെ എഡ്വേര്‍ഡ് വെറുതെവിടുകയാണ്  ചെയ്തത്.

അദ്ദേഹം തന്റെ രാജ്യത്തെ സമാധാനത്തോടെ ഇരുപത്തിനാലു വര്‍ഷം ഭരിച്ചു. ഈ കാലഘട്ടത്തില്‍ തകര്‍ന്നുകിടന്ന പല ദേവാലയങ്ങളും നവീകരിക്കുകയും പുതിയ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുംചെയ്തു. അവസാനമായി വിശുദ്ധന്‍ പണിത ദേവാലയം വെസ്റ്റുമിനിസ്റ്ററിലേതായിരുന്നു. ആ ദേവാലയത്തില്‍ തന്നെയാണ് വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യെപ്പട്ടത്. 1066 -ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിശുദ്ധന്റെ പൂജ്യശരീരം ഇന്നും അഴുകാതെ സജീവമായിത്തന്നെ സൂക്ഷിക്കെപ്പട്ടിരിക്കുന്നു.

വിചിന്തനം: എത്ര നിസ്സാരമായതാണെങ്കിലും ശരി, ഒരു വസ്തുവിനെ നാം അധികം സ്നേഹിച്ച് ആരാധിക്കുകയാണെങ്കില്‍ അത് പരമനന്മയില്‍ നിന്നു നമ്മെ അകറ്റി വഷളനാക്കിത്തീര്‍ക്കുന്നു.

ഇതരവിശുദ്ധര്‍: ബെര്‍ത്തോവാള്‍ഡ് (ഏഴാം നൂറ്റാണ്ട്) ആരാസിലെ മെത്രാന്‍/ വാഴ്ത്തട്ടെ അലെക്സാണ്‍ട്രീനാ ദ കോസ്താ (1904-1955)/ അന്ത്യോക്യയിലെ തിയോഫിലസ് (+181) അന്ത്യോക്യായിലെ മെത്രാന്‍/കാര്‍പുസ് (ഒന്നാം നൂറ്റാണ്ട്)/മൗരീസ് (1117-1191)/കോംഗാനു (എട്ടാം നൂറ്റാണ്ട്)/ഫൗസ്റ്റസ് (+304)/റോമുലൂസ് (+730).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.