ജൂലൈ 08: വിശുദ്ധ വിത്ത്ബര്‍ഗ

ഈസ്റ്റ് ആങ്കിള്‍സിലെ രാജാവിന്റെ അഞ്ചു പുത്രിമാരില്‍ ഏറ്റവും ഇളയവളായിരുന്നു വി. വിത്ത്ബര്‍ഗ (പുത്രിമാരെല്ലാം വിശുദ്ധരാണ്).

650 ലെ യുദ്ധത്തില്‍ പിതാവ് മരിച്ചതോടെ സന്യാസിനിയാകാന്‍ വിത്ത്ബര്‍ഗ തീരുമാനിച്ചു. അങ്ങനെ അവള്‍ ഈസ്റ്റ് ദര്‍ഹമിലേക്കുപോയി. അവിടെ ഒരു ദൈവാലയവും മഠവും സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 743 മാര്‍ച്ച് 17 ന് അവള്‍ മരിക്കുമ്പോഴും ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല.

വിത്ത്ബര്‍ഗയുടെ മൃതദേഹം സാധാരണ ചടങ്ങുകളോടെ ഈസ്റ്റ് ദര്‍ഹമില്‍ സംസ്‌കരിച്ചു. എന്നാല്‍ 55 വര്‍ഷം കഴിഞ്ഞ് ദൈവാലയത്തിനുള്ളിലേക്കു മാറ്റാനായി മൃതദേഹം കുഴിച്ചെടുത്തപ്പോള്‍ അത് അഴുകിയിരുന്നില്ല. 974 ല്‍ ഏലി ആബിയുടെ ആബട്ടായിരുന്ന ബ്രിത്ത്‌നോത്ത്, വിത്ത്ബര്‍ഗയുടെ ശരീരം ആബിയിലേക്ക് – അവളുടെ സഹോദരിമാരായിരുന്ന വി. എത്തേല്‍ഡ്രേഡ, വി. സെക്‌സ്ബര്‍ഗ എന്നിവരുടെ ശരീരങ്ങള്‍ക്കുസമീപത്തേക്കു മാറ്റി.

1106 ല്‍ എല്ലാ ശരീരങ്ങളും വീണ്ടും പുറത്തെടുത്ത് പുതിയ ദൈവാലയത്തിലെ പ്രധാന അള്‍ത്താരയ്ക്കു ചുവട്ടില്‍ സംസ്‌കരിച്ചു. ഈ അവസരത്തിലും വി. എത്തല്‍ഡ്രേഡയുടെയും വി. വിത്ത്ബര്‍ഗയുടെയും ശരീരങ്ങള്‍ അഴുകിയിരുന്നില്ല. വെസ്റ്റ് മിനിസ്റ്ററിലെ സന്യാസിയായിരുന്ന വാര്‍ണര്‍, ശരീരത്തിലെ കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും കാട്ടി ജനങ്ങളെ ഈ സത്യം ബോധ്യപ്പെടുത്തി.

നവീകരണകാലത്ത്, ഹെൻറി എട്ടാമന്‍ ചക്രവര്‍ത്തിയുടെ കൽപനപ്രകാരം വിശുദ്ധയുടെ ശരീരം നശിപ്പിക്കപ്പെട്ടു. ഇന്ന് ഇത് എവിടെയാണെന്ന് ഒരു സൂചനയുമില്ല.

വിചിന്തനം: ”ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി സകല ജഡീകസന്തോഷങ്ങളെയും ത്യജിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ ഏറ്റവും മാധുര്യമുള്ള ആശ്വാസം കണ്ടെത്തും.”

ഇതരവിശുദ്ധര്‍: അഡ്രിയന്‍ 3 (+885) / പ്രിസ്സില്ലാ / ജനോവായിലെ ആല്‍ബര്‍ട്ട് (+1239) സിസ്റ്റേഴ്‌സ്യന്‍ സന്യാസി / അര്‍നാള്‍ഡ് (+800) / അപ്പോളാനിയസ് (+326) ബെനെവെന്തോയിലെ മെത്രാന്‍ / മരിയ (1872-1900) ചൈനയിലെ രക്തസാക്ഷി/ റെയ്മണ്ഡ് (+1118) / ഗ്രിബാള്‍ഡ് (827-901) ബനഡിക്‌റ്റൈന്‍ ആബട്ട് / ഔസ്പീഷ്യസ് (+475) ടൗളിലെ മെത്രാന്‍ / അര്‍നള്‍ഫ് (1040- 1087) ബനഡിക്‌റ്റൈന്‍ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.