
ജറുസലേമിൽ നിന്നു വന്ന നിയമജ്‌ഞർ യേശുവിനെപ്പറ്റി പറയുന്നത്, അവന്‍ ‘പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചിനെ ബഹിഷ്‌ക്കരിക്കുന്നത്’ എന്നാണ്. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരിമായി പറഞ്ഞ്, ആരോപണങ്ങള്‍ നിരത്തി, മറ്റുള്ളവരെ നശിപ്പിക്കുന്ന വ്യക്തികള്‍ യേശുവിന്റെ കാലത്തെന്നതുപോലെ ഇന്നുമുണ്ട്. ദൈവപുത്രന് പിശാചുക്കളുടെ തലവനുമായാണ് ബന്ധം എന്നാണ് അവര്‍ ആരോപിക്കുന്നത്!
ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നമ്മളും നടത്താറില്ലേ? മറ്റുള്ളവരെ നശിപ്പിക്കാന്‍ വേണ്ടി വെറുതെ പറയുന്ന ചില വാക്കുകൾ അവരുടെ ജീവിതത്തില്‍ എന്തുമാത്രം ബുദ്ധിമുട്ടാണ് വരുത്തുന്നത് എന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം ആരോപണങ്ങള്‍ നമ്മെക്കുറിച്ച് കേള്‍ക്കുമ്പോള്‍ യേശുവിന്റെ മനോഭാവത്തോടെ അവയെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നും ധ്യാനിക്കേണ്ടതാണ്. “പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍ നിന്ന് മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും. അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.” ഈ വാക്യങ്ങള്‍ എക്കാലവും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ.
ഫാ. ജി. കടൂപ്പാറയിൽ MCBS




