സീറോ മലങ്കര ജൂലൈ 08 മത്തായി 16: 5-12 ഫരിസേയരും സദുക്കായരും

ഇന്നത്തെ സുവിശേഷ വായനയിൽ കടന്നുവരുന്ന, യേശുവിന്റെ കാലത്തെ യഹൂദമതത്തിലെ രണ്ട് പ്രബലവിഭാഗങ്ങളാണ് ഫരിസേയരും സദുക്കായരും. “ഫരിസയോസ്” (Φαρισαῖος) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം “വേർതിരിക്കപ്പെട്ടവൻ” എന്നാണ്. പുറജാതികളിൽ നിന്നും നിയമം അനുസരിക്കാത്ത യഹൂദരിൽ നിന്നും വേർതിരിക്കപ്പെട്ടവരായിരുന്നു ഇവർ. പൗലോസ് അപ്പസ്തോലൻ, അരിമത്യായിലെ ജോസഫ്, നിക്കോദിമോസ് തുടങ്ങിയവരും ഫരിസേയരായിരുന്നു. ബി.സി രണ്ടാം നൂറ്റാണ്ടു മുതൽ യേശുവിനുശേഷം ജറുസലേം ദേവാലയം എ.ഡി. 70-ൽ റോമാക്കാർ നശിപ്പിക്കുന്നതുവരെയുള്ള കാലയളവിൽ ഇസ്രയേലിൽ വളരെ സ്വാധീനം ചെലുത്തിയ ഒരു വിഭാഗമായിരുന്നു സദുക്കായർ. അഹറോന്റെ വംശപരമ്പരയിൽ പെട്ടതും സോളമന്റെ ദേവാലയത്തിലെ പ്രധാന പുരോഹിതനുമായിരുന്ന സാദോക്കിന്റെ അനുയായികളായിരുന്നു ഇവർ. “സാദോക്ക്” (צָדַק) എന്ന ഹീബ്രു വാക്കിന്റെ അർത്ഥം “നീതിമാൻ” എന്നാണ്.

ഫരിസേയയും സദുക്കായരും എപ്പോഴും രണ്ടു ധ്രുവങ്ങളിൽ നിന്നിരുന്നവരാണ്. സദുക്കായർ യവനവത്ക്കരണത്തെ അനുകൂലിക്കുകയും ഫരിസേയർ അതിനെ എതിർക്കുകയും ചെയ്തിരുന്നു. സദുക്കായർ ദേവാലയത്തിലെ ബലിക്കും ആരാധനാകാര്യങ്ങൾക്കും പ്രാധാന്യം കൊടുത്തപ്പോൾ ഫരിസേയർ, മോശയുടെ നിയമം അക്ഷരംപ്രതി അനുസരിക്കുന്നതിനാണ് ശ്രദ്ധിച്ചിരുന്നത്. ഫരിസേയർ ശരീരത്തിന്റെ ഉയർപ്പിൽ വിശ്വസിച്ചപ്പോൾ, പുനരുത്ഥാനത്തിൽ വിശ്വാസമില്ലാത്തവരായിരുന്നു സദുക്കായർ. ഉന്നതസ്ഥാനീയരെന്നു കരുതിയിരുന്ന സദുക്കായരേക്കാൾ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുണ്ടായിരുന്നത് ഫരിസേയർക്കായിരുന്നു.

ഇന്നത്തെ സുവിശേഷ വായനയിൽ അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിനു ശേഷം യേശുവും ശിഷ്യന്മാരും ഗലീലകടലിന്റെ മറുകരയിലേയ്ക്കു പോകുന്നു. അപ്പോൾ യേശു അവരോട് ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെക്കുറിച്ചു സംസാരിക്കുന്നു. ബാക്കി വന്ന അപ്പമെടുക്കാൻ മറന്നുപോയതിനാണ് യേശു തങ്ങളെ ശാസിക്കുന്നതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിക്കുന്നു. എന്നാൽ, യേശുവിന്റെ ശാസന തന്റെ പ്രബോധങ്ങൾ ശിഷ്യന്മാർ എളുപ്പത്തിൽ മറക്കുന്നതിനാലാണ്. നിരവധി അസാധാരണ അത്ഭുതങ്ങൾ നേരിട്ട് കണ്ടതിനുശേഷവും അതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച ശിഷ്യർക്ക് എങ്ങനെയാണ് വീണ്ടും ഭക്ഷണമില്ലാത്തതിനെക്കുറിച്ച് ആകുലപ്പെടാൻ സാധിക്കുന്നത്. എല്ലാത്തിനെയും ദുഷിപ്പിക്കാൻ പര്യാപ്തമായ ഫരിസേയരുടെയും സദുക്കായരുടെയും വികലമായ പഠനങ്ങളിൽ നിന്നും തന്റെ ശിഷ്യന്മാർ അകലം പാലിക്കണമെന്നും യേശു പറയുന്നു. മിക്കപ്പോഴും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുകയും തങ്ങളുടെ തന്നെ താത്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് അവരുടെ ലക്ഷ്യം. നമ്മുടെ അനുദിന ജീവിതത്തിൽ യേശുവിന്റെ പ്രബോധനത്തിന്റെ സ്വാധീനത്തിൽ ആയിരിക്കുന്നതിന് എപ്പോഴും പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.