
വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം ഒന്ന് മുതൽ ഏഴ് വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു താൻ തിരഞ്ഞെടുത്ത 12 അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുന്നതും അതിനു മുൻപായി അവർക്കു നൽകുന്ന ചില നിർദേശങ്ങളുമാണ് ഇന്നത്തെ വചനത്തിന്റെ സാരാംശം. തന്റെ ശിഷ്യന്മാരോട് ക്രിസ്തു പറയുന്നത് സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഉറക്കെ പ്രഘോഷിക്കാനാണ്. ഓരോ പ്രേഷിതന്റെയും ദൗത്യവും ഇതുതന്നെ. തന്റെ സുഖസൗകര്യങ്ങളോ, സുരക്ഷിതത്വമോ പരിഗണിക്കാതെ ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കുന്ന, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രഘോഷിക്കുന്ന ഉത്തമപ്രേഷിതരായി നമ്മളും മാറാൻ ക്രിസ്തു ആഗ്രഹിക്കുന്നു.
തിരുസഭ ഇന്നും അനേകം തീക്ഷ്ണമതികളായ പ്രേഷിതരാൽ അനുഗ്രഹീതയാണ്. അവന്റെ വചനത്തെ പ്രഘോഷിക്കുന്ന, സ്വർഗരാജ്യത്തിനായി പ്രവർത്തിക്കുന്ന ഈ പ്രേഷിതർക്കായി പ്രാർഥിക്കുന്ന നല്ല ക്രൈസ്തവരായി നമുക്ക് മാറാം. തിരുസഭയിൽ ഇനിയും അനേകം നല്ല പ്രേഷിതദൈവവിളികൾ ഉണ്ടാകാനായി നമുക്ക് പ്രാർഥിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS




