
ഒരു കഷണം ചോക്ലേറ്റ് കഴിക്കുന്ന നമ്മൾ അറിയുന്നുണ്ടോ മനുഷ്യൻ അയ്യായിരത്തിലധികം വർഷങ്ങളായി പല രൂപത്തിൽ ആസ്വദിച്ച ഒരു ചരിത്രമാണ് രുചിക്കുന്നതെന്ന്. ജന്മദിനങ്ങൾ, വാലന്റൈൻസ് ഡേ, എയർപോർട്ട് ഷോപ്പിംഗ്, രാത്രിയിലെ മധുരത്തോടുള്ള ആഗ്രഹം എന്നിവയിലെല്ലാം ഇന്ന് ചോക്ലേറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ, ആമസോൺ കാടുകളിൽ നിന്ന് നമ്മുടെ ഡെസേർട്ട് പ്ലേറ്റിലേക്ക് ചോക്ലേറ്റ് എത്തിയത് കൗതുകമുണർത്തുന്ന ഒരു വലിയ യാത്രയിലൂടെയാണ്. ലോക ചോക്ലേറ്റ് ദിനമായ ഇന്ന് ചോക്ലേറ്റിന്റെ ചരിത്രത്തിലേക്കൊരു യാത്ര പോകാം.
ആമസോൺ കാടുകളിൽ
ചോക്ലേറ്റിന്റെ ഉദ്ഭവം മധ്യ അമേരിക്കയിലാണെന്നാണ് ചരിത്രകാരന്മാർ ദശകങ്ങളായി വിശ്വസിച്ചിരുന്നത്. എന്നാൽ ഈ കഥ തിരുത്തിക്കുറിച്ചത് സമീപകാല പുരാവസ്തു ഗവേഷണങ്ങളാണ്. ഈജിപ്തിലെ പിരമിഡുകൾ നിർമ്മിക്കുന്നതിനും മുൻപ്, ഏകദേശം ബി.സി. 3300-ൽ ഇന്നത്തെ ഇക്വഡോറിലെ ‘മായോ-ചിൻചിപെ’ (Mayo-Chinchipe) സംസ്‌കാരമാണ് ആദ്യമായി കൊക്കോ കൃഷി ചെയ്തത്. പുരാതന മൺപാത്രങ്ങളിൽ നിന്ന് ലഭിച്ച കൊക്കോയുടെ ഡിഎൻഎ അവശിഷ്ടങ്ങളാണ് ഇതിന് തെളിവ്.
തുടക്കത്തിൽ, കൊക്കോ വിത്തുകൾക്ക് ചുറ്റുമുള്ള വെളുത്ത മാംസളമായ ഭാഗം പുളിപ്പിച്ച് അവർ ഒരുതരം മദ്യം ഉണ്ടാക്കുകയായിരുന്നു പതിവ്. പിന്നീടാണ് അതിനുള്ളിലെ വിത്തുകൾ വറുത്തെടുത്താൽ അതിശയിപ്പിക്കുന്ന മറ്റൊരു രുചി ലഭിക്കുമെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞത്.
മായന്മാരുടെ ‘കയ്പേറിയ വെള്ളം’ (Xocolatl)
കൊക്കോ വിത്തുകൾ കൊളംബിയ, പനാമ വഴി ഗ്വാട്ടിമാലയിലും മെക്സിക്കോയിലുമുള്ള മായൻ (Maya) സംസ്‌കാരത്തിലേക്ക് യാത്ര ചെയ്തു. മായന്മാർക്ക് ചോക്ലേറ്റ് ഒരു സാധാരണ ഭക്ഷണമല്ല, മറിച്ച് ആചാരങ്ങളുടെ ഭാഗമായിരുന്നു. അവരുടെ ചോക്ലേറ്റ് പാനീയം ഇന്നത്തെ കഫേകളിൽ കിട്ടുന്ന ഹോട്ട് ചോക്ലേറ്റ് പോലെ മധുരമുള്ളതായിരുന്നില്ല. വറുത്ത കൊക്കോ വിത്തുകൾ അരച്ച് വെള്ളം, മുളക്, വാനില, സുഗന്ധവ്യഞ്ജനങ്ങൾ, ചോളം എന്നിവ ചേർത്താണ് അവർ ‘ഷോകോളാറ്റ്ൽ’ (Xocolatl) അഥവാ കയ്പേറിയ വെള്ളം ഉണ്ടാക്കിയത്. ഈ പാനീയം ഒരു പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ആവർത്തിച്ച് ഒഴിച്ച് മുകളിൽ നല്ല കട്ടിയുള്ള നുര (Froth) ഉണ്ടാക്കുമായിരുന്നു. ഈ നുരയായിരുന്നു അവരുടെ ചോക്ലേറ്റിന്റെ ഏറ്റവും മൂല്യമുള്ള ഭാഗം!
മരത്തിൽ വളരുന്ന പണം!
എന്നാൽ, മായന്മാർക്കു ശേഷം വന്ന ആസ്ടെക്കുകൾ (Aztecs) കൊക്കോയ്ക്ക് ദൈവതുല്യമായ പദവിയാണ് കൽപിച്ചു നൽകിയത്. സർപ്പത്തിന്റെ രൂപമുള്ള ‘ക്വെറ്റ്സാൽകോറ്റ്ൽ’ (Quetzalcoatl) എന്ന ദൈവം മനുഷ്യന് നൽകിയ സമ്മാനമാണ് കൊക്കോ മരം എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ആസ്ടെക് തലസ്ഥാനത്ത് കൊക്കോ മരങ്ങൾ വളരുന്നത് എളുപ്പമല്ലാതിരുന്നതിനാൽ ഇവ അതീവ വിലപ്പെട്ടതായി മാറി. എത്രത്തോളമെന്നാൽ, കൊക്കോ വിത്തുകൾ അവിടെ പണമായി ഉപയോഗിക്കാൻ തുടങ്ങി! ആളുകൾ നികുതി അടച്ചിരുന്നത് കൊക്കോ വിത്തുകൾ കൊണ്ടായിരുന്നു. വിപണിയിൽ നിന്ന് ഭക്ഷണവും വസ്ത്രങ്ങളും വാങ്ങാൻ നാണയങ്ങൾക്കു പകരം ഈ വിത്തുകൾ നൽകി. ആസ്ടെക് ചക്രവർത്തി മോണ്ടെസുമ രണ്ടാമൻ പ്രതിദിനം ഒരുപാട് ചോക്ലേറ്റ് കുടിച്ചിരുന്നു. ഇത് സ്റ്റാമിനയും കരുത്തും വർദ്ധിപ്പിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
മധുരം ചേർത്ത യൂറോപ്യൻ അധിനിവേശം
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്പാനിഷ് പര്യവേഷകർ അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിയതോടെ ചോക്ലേറ്റിന്റെ വിധി മാറി. അവർ കൊക്കോ വിത്തുകൾ അറ്റ്ലാന്റിക് സമുദ്രം കടത്തി യൂറോപ്പിലെത്തിച്ചു.
തുടക്കത്തിൽ കയ്പുള്ള ഈ പാനീയത്തോട് യൂറോപ്യന്മാർക്ക് വലിയ താല്പര്യമില്ലായിരുന്നു. എന്നാൽ, ഇതിലേക്ക് കരിമ്പിൻ പഞ്ചസാരയും കറുവാപ്പട്ടയും ചേർത്തതോടെ ചോക്ലേറ്റിന്റെ രുചി മാറി! ചോക്ലേറ്റ് അതീവ മധുരമുള്ള ഒരു രാജകീയ പാനീയമായി രൂപാന്തരപ്പെട്ടു. സ്പെയിൻ ഈ രഹസ്യം വർഷങ്ങളോളം സൂക്ഷിച്ചുവെച്ചെങ്കിലും പിന്നീട് ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചു. പ്രഭുക്കന്മാരും രാഷ്ട്രീയക്കാരും ഒത്തുകൂടി ചോക്ലേറ്റ് കുടിച്ചുകൊണ്ട് ചർച്ചകൾ നടത്തുന്ന ‘ചോക്ലേറ്റ് ഹൗസുകളും’ പിന്നീട് യൂറോപ്പിൽ ജന്മമെടുത്തു.
യാത്ര തുടരുന്നു
ഇന്ന് ലോകത്തിലെ ഭൂരിഭാഗം കൊക്കോയും ഉത്പാദിപ്പിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ കോട്ട് ഡി ഐവറിയും (Côte d’Ivoire) ഘാനയുമാണ്. അവിടെ നിന്ന് ഫാക്ടറികളിലെത്തിക്കുന്ന വിത്തുകൾ വറുത്ത്, പൊടിച്ച്, പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് പിന്നീട് ചോക്ലേറ്റുകളായി നമ്മുടെ കൈകളിൽ എത്തുന്നത്.
ശാസ്ത്രലോകത്ത് ഈ മരത്തിന്റെ പേര് ‘തിയോബ്രോമ കൊക്കോ’ (Theobroma cacao) എന്നാണ്. ഗ്രീക്ക് ഭാഷയിൽ ‘തിയോബ്രോമ’ എന്നാൽ ‘ദൈവങ്ങളുടെ ഭക്ഷണം’ (Food of Gods) എന്നാണ് അർഥം..




