ഹൃദയത്തിൽ ഉയർത്തപ്പെടുന്ന ബാബേൽ ഗോപുരം

ജിന്‍സി സന്തോഷ്‌

മനുഷ്യൻ ദൈവത്തെപ്പോലെ ആകാൻ ശ്രമിച്ചപ്പോഴും, ദൈവത്തെ മറന്ന് സ്വന്തം മഹിമക്കായി ഗോപുരം ഉയർത്തിയപ്പോഴും നഷ്ടം സംഭവിച്ചത് മനുഷ്യനു തന്നെയാണ്. മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ദൈവത്തെ ദൈവമായി കാണാനും ആദരിക്കാനുമാണ്. ദൈവത്തിനു കൊടുക്കേണ്ട സ്ഥാനവും മഹത്വവും മനസോടെ ദൈവത്തിന് നല്കാൻ അറിഞ്ഞിരിക്കണം. അതിന് കുറവുണ്ടായപ്പോഴൊക്കെ മനുഷ്യകുലത്തിന്റെ പ്രതാപത്തിനും ഐശ്വര്യത്തിനും ഇടിവുണ്ടായി എന്നാണ് ബൈബിൾ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.

നാളിതുവരെ നേടിയതൊക്കെ സ്വന്തം അദ്ധ്വാനത്തിന്റെയും കഴിവിന്റെയും ബലത്തിലാണ് എന്നാണ് മനുഷ്യന്റെ ധാരണ. വീണ്ടും നേട്ടങ്ങൾക്കായി പായുമ്പോഴും ദൈവം അവന് അന്യനാണ്. അഹങ്കാരം കൊണ്ട് ഹൃദയത്തിൽ കെട്ടി ഉയർത്തിയ ബാബേൽ ഗോപുരം നിലംപൊത്തുന്നതു വരെ അവൻ ദൈവത്തെ മാനിക്കില്ല. ജീവിതത്തിൽ എല്ലാ വഴിയും അടയുമ്പോൾ, സഹായത്തിന് ഇടംവലം ആരുമില്ലാതെ ഒറ്റപ്പെടുമ്പോൾ, ദൈവം സഹായിച്ചാലല്ലാതെ മറ്റാർക്കും സഹായിക്കാൻ കഴിയാത്ത നിസ്സഹായതയുടെ അങ്ങേ അറ്റത്ത് നിൽക്കുമ്പോൾ ‘ദൈവം’ അന്ന് അവന് ദൈവമാകുന്നു.

പിന്നിൽ ജീവിതത്തിന്റെ കഴിഞ്ഞ നാളുകളിലെ ദുരിതങ്ങളും മുന്നിൽ വരുംനാളുകളെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം മുകളിലേക്കു നോക്കി “എന്റെ ദൈവമേ …” എന്ന് ഉള്ളിൽ തട്ടി വിളിക്കുന്ന ദിനങ്ങൾ ഇനിയും നിനക്ക് അകലെയല്ല. ജീവിത തകർച്ചകൾ ഏറുമ്പോഴും ഒരുവന് വിശ്വാസപൂർവ്വം ദൈവത്തിലേക്ക് നോക്കി മഹത്വം നല്കാനായാൽ അവന്റെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടിയായി ദൈവം ആ തകർച്ചകളെ മാറ്റുമെന്നതിൽ സംശയമില്ല.

“ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല. അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്കപ്പെടേണ്ടത്” (സങ്കീ. 115 :1).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.