ബലഹീനരുടെ ബലമായവൻ

ജിന്‍സി സന്തോഷ്‌

യേശുക്രിസ്തുവിന്റെ വംശാവലിയെക്കുറിച്ച് വി. മത്തായി ശ്ലീഹായുടെ വിവരണം ഏറെ ശ്രദ്ധേയമാണ്. സർവ്വശക്തനും പരിശുദ്ധനുമായ ദൈവപുത്രന്റെ മാതാപിതാക്കളായ മറിയവും ജോസഫും ഒഴികെ മറ്റു പൂർവ്വപിതാക്കളൊക്കെ ലോകത്തിന്റെ കാഴ്ച്ചയിൽ വളരെ കളങ്കിതരായിരുന്നു. കൊലപാതകികളും വേശ്യകളും വരെ ആ കൂട്ടത്തിലുണ്ട്.

വിക്കനും കൊലപാതകിയും ആയ മോശയും, ഇടയബാലനായ ദാവീദും, വേശ്യയായ റാഹാബും സമൂഹത്തിൽ നിസ്സാരരും പിന്നീട് ദൈവത്താൽ ഉയർത്തപ്പെട്ട പ്രവാചകരും, പാപിനിയായ മറിയം മഗ്ദലേനയും, വസ്ത്രവിളുമ്പിൽ തൊട്ട വിശ്വാസത്താൽ സൗഖ്യപ്പെട്ട രക്തസ്രാവക്കാരിയും, ചുങ്കക്കാരും നിരക്ഷരരും മുക്കുവരുമായ ക്രിസ്തുശിഷ്യരും, സക്കേവൂസും, ബെത്സെയ്‌ദാ കുളക്കരയിലെ അന്ധയാചകനും… അങ്ങനെ അവഗണനയുടെ കയ്പുനീരു കുടിച്ചിരുന്നവർ എത്രയോ പേരാണ് രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ദൈവത്താൽ പരിഗണിക്കപ്പെട്ട് തിരുവെഴുത്തിന്റെ താളുകളിൽ തിളങ്ങിനിൽക്കുന്നത്.

അതെ, നമ്മുടെ ദൈവം പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടി ദൈവമാണ്.
കഴിവില്ലെന്നും പണമില്ലെന്നും നിറമില്ലെന്നും പറഞ്ഞ് സമൂഹം മാറ്റിനിർത്തുന്നവരെ മാറോട് ചേർത്തുപിടിക്കുന്ന ഒരു ദൈവം. തലയ്ക്കു മുകളിൽ ഒരു കൂര പോലുമില്ലാത്തവന്റെയും കടത്തിണ്ണയിൽ ഉറങ്ങുന്നവന്റെയും ദൈവമാണ് അവിടുന്ന്. അവന്റെ മനുഷ്യാവതാരത്തിന് രാജകൊട്ടാരങ്ങൾ ഒഴിവാക്കി കാലിത്തൊഴുത്ത് തിരഞ്ഞെടുത്തതും തന്റെ പിറവി ലോകത്തെ അറിയിക്കാൻ നിസ്സാരരായ ആട്ടിടയരെ തിരഞ്ഞെടുത്തതും അതുകൊണ്ടു തന്നെ.

തിരിച്ചറിയുക, നീ എത്ര കഴിവില്ലാത്തവനാണങ്കിലും ദൈവത്തിന്റെ  കർമ്മപദ്ധതിയിലും രക്ഷാകരപദ്ധതിയിലും നിനക്കും നിശ്ചയമായും ഒരു സ്ഥാനം അവനൊരുക്കിയിട്ടുണ്ട്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.