യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി കോവിഡ്; ജർമ്മനിയില്‍ പ്രതിദിന രോഗബാധ 50,000 -നു മുകളില്‍

കോവിഡ് വീണ്ടും യൂറോപ്പിനെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർദ്ധിക്കുന്ന ഏകമേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.

അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ, ലോകമെമ്പാടും പ്രതിവാര കോവിഡ് മരണത്തിൽ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മരണനിരക്ക് കുറയാത്ത ഏകമേഖല യൂറോപ്പാണ്.

31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വർദ്ധനവ്. എന്നാൽ പുതിയ കേസുകളിൽ മൂന്നിൽ രണ്ടും (19 ലക്ഷം) റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർദ്ധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.