തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം വർധിച്ചേക്കുമെന്ന് വിദഗ്ധർ

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാം രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം. സ്ഥാനാർഥികളും പ്രവർത്തകരുമടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.

കേരളത്തിൽ ഒക്ടോബർ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കിൽ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരക്ക് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗ്രാഫ് താഴേക്കുപോകുന്നതിനുമുൻപേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്.

ഡൽഹിയിൽ കോവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ തമ്മിൽ മൂന്നുനാലുമാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാൽ ഡൽഹിയിൽ ആ സാവകാശം കിട്ടിയില്ല. കോവിഡ് കാല മുൻകരുതലുകളെപ്പറ്റി വിവിധതലങ്ങളിൽ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പുരംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.