കൊറോണ വൈറസ്: ഒരു ആത്മീയ അവലോകനം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

കൊറോണ വൈറസ് ബാധിച്ചുണ്ടാകുന്ന കോവിഡ്-19 എന്ന രോഗം നമ്മുടെയൊക്ക ജീവിതകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റം വലിയ പ്രതിസന്ധിയാണ്‌. 1918-19 വർഷങ്ങളിലുണ്ടായ “സ്പാനിഷ് പനി” (Spanish Flu) എന്ന പകർച്ചവ്യാധി ഏകദേശം അഞ്ചു കോടി ജനങ്ങളുടെ ജീവന്‍ അപഹരിച്ചു. അതിനു മുമ്പ് പതിനാലാം നൂറ്റാണ്ടിലെ “കറുത്ത മരണം” (Black Death) എന്ന മഹാമാരിയാൽ ഏഴരക്കോടിക്കും ഇരുപതു കോടിക്കും ഇടയ്ക്ക് ആളുകൾ മരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. വിനാശകാരികളായ മനുഷ്യനിർമ്മിത മാരകായുധങ്ങളേക്കാൾ ശക്തിയുള്ള ഒരു കുഞ്ഞൻ വൈറസ്! മനുഷ്യരാശിക്ക് ലഭ്യമായ എല്ലാ അറിവുകളും അത്യാധുനിക സാങ്കേതികവിദ്യകളും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ വൈറസിനു മുന്നിൽ നിഷ്പ്രഭമാകുന്നു. നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയും ഈ പ്രപഞ്ചത്തിന്റെ ശക്തികളുടെമേൽ നാം കരുതിയിരുന്നതുപോലുള്ള അപ്രമാദിത്വം നമുക്കില്ലെന്നതും ഒരിക്കൽക്കൂടി വെളിപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ അംഗീകരിക്കുകയും പരസ്പരം സഹായിക്കുകയും ഇതിന്റെ വ്യാപനം തടയുന്നതിന് പരിശ്രമിക്കുകയും ഇതിൽ നിന്ന് ഉണ്ടാകാവുന്ന അനുബന്ധ നന്മകൾ ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് നമുക്കോരോരുത്തർക്കും ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്. പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പഴമൊഴിയാണ് “എല്ലാ കാർമേഘത്തിനുള്ളിലും ഒരു വെള്ളിരേഖയുണ്ട്” എന്നത്. സഹനത്തിന്റെ കാര്‍മുകിലുകൾക്കിടയിലുള്ള ഈ വെള്ളിരേഖ കണ്ടെത്തുകയും അതിനോട് ക്രിയാത്മാകമായി പ്രതികരിക്കുക്കുകയും ചെയ്യുക എന്നതാണ് നമുക്കിപ്പോൾ ചെയ്യാൻ സാധിക്കുക. എത്രനാൾ ഇങ്ങനെ തുടരുമെന്നോ, അതിനുശേഷം എത്രനാൾ കൊണ്ട് ജീവിതം പഴയതുപോലെ ആകുമെന്നോ ഇപ്പോൾ പറയുക അസാദ്ധ്യമാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോൾ ഉയർന്നുവരുന്ന പല ചോദ്യങ്ങളേയും ആധാരമാക്കി നമ്മുടെ ജീവിതത്തിന്റെ ലളിതമായ ഒരു ആത്മീയ-ദൈവശാസ്ത്ര വിശകലനം മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഇത്തരം സന്ദർഭങ്ങളിൽ ധാരാളം ആളുകൾ ഉന്നയിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ സഹിക്കേണ്ടിവരുന്നത് എന്നത്. ദൈവം എല്ലാവരേയും സ്നേഹിക്കുന്നവനും നന്മയുടെ സൃഷ്ടാവുമെങ്കിൽ ഈ തിന്മ ആരുടെ സൃഷ്ടിയാണ്? പ്രപഞ്ചത്തിന്റെമേൽ ദൈവത്തിന് നിയന്ത്രണമുണ്ടെങ്കിൽ എന്തുകൊണ്ട് ദൈവം ഇത് അനുവദിക്കുന്നു? പ്രാർത്ഥിക്കുന്നതുകൊണ്ട് രോഗം ഭേദമാകുമെങ്കിൽ ഇത്രമാത്രം ആളുകൾ നിരന്തരമായി പ്രാർത്ഥിച്ചതുകൊണ്ട് ഒരു മാറ്റവും വരാത്തത് എന്തുകൊണ്ടാണ്? പള്ളിയിൽ പോകാതെ വീട്ടിലിരുന്ന് ആരാധിച്ചിട്ടും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ? അങ്ങനെയെങ്കിൽ ഏതെങ്കിലും ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ പലരുടേയും മനസ്സിൽ ഉയർന്നുവരാറുണ്ട്. ചോദ്യങ്ങൾക്കെല്ലാം എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങൾ ലഭ്യമല്ലെങ്കിലും വിശ്വാസികൾക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ കുറെയൊക്കെ വിശദീകരിക്കേണ്ടതുണ്ട്. ദൈവത്തെയും ദൈവം പ്രവർത്തിക്കുന്ന വഴികളെയും ദൈവികമേഖലകളെയും കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലും വെളിപാടുകളിലും സഭയുടെ പ്രബോധനങ്ങളിലും നിന്ന് ധാരാളം അറിവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്.

പഴയനിയമത്തിൽ നീതിമാന്റെ സഹനത്തിന്റെ കാരണം കണ്ടെത്താനുള്ള പരിശ്രമമാണ് ജോബിന്റെ പുസ്തകത്തിൽ കാണുന്നത്. നല്ലവനും സമ്പന്നനും ദൈവഭക്തനുമായിരുന്ന ജോബിനെ ദൈവത്തിന്റെ അനുവാദത്തോടുകൂടി സാത്താൻ പരീക്ഷിക്കുന്നതും അതിൽ ജോബ് വിജയം വരിക്കുന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. എല്ലാമുണ്ടായിരുന്ന ജോബ് ഒന്നുമില്ലാത്തവനും എല്ലാവരുടെയും പരിഹാസപാത്രവും ആകുമ്പോൾ തന്റെ സഹനത്തിന്റെ കാരണം അന്വേഷിക്കുന്നു.

ജോബ് എന്ന പേരോടുകൂടിയ ഒരു മനുഷ്യൻ ഊസ് എന്ന ദേശത്തു വസിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ദൈവം ജോബിന്റെ നന്മയെ പുകഴ്ത്തുമ്പോൾ അത് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുന്നതുകൊണ്ടു മാത്രമാണെന്ന് സാത്താൻ പറയുന്നു. അങ്ങനെ ദൈവം തന്റെ സംരക്ഷണകവചം എടുത്തുമാറ്റുന്നതോടെ അവന്റെ സമ്പാദ്യവും മക്കളും ആരോഗ്യവുമെല്ലാം അപ്രത്യക്ഷ്യമാവുന്നു. ജോബിന്റെ കുടുംബവും കൂട്ടുകാരും ദൈവവും പിശാചുമെല്ലാം പലപ്രാവശ്യം കഥയിൽ പ്രത്യക്ഷപ്പെടുന്നു. സഹനത്തിന്റെ തീവ്രതയിൽ തന്റെ ഉത്ഭവത്തെയും ശോചനീയാവസ്ഥയയെയും കുറിച്ച് പരിതപിക്കുമ്പോഴും ദൈവത്തെ മാത്രം അവൻ തള്ളിപ്പറയുന്നില്ല. വൃണങ്ങൾ നിറഞ്ഞ് ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ അവശേഷിച്ചിരിക്കുന്ന ഏകസമ്പാദ്യം ദൈവം മാത്രമാണ്: “അമ്മയുടെ ഉദരത്തിൽ നിന്ന് നഗ്നനായി ഞാൻ വന്നു. നഗ്നനായി തന്നെ ഞാൻ പിൻവാങ്ങും. കർത്താവ് തന്നു; കർത്താവ് എടുത്തു, കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ!” (1:21). ഇതാണ് ജോബിന്റെ തത്വശാസ്ത്രം.

ജോബിന്റെ സുഹൃത്തുക്കൾ അവന്റെ ദൈവവിശ്വാസത്തെ പരിഹസിക്കുകയും അവരുടെ “വിലയേറിയ” ഉപദേശങ്ങൾ നൽകി അവനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അവസാനം ദൈവം ഒരു കാറ്റിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ജോബ് ദൈവതിരുമുമ്പിൽ നിശബ്ദനായി നിന്നുകൊണ്ട് അവിടുത്തെ ഹിതം എന്തെന്നറിയാൻ പരിശ്രമിക്കുന്നു. ഒരിക്കലും ദൈവത്തെ തള്ളിപ്പറയാത്ത ജോബിനെ ദൈവം പഴയതിനേക്കാൾ വലിയ പ്രതാപത്തിൽ പുനഃസ്ഥാപിക്കുകയും സുഹൃത്തുക്കളെ ശകാരിക്കുകയും ചെയ്യുന്നു. ഇവിടെ എല്ലാ ചോദ്യത്തിനും ഉത്തരം അറിയാവുന്നവൻ ദൈവം മാത്രമാണ്. ജോബിന്റെ സഹനത്തിന്റെ കാരണങ്ങളെല്ലാം അറിയാമെന്നു കരുതി അവനെ ഉപദേശിക്കുന്ന സുഹൃത്തുക്കൾ അവസാനം ഇളിഭ്യരാകുന്നു. ജോബിന്റെ ജീവിതത്തിലുള്ള ദൈവസാന്നിധ്യമാണ് അവന്റെ സഹനങ്ങൾക്ക് ലഭിക്കുന്ന ഏറ്റം വലിയ ഉത്തരം. നമ്മെ ആയാസപ്പെടുത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും എളുപ്പത്തിൽ ഒറ്റവാക്കിലുള്ള ഉത്തരങ്ങൾ ലഭ്യമല്ലെങ്കിലും മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട്. അത് ദൈവത്തിന് മാത്രമേ പൂർണ്ണമായും അറിയൂ. സഹനം നാമറിയാതെ വന്ന് അകത്തു കയറാനായി വാതിൽക്കൽ മുട്ടുമ്പോൾ തളരാതെ, താഴെവീഴാതെ ദൈവത്തില്‍ ആശ്രയിക്കുക എന്നാണ് ജോബ് നൽകുന്ന പാഠം.

സഹനവേളയിൽ അന്ന് ജോബിന് ആശ്രയിക്കാനില്ലായിരുന്ന ഒരാൾ നമുക്കിന്നുണ്ട്. മനുഷ്യന്റെ സഹനത്തിൽ പങ്കാളിയാകുന്ന ഒരു ദൈവത്തെ, കുരിശിൽ കിടക്കുന്ന യേശുവിൽ നോക്കിയാൽ നമുക്ക് കണ്ടെത്താൻ സാധിക്കും. യേശു നമ്മുടെ സഹനവേളയിലും കൂടെയുണ്ടന്നതാണ് ഒരു വിശ്വാസിയുടെ ശക്തി. പുതിയനിയമത്തിൽ സഹനത്തിനുള്ള ഉത്തരം ഒരു വിശ്വാസി കണ്ടെത്തുന്നത് കുരിശിൽ കിടക്കുന്ന യേശുവിലാണ്. ജോബിന്റെ കാര്യത്തിൽ എന്നതുപോലെ കുരിശിലെ സഹനത്തിൽ അവസാനിക്കുന്നതല്ല യേശുവിന്റെ ജീവിതം. ഉത്ഥാനത്തിലെ സന്തോഷത്തിലൂടെ മനുഷ്യരക്ഷയിൽ എത്തിച്ചേരുന്നതാണ് ഈ കുരിശ്. ഇനിയും വിശ്വാസിയല്ലാത്ത ഒരുവന് ഇതെങ്ങനെയാണ് നമുക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നത്. ഈ സമയം അവരുടെ സഹനങ്ങളിൽ സഹായിയായി കൂടെനിൽക്കുന്ന നമ്മിലെ ദൈവസാന്നിദ്ധ്യത്തിലൂടെയാണ് അവൻ ദൈവത്തെ കാണുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസിനെ അതിന്റെ പ്രവർത്തനം കൊണ്ട് അധികം താമസിയാതെ തിരിച്ചറിയാൻ കഴിയും. ആത്മീയനയനങ്ങൾ കൊണ്ട് ദൈവത്തെ കാണുന്ന നമ്മുടെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ചുറ്റിലുമുള്ളവർക്ക് ദൈവത്തെ ദർശിക്കാനും കഴിയണം. സഹിക്കുന്നവരോട് നാം ചേർന്നുനിൽക്കുമ്പോൾ കുരിശിലെ യേശുവിനെ അവിടെ സന്നിഹിതമാക്കാൻ കഴിയും. സൂര്യൻ അപ്രത്യക്ഷമായിരിക്കുന്ന ജീവിതങ്ങളിൽ ദൈവികസൂര്യനെ പ്രതിഫലിപ്പിക്കുന്ന നാമാകുന്ന ചന്ദ്രനിലൂടെ വെളിച്ചം ദർശിക്കുവാൻ അനേകർക്ക് സാധിക്കണം. കൊറോണ വൈറസ് വന്നിരിക്കുന്ന ചൈനയിൽ നിന്നുമാണ് പ്രസിദ്ധമായ ഈ പഴമൊഴിയും ഉത്ഭവിച്ചിരിക്കുന്നത്: “അന്ധകാരത്തെ ശപിക്കുന്നതിനേക്കാൾ നല്ലത് അവിടെയൊരു മെഴുതിരി കത്തിക്കുന്നതാണ്.”

എ.ഡി. 410-ൽ ജർമ്മാനിക് വംശത്തിൽപ്പെട്ട വിസിഗോത്സ് റോമാ നഗരം ആക്രമിച്ചു കീഴടക്കി. ക്രിസ്ത്യൻ ദൈവത്തെ സ്വീകരിച്ചതിനാൽ തങ്ങളുടെ പഴയകാല ദൈവങ്ങൾ ശിക്ഷിച്ചതാണെന്ന് ചില റോമാക്കാർ വാദിച്ചു. എണ്ണൂറു വർഷത്തോളം ആർക്കും ഭേദിക്കാൻ കഴിയാതിരുന്ന റോമാ നഗരത്തിന്റെ മതിലുകൾ തകർക്കപ്പെട്ടത് അവർക്ക് അചിന്തനീയമായിരുന്നു. ഇതിനെ പ്രതിരോധിക്കാൻവേണ്ടി പത്തു വർഷത്തോളമെടുത്ത് വി. അഗസ്തീനോസ് എഴുതിയ ബൃഹത്തായ കൃതിയാണ് “ദൈവത്തിന്റെ രാജ്യം” (The City of God). ക്രിസ്തീയദൈവം എത്രമാത്രം വ്യത്യസ്തനും അനുഗ്രഹദായകനുമാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. റോമാ നഗരം എല്ലാവരും ചിന്തിക്കുന്നതുപോലെ ഒരു നിത്യനഗരമല്ല. ലോകത്തിലെ മറ്റെല്ലാ നഗരങ്ങളെയും പോലെ കാലാന്തരത്തിൽ ഇതും നശിക്കും. എന്നാൽ നമുക്കായി ഒരുക്കിയിരിക്കുന്ന ഒരിക്കലും നശിക്കാത്ത ദൈവത്തിന്റെ നഗരം സ്വർഗ്ഗമാണ്. ഈ നിത്യനഗരത്തിലെ പൗരത്വം ലഭിക്കുന്നതിനായിരിക്കണം നമ്മുടെ പരിശ്രമം. ഈ ലോകത്തിലെ ക്ഷണികതയും വരാനിരിക്കുന്ന ലോകത്തിലെ നിത്യതയും അതിനായി ഒരുങ്ങേണ്ടുന്ന ആവശ്യകതയും ക്രിസ്തീയവിശ്വാസികൾക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു വി. അഗസ്തീനോസിന്റെ ഉദ്ദേശം. ഏപ്പോഴും ഈ ലോകജീവിതത്തിന്റെ ക്ഷണികത മുമ്പിൽ കണ്ടുകൊണ്ടു വേണം നാം ജീവിക്കാൻ. അതായത് ഏതു സമയത്തും ഒരു വൈറസ് മുഖാന്തിരം നമ്മുടെ ശ്വാസം നിലക്കാം.

ചിലരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ കുറേ വാക്കുകളും, എഴുതിവച്ചിരിക്കുന്ന ചില സംഹിതകളും മാത്രമല്ല നമ്മുടെ വിശ്വാസത്തിന്റെ അളവുകോൽ. നമ്മുടെ ഓരോ പ്രവൃത്തിയും നാം വിശ്വസിക്കുന്ന സത്യങ്ങളുടെ പ്രതിഫലനങ്ങളായിരിക്കണം. അതുകൊണ്ടാണ് ഈ പൊതുശത്രുവിനെതിരായ യുദ്ധത്തിൽ വിശ്വാസികളോടും വിശ്വാസമില്ലാത്തവരോടും ചേർന്നുനിന്ന് നാം പോരാടുന്നത്. എല്ലാത്തരത്തിലും തന്റെ സഹജീവികളെ സഹായിക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഇപ്പോൾ ചെയ്യാവുന്ന ഏറ്റം വലിയ നന്മ. ലോകം മുഴുവൻ വിശ്വാസികൾ തങ്ങളുടെ ഭവനങ്ങൾ ദേവാലയമാക്കി മാറ്റാൻ പരിശ്രമിക്കുന്നു. കാരണം, ദേവാലയം കെട്ടിടമെന്നതിനേക്കാൾ വിശ്വാസികളുടെ കൂട്ടായ്മയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കുടുംബത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണമായിരുന്നു “കുടുംബം ഒരു ദേവാലയം” എന്നത് (LG 11). മനുഷ്യർക്ക് പരിമിതികൾക്കുള്ളിൽ നിന്ന് മാത്രമേ പ്രവൃത്തിക്കാൻ സാധിക്കൂ. എന്നാൽ ദൈവം അപരിമേയയും സർവ്വവ്യാപിയും നമ്മുടെയൊക്കെ നിർവ്വചനങ്ങൾക്ക് ഉപരിയുമാണ്. പ്രാർത്ഥിക്കുന്നവന്റെ കഴിവ് കൊണ്ടല്ല, പിന്നെയോ അതിന് ഉത്തരം നൽകുന്നത് ദൈവമായതുകൊണ്ടാണ് നമ്മുടെ പ്രാർത്ഥനകൾ ഫലദായകമാവുന്നതും അത്ഭുതങ്ങൾ സംഭവിക്കുന്നതും.

സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്തത്ര ആരാധനാപരമായ വെല്ലുവിളികളാണ് നാം നേരിട്ടത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ പരിപോഷണത്തിന് സാധ്യമായതൊക്കെ ചെയ്യാൻ നാം പരിശ്രമിക്കുന്നുവെങ്കിലും, അതൊന്നും നമ്മുടെ പതിവ് ആരാധനയ്ക്ക് പകരമാവില്ല. ആത്മീയ കുർബാനസ്വീകരണവും, കുർബാനസ്വീകരണവും ഒന്നല്ല. അതുകൊണ്ട് പ്രാർത്ഥനയോടൊപ്പം ഈ രോഗം ഇല്ലാതാക്കുന്ന എല്ലാ വഴികളും എത്രയും വേഗം സാധിതമാക്കുന്നതിനും നാം പരിശ്രമിക്കണം. ഭരണനേതൃത്വം ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമല്ല സാമൂഹിക അകലവും കൊറോണ വ്യാപനത്തിനെതിരായ മറ്റു മാർഗ്ഗങ്ങളും നാം കൃത്യമായി പാലിക്കുന്നത്. ഇത് നമ്മുടെ ക്രിസ്തീയധാർമ്മികതയുടെ ഭാഗവുമാണ്. അങ്ങനെയാവുമ്പോൾ പള്ളിയിൽ ഇപ്പോൾ കൂട്ടംകൂടുന്നത് (പ്രത്യേകിച്ചും രോഗികളായവരും രോഗം വരാൻ സാധ്യതയുള്ളവരും) തിന്മയും വീട്ടിലിരുന്ന് അതിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത് നന്മയുമാണ്. ഇത്തരുണത്തിൽ പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമുക്ക് സഹായകമാണ്: “ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന” (റോമാ. 12:1).

പാട്ടും പ്രാർത്ഥനയും പ്രസംഗങ്ങളും നമ്മുടെ വിശ്വാസത്തിൽ കൂദാശകൾക്കു പകരമാവില്ല. എന്നാൽ ഇങ്ങനെയുള്ള അസാധാരണ സന്ദർഭങ്ങളിൽ നമ്മുടെ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്നതിന് ഇതൊക്കെ സഹായകമാണുതാനും. ഏകാന്തതയും നിരാശയും തോന്നുന്ന അനേകർക്ക് ഇത്തരം സന്ദർഭങ്ങളിൽ രോഗി മരുന്ന് കഴിക്കുന്നതുപോലെ ഇതൊക്കെ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും നാം പരിശ്രമിക്കണം. അസാധാരണ സാഹചര്യങ്ങളിൽ നാം അസാധാരണ മാർഗ്ഗങ്ങൾ ഉപയോഗിക്കും. അതുകൊണ്ട് ഇത് സാധാരണമാക്കണമെന്ന് വാദിക്കുന്നത് മണ്ടത്തരമാണ്. പള്ളിയിൽ പോകാഞ്ഞിട്ടും ഒന്നും സംഭവച്ചില്ലല്ലോ എന്നുപറയുന്നത് ജോലിക്കു പോയില്ലെങ്കിലു, സ്കൂൾ തുറന്നില്ലെങ്കിലും ഒന്നും സംഭവിച്ചില്ലല്ലോ എന്ന് പറയുന്നതുപോലെ തന്നെയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് ആത്മാവിന്റെ കാര്യമെന്ന നിലയിൽ മറ്റെല്ലാ കാര്യങ്ങളേക്കാൾ ഉപരിയാണിത്. പലപ്പോഴും നമ്മെ ഭഗ്നാശരാകാതെ ഇത്തരം സന്ദർഭങ്ങളിൽ മുന്നോട്ട് നയിക്കുന്നത് ഇതൊക്കെ താൽക്കാലികമാണെന്ന ചിന്തായാണ്. ഈ താല്‍കാലികം എത്രനാൾ നീണ്ടുനിൽക്കും എന്ന അനിശ്ചിതത്വം നിലനിക്കുന്നുണ്ടെന്നു മാത്രം. എത്രയും വേഗം പഴയതുപോലെ ആകുന്നതിന് പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം.

ഗ്രീക്ക് പുരാണകഥകളിൽ മനുഷ്യനെ സ്നേഹിക്കുന്ന ദൈവമാണ് പ്രൊമീത്തിയസ് (Prometheus). ദേവന്മാരുടെ ദൈവമായ സീയൂസ് (Zeus) അറിയാതെ സ്വർഗ്ഗത്തിൽ നിന്നും അഗ്നി മോഷ്ടിച്ച് മനുഷ്യർക്ക് കൊടുത്ത് അവരെ സംസ്കാരമുള്ളവരാക്കിയതിന് പ്രൊമീത്തിയസിനെയും കൂടെ മനുഷ്യരെയും ദൈവം ശിക്ഷിക്കുന്നു (ഇവിടെ മനുഷ്യർക്ക് കൊടുത്ത ശിക്ഷ മാത്രം പറയാം). പണ്ടോര എന്ന സുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ച്, എല്ലാ ദൈവങ്ങളും അവരുടെ ഓരോ കഴിവുകളും കൊടുത്ത്, നിറയെ സമ്മാനങ്ങൾ നിറച്ച ഒരു മനോഹരപെട്ടിയും നൽകി പ്രൊമീത്തിയസിന്റെ സഹോദരൻ എപ്പിമെത്തിയൂസിന് ഭാര്യയായി നൽകുന്നു. കൂട്ടത്തിൽ സ്വർണ്ണവർണ്ണപെട്ടി തുറക്കരുതെന്ന ഒരു ഉപദേശവും കൊടുത്തു. ദൈവങ്ങളുടെ സമ്മാനമൊന്നും സ്വീകരിക്കരുതെന്ന് പ്രൊമീത്തിയസ് സഹോദരന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും അതിസുന്ദരിയായ പണ്ടോരയെ നിരസിക്കാൻ അവനു കഴിഞ്ഞില്ല. കുറേ നാളുകൾക്കുശേഷം പെട്ടിയിൽ എന്താണുള്ളതെന്ന് അറിയാനുള്ള ജിജ്ഞാസ നിയന്ത്രിക്കാൻ കഴിയാതെ അത് തുറന്ന പണ്ടോരയെ ഭയപ്പെടുത്തിക്കൊണ്ട് അതിനുള്ളിൽ ഒളിച്ചിരുന്ന മഹാമാരികളെല്ലാം പുറത്തുചാടി. പേടിച്ചരണ്ട പണ്ടോര പെട്ടന്ന് പെട്ടിയടച്ചപ്പോൾ ഒരു കാര്യം മാത്രം അതിൽ അവശേഷിച്ചു: പ്രത്യാശ. പുറത്തു ചാടിയ തിന്മകൾ മനുഷ്യന് ദുരിതം സമ്മാനിക്കുമ്പോഴും അവനിന്നും പ്രത്യാശയുള്ളവനായി ജീവിക്കുന്നതിന്റെ കാരണം ഇതാണെന്നതാണ് കഥയുടെ സാരാംശം. ജറമിയാ പ്രവാചകനിലൂടെ ദൈവം അരുളിചെയ്തു: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (29:11).

എപ്പോഴും സഭ എന്ന യാഥാര്‍ത്ഥ്യത്തിന് രണ്ടു വശങ്ങളുണ്ട്: മാനുഷികവും ദൈവികവും. മാനുഷികമായി ചെയ്യുന്ന കാര്യങ്ങൾക്കു മാത്രമേ ഇവിടെ കുറവുകൾ സംഭവിച്ചിട്ടുള്ളൂ. ദൈവികാംശം ഒരിക്കലും ബലഹീനമല്ലാത്തതിനാലും നമ്മുടെ മാനദണ്ഡങ്ങൾക്ക് ഉപരിയായതിനാലും അവിടെ നിന്നും വരുന്ന അനുഗ്രഹങ്ങൾ കുറവ് വരുത്തുന്നതിന് ദൈവത്തിനു മാത്രമേ സാധിക്കൂ. ഇത്തരം സന്ദർഭങ്ങളിൽ ദൈവം സാധാരണയിൽ കൂടുതൽ അനുഗ്രഹങ്ങൾ, അസാധാരണ മാർഗ്ഗങ്ങളിലൂടെ നൽകുമെന്നാണ് ക്രിസ്തീയവിശ്വാസാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഈ പ്രതിസന്ധിയിലൂടെ നാം പുതിയൊരു സമൂഹമായി രൂപപ്പെടുകയാണ്. മരുഭൂമി അനുഭവത്തിലായിരിക്കുന്ന, പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സഹിക്കുന്നവരോട് ആത്മീയമായി ചേരുന്ന ഒരു സമൂഹം. നാമോരോരുത്തരും ഈ അസാധാരണ സാഹചര്യത്തിൽ ലോകത്തിൽ കൃപയുടെ അടയാളങ്ങളായി മാറുന്നു. ഒരു വൈറസിനും തകർക്കാൻ പറ്റുന്നതല്ല നമ്മുടെ ക്രിസ്തീയജീവിതവും ക്രിസ്തുകേന്ദ്രീകൃത ആത്മീയതയും. അവസാനവാക്ക് രോഗത്തിന്റെയും വേദനയുടേതുമല്ല. അത് നമ്മുടെ ദൈവത്തിന്റേത് തന്നെയാണ്. ശൂന്യമായ പള്ളിയിൽ നിന്നും വൈദികൻ ബലിയർപ്പിക്കുമ്പോഴും അതിൽ വീട്ടിലിരുന്ന് (ഒരുപക്ഷേ തനിയെ) നാം പങ്കെടുക്കുമ്പോഴും രണ്ടിടതും നിറഞ്ഞുനിൽക്കുന്നത് ദൈവമാണ്. ദൈവത്തിന് നമുക്കുള്ള പരിധികളോ പരിമിതികളോ ഇല്ല. ഒരു വഴികളും ഇല്ലാത്തിടത്തു നിന്നും ദൈവത്തിന് പുതിയ വഴികൾ സൃഷ്ടിക്കാൻ സാധിക്കും. നമ്മുടെ മനോഭാവങ്ങൾ കൊണ്ട് അതിന് തടസ്സം നിൽക്കാതിരുന്നാൽ മാത്രം മതി. ഇന്ന് ദൈവത്തെക്കുറിച്ച് മനുഷ്യൻ നടത്തുന്ന പല അവകാശവാദങ്ങളും പാളിപ്പോവുകയും ചെയ്യുന്നു. ദൈവപരിപാലനയെക്കുറിച്ചും ദൈവികനടത്തിപ്പിനെക്കുറിച്ചും ഇനിയേറെ നാം അറിയേണ്ടിയിരിക്കുന്നു.: “കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല” (ഏശയ്യാ 55:8).

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട സാഹിത്യകൃതിയാണ് അൾജീരിയൻ-ഫ്രഞ്ച് എഴുത്തുകാരനും സാഹിത്യനൊബേൽ സമ്മാന ജേതാവുമായ ആൽബർട്ട് കമുവിന്റെ (1913-1960) “ദീ പ്ലേഗ്” (La Peste) എന്ന നോവൽ. പലർക്കും തിരിച്ചറിയാനും മനസ്സിലാക്കാനും പ്രയാസപ്പെടുന്ന മഹാമാരിയുടെ രഹസ്യങ്ങൾ കണ്ടെത്താനും വെളിപ്പെടുത്താനുള്ള ഒരു പരിശ്രമമാണ് ഈ കൃതിയിലൂടെ കമൂ നടത്തുന്നത് (ഈ ഗ്രന്ഥം ഒരു ആത്മീയകൃതിയല്ല. ആൽബർട്ട് കമു നൈരാശ്യവാദിയും (pessimist), നാസ്തികനും (atheist) ആയിരുന്നു).

അൾജീരിയായിലെ ഒറാൻ എന്ന പട്ടണത്തിൽ സേവനം ചെയ്യുന്ന റിയാക്സ് എന്ന ഡോക്ടറിന്റെ നയനങ്ങളിൽക്കൂടി എഴുത്തുകാരൻ പ്ലേഗിനെ നോക്കിക്കാണുന്നു. എല്ലാവരും ജീവിതത്തിരക്കിൽ ഓരോ ദിശയിലേയ്ക്കും ഓടുന്നത് തങ്ങളുടെ ലക്ഷ്യത്തിൽ എത്രയുംവേഗം എത്തിച്ചേരണം എന്ന ചിന്തയിലാണ്. പണവും പ്രതാപവും ജീവിതത്തിന്റെ മറ്റ് ആവശ്യങ്ങളും അന്വേഷിച്ചിറങ്ങുന്ന അവർ തങ്ങൾ ജീവിക്കുണ്ടെന്നു തന്നെ തിരിച്ചറിയുന്നില്ല. ജീവിക്കാനുള്ള വ്യഗ്രതയിൽ ജീവിക്കാൻ മറന്നുപോകുന്നവരാണ് അധികവും. അങ്ങനെയിരിക്കുമ്പോൾ ഡോ. റിയാക്സ് വഴിയരികിൽ ചത്തുകിടക്കുന്ന ഒരു എലിയെ ശ്രദ്ധിക്കുന്നു. സാവധാനം എല്ലായിടത്തും മാളങ്ങളിൽ നിന്നും മൂക്കിൽ രക്തവുമായി എലികൾ പുറത്തുചാടുന്നു… ചാകുന്നു. അധികാരികളുടെ അശ്രദ്ധ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പരാതി പറഞ്ഞുകൊണ്ട് ആളുകൾ അവയെ നീക്കം ചെയ്യുന്നു. എലികളെ മറവു ചെയ്തുകഴിഞ്ഞപ്പോൾ എല്ലാവരും ആശ്വാസം കൊള്ളുന്നു. പക്ഷേ, അധികം കഴിഞ്ഞില്ല… എലികൾ ചത്തതുപോലെ പോലെ മനുഷ്യരും മരിക്കുന്നു… ഇത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് അതിവേഗം പടരുന്നു. നിശബ്ദമായി ഒരു പ്രശ്നവുമില്ലെന്നു കരുതിയിരുന്ന മനുഷ്യരെയെല്ലാം പ്ളേഗ് വിഴുങ്ങുന്നു. അതുവരെ അമർത്യരെന്നു കരുതിയ മനുഷ്യർ ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ ക്ഷിപ്രവശംവദത്വം (vulnerability) തിരിച്ചറിയുന്നു. അനേകർ മരിച്ചുവീഴുമ്പോഴും തങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും മറ്റുള്ളവരെപ്പോലെ തങ്ങൾ മരിക്കില്ലെന്നും വലിയൊരു വിഭാഗം ചിന്തിക്കുന്നു. സാവധാനം അവരും മരണത്തിനു കീഴടങ്ങുന്നു.

ഇവിടെ മരണത്തിന്റെ കാര്യത്തിൽ മനുഷ്യൻ ഒരു പുരോഗതിയും നേടിയിട്ടില്ല. ഓരോ നിമിഷവും ജീവിക്കുന്നത് ഒരു ഭാഗ്യമായി മാറുന്നു. ജീവിതം ഒരു അത്യാഹിതത്തിൽ നിന്നും രക്ഷപ്പെട്ട് മറ്റൊന്നിലേയ്ക്കു നീങ്ങുന്നു. എന്നിരുന്നാലും ഈ യാഥാർത്ഥ്യങ്ങളൊക്ക നിഷേധിച്ചു ജീവിക്കാനാണ് എല്ലാ മനുഷ്യരും ശ്രമിക്കുന്നത്. മഹാമാരികൾ നാമറിയാതെ നമ്മോടൊത്ത് അന്തിയുറങ്ങുമ്പോഴും ഇതൊക്കെ നിഷേധിച്ചുകൊണ്ട് മനുഷ്യൻ ഇതിനോടൊത്ത് ശയിക്കുന്നു. ഈ പ്ളേഗിന് മതമോ, ജാതിയോ, സമ്പത്തോ, സമൂഹത്തിലെ ഒരാളുടെ സ്ഥാനമോ പ്രശ്നമല്ല. അതുകൊണ്ട് ഇത് പാപത്തിന്റെ ശിക്ഷയാണെന് പ്രസംഗിക്കുന്നവരെ ഡോ. റിയാക്സ്, മണ്ടന്മാരെന്നു പറഞ്ഞു പരിഹസിക്കുന്നു. മാന്യതയോടെ ഇതിനെതിരെ ഒരുമിച്ച് പടപൊരുതുക എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം.

സാവധാനം ഒരു വർഷം കൊണ്ട് പ്ളേഗ് ഒറാനിൽ നിന്ന് അപ്രത്യക്ഷമാവുന്നു. ഈ സമയം ജനങ്ങൾ എല്ലാംമറന്ന് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പക്ഷേ, ഡോ. റിയോക്സ് ഈ മഹാമാരിയെ കാണുന്നത് മറ്റുള്ളവരെപ്പോലെയല്ല. അദ്ദേഹത്തിന്റെ ചിന്തയിൽ ഇത് ഇപ്പോൾ അപ്രത്യക്ഷമായിട്ട് കുറെ കഴിഞ്ഞ് മറ്റൊരു രൂപത്തിൽ തിരികെവരാൻ പോവുകയാണ്. മനുഷ്യന്റെ സന്തോഷം എപ്പോഴും ഭീഷണിയിലാണ്. കാരണം ഈ രോഗം നമ്മുടെ മുറിയിലും പെട്ടിക്കുള്ളിലും തൂവാലയിലും പഴയ പത്രക്കടലാസുകളിലും നമ്മുടെ വസ്ത്രത്തിലുമൊക്കെ ഇപ്പോൾ ഒളിച്ചിരിക്കയാണ്. അപകടകാരിയായ ഇവനെ എപ്പോഴും കരുതിയിരിക്കണം. എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം തന്റെ കഥാപാത്രങ്ങളിലൂടെ കമൂ പറയുന്നു: “നമ്മുടെയെല്ലാം ഉള്ളിൽ ഈ മഹാമാരിയുണ്ട്. ഈ ലോകത്തിലുള്ള ആരും തന്നെ ഒരിക്കലും ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല.” അതായത് മനുഷ്യൻ തന്റെതന്നെ ഭാവി നിർണ്ണയിക്കാൻ പരിശ്രമിക്കുമ്പോൾ അതിനെ പരാജയപ്പെടുത്താൻ ഒരു വൈറസ് മാത്രം മതി എന്ന് “ദീ പ്ലേഗ്” പറയുന്നു. ഈ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു ജീവിക്കുക എന്നതാണ് കരണീയം.

ഇത്തിരിപ്പോന്ന ഈ വൈറസ് നമ്മുടെ ജീവിതരീതികളെ മാറ്റിമറിച്ചിരിക്കയാണ്. ഇവിടെ ദൈവത്തെ അകറ്റിനിർത്തി ലോകത്തെ നിയന്ത്രിക്കാമെന്ന് അവകാശപ്പെടുന്നവരും നിയന്ത്രണം നഷ്ടപ്പെട്ടു നടക്കുന്ന അവസ്ഥയാണ്. കാണാത്ത വൈറസിനെ അതിന്റെ പ്രവർത്തനം കൊണ്ട് ആളുകൾ തിരിച്ചറിയുന്നു. പലർക്കും ഇനിയും കാണാൻ സാധിക്കാത്ത ദൈവത്തെ ഒരു വിശ്വാസിയുടെ ജീവിതം കൊണ്ട് അനേകർക്ക് തിരിച്ചറിയാൻ സാധിക്കണം. ഇതുവരെ അടുത്തിരിക്കുന്നതായിരുന്നു പരസ്പരം സ്നേഹിക്കുന്നതിന്റെ പ്രധാന അടയാളമെങ്കിൽ, ഇന്ന് മറ്റുള്ളവരെ നാം സ്നേഹിക്കുന്നുവെങ്കിൽ അകന്നിരിക്കേണ്ടുന്ന അവസ്ഥ ആയിരിക്കുന്നു. കൊറോണ നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

അന്ധകാരാവൃതമായ ഈ തുരങ്കത്തിൽ കൂടിയുള്ള യാത്ര എന്ന് അവസാനിക്കുമെന്നോ, പുറത്തെ വെളിച്ചം പൂർണ്ണമായും എപ്പോൾ ദൃശ്യമാകുമെന്നോ ഇപ്പോൾ നമുക്കറിയില്ല. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ വെളിച്ചം കെടുത്താനുള്ള ശക്തി ഒരു വൈറസിനുമില്ല. സൃഷ്ടിയുടെ ഏഴാം ദിവസം ദൈവം വിശ്രമിച്ചപ്പോഴും അന്നും രാത്രിയുണ്ടായിരുന്നു. ഈ പ്രതിസന്ധികളെ വലിയ അവസരമാക്കി മാറ്റി ജീവിതത്തിൽ വിജയം നേടേണ്ടവരാണ് നാം. പക്ഷേ, പരസ്പരവിശ്വാസവും സാമൂഹിക-സാമ്പത്തിക-വൈകാരിക-ആത്മീയ സഹകരണത്തോടെയും മാത്രമേ നമ്മുടെ ഇടയിലുള്ള പലർക്കും ഇപ്പോൾ പിടിച്ചുനിൽക്കുന്നതിനു സാധിക്കൂ. ഒന്നും ചെയ്യാനില്ലാതെ അധികമാളുകളും വീട്ടിൽ വെറുതെ ഇരിക്കുമ്പോഴും ജോലിഭാരത്താൽ ക്ലേശിക്കുന്ന കുറെയധികം ആളുകളുമുണ്ട്. അവർക്കും നമ്മുടെ പിന്തുണയും സഹായവും ആവശ്യമാണ്. വി. ഫ്രാൻസിസ് അസ്സീസിയുടെ പ്രസിദ്ധമായ പ്രാർത്ഥന നമുക്കും കരുത്തേകണം: “ദൈവമേ, എനിക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങൾ അംഗീകരിക്കാനുള്ള ശാന്തതയും മാറ്റാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാനുള്ള മനഃശക്തിയും ഇവ രണ്ടും തിരിച്ചറിയാനുള്ള വിവേകവും പ്രദാനം ചെയ്യണമേ!” വൈറസും മറ്റു മഹാമാരിയുമാകുന്ന തിരമാലകൾ നിറഞ്ഞ ഈ ജീവിതക്കടലിൽക്കൂടി നമ്മുടെ ജീവനവഞ്ചി സഹജീവികളോടൊത്തു തുഴയുമ്പോൾ, പരസ്പരം സഹായിച്ച്, ചുഴിയിൽ പെടാതെയും അഗാധ കയത്തിൽ താഴ്ന്നുപോകാതെയും ദൈവകരം പിടിച്ച് പ്രശാന്തതയുടെ തീരമണയാൻ നമുക്കും പരിശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.