‘ഫുൾജെൻസ് കൊറോണ’ – മരിയന്‍ സഭാ പഠനങ്ങള്‍ 13

‘ഫുൾജെൻസ് കൊറോണ’ (Fulgens Corona)

ആദ്യ മരിയൻ വർഷം

പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരുസഭയിൽ ഒരു മരിയൻ വർഷം പ്രഖ്യാപിച്ചുകൊണ്ട് പരിശുദ്ധ അമ്മയുടെ ജനനതിരുനാളിന്റെ അന്ന്, 1953 സെപ്റ്റംബർ എട്ടിന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പുറപ്പെടുവിച്ച ചാക്രികലേഖനമാണ് ‘ഫുൾജെൻസ് കൊറോണ’. താൻ എക്കാലവും സവിശേഷമായ രീതിയിൽ വണങ്ങുന്ന പരിശുദ്ധ കന്യകയുടെ ബഹുമാനാർത്ഥം പ്രഖ്യാപിച്ച മരിയൻ വർഷം കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യ മരിയൻ വർഷമായിരുന്നു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ മരിയ വിജ്ഞാനീയവും അതിന്റെ പരിധികളെയും വെല്ലുവിളികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും ഇതിൽ വ്യക്തമാണ്.

ശക്തമായ ഒരു പ്രേരണ

ദൈവം പരിശുദ്ധ അമ്മയുടെ ശിരസ്സിൽ ധരിപ്പിച്ച പ്രഭാ കിരണങ്ങള്‍ വിതറുന്ന കിരീടം പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം എന്ന വിശ്വാസസത്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ നൂറുവർഷത്തിനുശേഷം കൂടുതൽ മിഴിവോടെ തിളങ്ങുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഈ ചാക്രികലേഖനം ആരംഭിക്കുന്നത്. അവിസ്മരണീയമായ ഈ സംഭവം കത്തോലിക്കാസഭ മുഴുവൻ വളരെയധികം സന്തോഷത്തോടെയും ആദരവോടെയും സ്വാഗതം ചെയ്തു എന്നും, ഇത് പരിശുദ്ധ കന്യകാമറിയയോടുള്ള വണക്കത്തിനും വാഴ്ത്തപ്പെട്ട കന്യകയുടെ സവിശേഷ സ്ഥാനത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള മരിയൻ പഠനത്തിനും ശക്തമായ ഒരു പ്രേരണ നൽകി എന്നും മാത്രമല്ല, ഏതാനും വർഷങ്ങൾക്കുശേഷം, ലൂർദ്ദിലെ ഗ്രോട്ടോയിൽ പ്രത്യക്ഷപ്പെട്ട് ക്രിസ്തുവിന്റെ വികാരി പ്രഖ്യാപിച്ച തീരുമാനം സ്ഥിരീകരിക്കാൻ അവൾ ആഗ്രഹിച്ചതായി തോന്നുന്നുവെന്നും ആമുഖത്തിൽ മാർപാപ്പ വ്യക്തമാക്കുന്നു.

സഭാപിതാക്കന്മാരുടെ രചനകള്‍

മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കുമ്പോൾ, ഒൻപതാം പീയൂസ് മാർപ്പാപ്പ സഭാപിതാക്കന്മാരുടെയും മുഴുവൻ സഭയുടെയും പ്രബോധനങ്ങൾ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുകയും തന്റെ അപ്പസ്തോലിക അധികാരം വഴി സ്ഥീരീകരിക്കുകയും ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും വിശുദ്ധ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ളതും സഭാപിതാക്കന്മാരുടെ രചനകളിൽ അടങ്ങിയിരിക്കുന്നതുമായ ഈ പ്രബോധനം മറിയത്തിന്റെ മറ്റെല്ലാ പദവികളെയും പോലെ, ദൈവത്തിന്റെ മാതാവ് എന്ന പദവിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ദൈവമാതാവെന്നുള്ള മറിയത്തിന്റെ സ്ഥാനം ക്രിസ്തുവിന് ശേഷം വരുന്ന ഏറ്റവും വലിയ അന്തസ്സും പവിത്രതയും നൈർമല്യവും ദൈവകൃപയുടെ നിറവും ആവശ്യപ്പെടുന്നുവെന്നും എന്നും മാർപാപ്പ തുടർന്ന് വിശദീകരിക്കുന്നു. അതിനാലാണ്, പുരാതന കാലം മുതൽ, സഭയിലെ അജപാലകർക്കിടയിലും ജനമനസ്സുകളിലും ഹൃദയങ്ങളിലും ഈ സത്യം കൂടുതൽ പ്രശസ്തി നേടിയതും വ്യാപകവുമായിത്തീർന്നതും എന്ന് മാർപ്പാപ്പ പറയുന്നു. സഭയുടെ സൂനഹദോസുകളും മാർപാപ്പാമാരുടെ പ്രബോധനങ്ങളും സഭാപിതാക്കന്മാരുടെ രചനകളും പുരാതന ആരാധനക്രമങ്ങളും അത് സാക്ഷ്യപ്പെടുത്തുക പ്രഖ്യാപിക്കുകയും ചെയ്യുന്നതെന്ന് പാപ്പാ പറയുന്നു.

അമലോത്ഭവവും സ്വർഗ്ഗാരോപണവും

തുടർന്ന്, മറിയത്തിന്റെ അമലോത്ഭവവും സ്വർഗ്ഗാരോപണവും തമ്മിലുള്ള അഭേദ്യമായ ബന്ധം മാർപാപ്പ വിശദീകരിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിലൂടെ മറിയത്തിന്റെ അമലോത്ഭവം കൂടുതൽ തെളിമയോടെ പ്രകാശിക്കുന്നതായും, ഒന്ന് മറ്റൊന്നിന്റെ മകുടം ചൂടലാണെന്നും, മറിയത്തിന്റെ അമലോത്ഭവ പ്രഖ്യാപനത്തിനുശേഷം വിശ്വാസികളുടെ അദമ്യമായ ആഗ്രഹത്തിന്റെ പൂർത്തികരണവും മറിയത്തെ ഉത്ഭവപാപത്തിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിച്ച അത്ഭുതകരമായ ദൈവിക പദ്ധതിയുടെ വെളിപ്പെടുത്തലുമാണ് മറിയത്തിന്റെ സ്വർഗ്ഗാരോപണപ്രഖ്യാപനം എന്നും പാപ്പാ പറയുന്നു. അതിനാൽ, കന്യകയായ ദൈവമാതാവിന്റെ മേൽ ദൈവം ചൊരിഞ്ഞ ഈ രണ്ട് പ്രത്യേക പദവികൾ, അവളുടെ ഭൗമികയാത്രയുടെ തുടക്കവും ഒടുക്കവും ദൈവികപ്രകാശത്തിൽ പ്രഭാപൂർണ്ണമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. കാരണം, അവളുടെ കന്യകാശരീരത്തിന്റെ ഏറ്റവും ഉചിതവും അതിശയകരവുമായ മഹത്വവത്ക്കരണം , അവളുടെ ആത്മാവിന്റെ എല്ലാ കറകളിൽ നിന്നുമുള്ള മുക്തിയുടെ പൂർണമാണ്.

ഭക്തി കേവലം വാക്കുകളിലൊതുങ്ങരുത്

തുടർന്ന്, മരിയഭക്തിയുടെ പ്രായോഗിക വശങ്ങൾ മാർപാപ്പ വിവരിക്കുന്നു. കത്തോലിക്കാ വിശ്വാസവും എല്ലാവരുടെയും ആത്മാവിലുള്ള ദൈവമാതാവിനോടുള്ള ആത്മാർത്ഥമായ ഭക്തിയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, ക്രിസ്ത്യാനികൾ കഴിയുന്നതും അവരുടെ ജീവിതത്തെ പരിശുദ്ധ അമ്മയുടെ ജീവിത മാതൃകയുമായി പൊരുത്തപ്പെടുത്താനും ഈ ശതാബ്ദിയാഘോഷം ഉപയുക്തമാക്കണമെന്നും, അപ്പോൾ, തങ്ങളുടെ മക്കളുടെ മുഖഭാവം തങ്ങളുടെ സാദൃശ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ എല്ലാ അമ്മമാരും അത്യധികമായി ആഹ്ളാദിക്കുന്നതുപോലെ പരിശുദ്ധ അമ്മയും ആനന്ദിക്കുമെന്നും പാപ്പാ പറയുന്നു. കാരണം, തന്റെ പുത്രന്റെ കുരിശിൻചുവട്ടിൽവച്ച് അവനു തുല്യം താൻ ദത്തെടുത്ത തന്റെ മക്കൾ തന്റെ ആത്മാവിന്റെ സൗന്ദര്യവും പുണ്യാലങ്കാരങ്ങളും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കുന്നതിനേക്കാൾ വലിയ ആനന്ദം പരിശുദ്ധ അമ്മയ്ക്കില്ല. എന്നാൽ ഈ ഭക്തി കേവലം വാക്കുകളിലൊതുങ്ങുന്നതാകരുത്. മറിച്ച്, ആത്മാർത്ഥവും ഫലപ്രദവുമായിരിക്കണമെന്നും ഓരോരുത്തരും അവന്റെ ജീവിതാവസ്ഥയനുസരിച്ചുള്ള സദ്‌ഗുണങ്ങൾ നേടുന്നതിനായി അത് പ്രയോജനപ്പെടുത്തേണ്ടതാണെന്നും മാർപാപ്പ വ്യക്തമാക്കുന്നു.

പരിശുദ്ധ കന്യകാമറിയം ജന്മപാപമില്ലാതെ ഉത്ഭവിച്ച രഹസ്യം പാപത്തിന്റെ ഒരു ചെറിയ കറയെപ്പോലും വെറുക്കുകയും അതിൽനിന്ന് ഓടിയൊളിക്കുകയും ചെയ്യുന്ന നിഷ്കളങ്കവും സമഗ്രവുമായ ജീവിതം നയിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ് എന്നും പാപ്പാ പറയുന്നുണ്ട്. ജീവിതത്തിലുടനീളം തന്നെ ആഴത്തിൽ ബാധിച്ച സന്തോഷങ്ങൾക്കും ദുരിതങ്ങൾക്കും നടുവിൽ തന്റെ ദിവ്യപുത്രന്റെ പ്രമാണങ്ങളിൽ നിന്നും മാതൃകയിൽ നിന്നും ഒരിക്കലും വ്യതിചലിച്ചിട്ടില്ലാത്ത വാഴ്ത്തപ്പെട്ട കന്യക, കാനായിലെ കല്യാണസമയത്ത് സേവകരോട് പറഞ്ഞ അതേ വാക്കുകളാണ് ഇന്നും നമ്മെ നോക്കി ആവർത്തിക്കുന്നത് – “അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ”. കാരണം, ഇന്ന് മനുഷ്യരും രാഷ്ട്രങ്ങളും അനുഭവിക്കുന്ന എല്ലാ തിന്മകളുടെയും മൂലകാരണം ക്രിസ്തുവിനെ ഉപേക്ഷിച്ചതാണ് എന്നും, പലരും തങ്ങളുടെ ആത്മാവിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ വേരോടെ പിഴുതെറിയാൻ തന്ത്രപരമായും രഹസ്യമായും ശ്രമിക്കുകയും ആ തെറ്റുകൾ അഹങ്കാരത്തോടെ പ്രസംഗിക്കുന്നതിലൂടെ തങ്ങൾ പുരോഗമനത്തിന്റെ നവോത്ഥാനകാലത്തിലാണെന്ന് വ്യർത്ഥമായി അഭിമാനിക്കുകയും ചെയ്യുന്നു എന്നും പാപ്പാ വ്യക്തമാക്കുന്നു.

യഥാർത്ഥവും അചഞ്ചലവുമായ സമാധാനം ഇതുവരെ ആത്മാക്കളിലും ജനതകളിലും കാണപ്പെടാത്തതിനാൽ അത് പൂർണ്ണമായും ഫലപ്രദമായും നേടാനും അനുഭവിക്കാനും എല്ലാവരും ഭക്തിപൂർവ്വമായ പ്രാർത്ഥനയിലൂടെ പരിശ്രമിക്കണം എന്ന ആഹ്വാനത്തോടെയും, സമാധാനരാജാവിനെ ലോകത്തിനു സമ്മാനിച്ച പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിലൂടെയും രക്ഷാകർതൃത്വത്തിലൂടെയും എല്ലാ മനുഷ്യരും സൗഹൃദപൂർണ്ണമായ സമാധാനത്തിൽ ഒന്നിക്കട്ടെ എന്നുള്ള ആശംസയോടെയുമാണ് മാർപാപ്പ തന്റെ ചാക്രികലേഖനം അവസാനിപ്പിക്കുന്നത്.

ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.