ക്രിസ്തുമസ് പ്രതീക്ഷയുടെ പ്രകാശം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ ക്രിസ്തുമസ് സന്ദേശം

കോവിഡ് മഹാമാരിയുടെ അന്ധകാരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന തിരുനാളാണ് ക്രിസ്തുമസ്. യേശുവിന്റെ ജനനത്തിന് എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഏശയ്യ പ്രവാചകന്‍ പറഞ്ഞത് (ഏശ. 9:2) മത്തായി സുവിശേഷകന്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: “അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു” (മത്തായി 4:16).

കോവിഡ് പ്രതിരോധ വാക്‌സിന് ശാസ്ത്രജ്ഞന്മാര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍, ജ്യോതിശാസ്ത്രജ്ഞന്മാര്‍ കിഴക്കു കണ്ട നക്ഷത്രം പോലെയാണ് (മത്തായി 2:2) ഇന്നത്തെ മനുഷ്യന് ക്രിസ്തുമസ് പ്രതീക്ഷയുടെ പ്രകാശമായി കടന്നുവരുന്നത്. കിഴക്കു കണ്ട നക്ഷത്രം ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് വഴികാട്ടി ആയിരുന്നെങ്കില്‍ ദൈവസ്‌നേഹത്തിന്റെ ക്രിസ്തുമസ് അന്ധകാരത്തില്‍ കഴിയുന്ന ഇന്നത്തെ മനുഷ്യനും പ്രകാശത്തിലേയ്ക്കുള്ള വഴികാട്ടിയാണ്.

ക്രിസ്തുമസ് സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയാണ് (ലൂക്കാ 2:10). അതിനാല്‍ ഈ വര്‍ഷത്തെ ക്രിസതു്മസ് ആഘോഷങ്ങള്‍ ബാഹ്യ ആഘോഷത്തേക്കാളുപരി ഈ കാലഘട്ടത്തില്‍ വിഷമിക്കുന്നവര്‍ക്ക് സന്താഷം പകരാന്‍ കാരണമാകുന്ന രീതിയിലാണ് നാം ആചരിക്കേണ്ടത്. ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തെക്കുറിച്ച് ബൈബിളില്‍ നാം വായിക്കുന്നു: “തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്‌നേഹിച്ചു” (യോഹ. 3:16). മനുഷ്യനെ രക്ഷിക്കാന്‍ ദൈവം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ദൈവം തന്നെ മനുഷ്യനായി അവതരിക്കുക എന്നത്. അതുകൊണ്ടാണ് യേശുവിന്റെ ജനനവേളയില്‍ മാലാഖമാര്‍ പാടിയത്: “നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11).

ഈ കാലഘട്ടത്തില്‍ ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കണമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.

1. ക്രിസ്തുമസ് സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയാകണം (ലൂക്കാ 2:10). ക്രിസ്തുമസ് ആഘോഷിക്കേണ്ടത് ക്രിസ്ത്യാനികള്‍ മാത്രമല്ല; പള്ളിക്കുള്ളില്‍ മാത്രമാകേണ്ട ഒന്നല്ല. സകല ജനത്തിന്റെയും സന്തോഷമാകണം. അതുകൊണ്ടാണ് സാംസ്‌കാരിക നഗരമായ തൃശ്ശൂരില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി ബോണ്‍ നത്താലെ ആഘോഷം വിവിധ മതങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും പെട്ടവര്‍ ഒന്നുചേര്‍ന്ന് നാടിന്റെ കൂട്ടായ്മയുടെ ആഘോഷമായി മാറ്റുന്നത്.

2. ഈ സന്തോഷം എല്ലാവര്‍ക്കും ലഭിക്കണമെങ്കില്‍, സന്തോഷം ഏറ്റവും കുറവ് അനുഭവിക്കുന്നവരുമായി അത് പങ്കുവയ്ക്കാന്‍ ആദ്യം തയ്യാറാകണം. കോവിഡ് മൂലം വേദനിക്കുന്ന പാവപ്പെട്ടവരെ ആശ്വസിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് നാം മുന്‍ഗണന കൊടുക്കേണ്ടത്. അപ്പോഴാണ് രക്ഷകന്റെ ജനനം വേദനിക്കുന്നവരുടെ രക്ഷയ്ക്ക് കാരണമാവുക.

3. യേശുക്രിസ്തു ഇന്നും ജനിക്കുന്നത്, ലൂക്കാ 2:12-ല്‍ വായിക്കുന്നതുപോലെ, പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശു ആയിട്ടാണ്. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ആദ്യം അന്വേഷിച്ചത് ഹെറോദേസിന്റെ കൊട്ടാരത്തിലാണ്. അവര്‍ക്ക് തെറ്റിപ്പോയി. പാവപ്പെട്ട നഗരമായ ബെത്ലഹേമിലാണ് രക്ഷകന്‍ ജനിക്കുക എന്ന് അവര്‍ മനസ്സിലാക്കി; പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിലാണ് അവര്‍ രക്ഷകനെ കണ്ടത്.

കോര്‍പ്പറേറ്റുകളില്‍ രക്ഷകനെ അന്വേഷിച്ചുപോകുന്ന ഒരു സംസ്‌കാരം ഇന്ന് വളരുന്നുണ്ട്. ക്രിസ്തുമസ് നല്‍കുന്ന സന്ദേശം, രക്ഷകനെ അന്വേഷിക്കേണ്ടത് കോര്‍പ്പറേറ്റ് ഹേറോദേസുമാരുടെ മന്ദിരങ്ങളിലല്ല; മിറച്ച് നാടിന്റെ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ കൂരകളിലും തൊഴിലാളികളുടെ ചേരികളിലുമാണ്. ഇന്ന് കാണുന്ന കര്‍ഷകരുടെ മുന്നേറ്റമാണ്, സാധാരണക്കാരന്റെ മുന്നേറ്റമാണ് രക്ഷയ്ക്കുള്ള പ്രതീക്ഷ.

ജ്യോതിശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതുപോലെ, നാടിന്റെ രക്ഷ പുല്‍ക്കൂടുകളിലെ ശിശുക്കളിലാണ്; സാധാരണക്കാരന്റെ ഭവനങ്ങളിലാണ്. ഇങ്ങനെയുള്ള കഞ്ഞുങ്ങള്‍ക്കാണ്, ജ്യോതിശാസ്ത്രജ്ഞന്മാര്‍ ചെയ്തതുപോലെ പൊന്നും മീറയും കുന്തുരുക്കവും സമ്മാനമായി കൊടുക്കേണ്ടത്. സാധാരണക്കാരന്റെ ഈ പ്രതീക്ഷയെ പ്രോത്സാഹിപ്പിക്കുകയാണ് ക്രിസ്തുമസിന് നാം ചെയ്യേണ്ടത്.

4. ഇന്ന് നാമോരോരുത്തരും രക്ഷകരാകണം. ബെത്ലെഹമിലെ പുല്‍ക്കൂട്ടില്‍ രക്ഷകനുണ്ടെങ്കില്‍ ദൈവഛായയുള്ള എന്നിലും ലോകത്തിന്റെ രക്ഷകനുണ്ട്. അന്ധകാരത്തെ പഴിക്കുന്നതിനേക്കാള്‍ ഭേദം ചെറുതിരി കത്തിക്കുകയാണ്.

ബൈബിളില്‍ നല്ല സമരിയാക്കാരന്റെ കഥയുണ്ട് (ലൂക്കാ 10:25-37). ആക്രമണത്തില്‍ പരിക്കേറ്റ മനുഷ്യനെ തിരിഞ്ഞുനോക്കാതെ ലേവ്യനും പുരോഹിതനും കടന്നുപോയപ്പോള്‍, യഹൂദര്‍ പുച്ഛത്തോടെ കണ്ടിരുന്ന നല്ല സമരിയാക്കാരനാണ് അവന് രക്ഷകനായത്. ഈ കാലഘട്ടത്തിന്റെ രക്ഷയ്ക്കുള്ള പരിഹാരമായി യേശു പറയുന്നു: “നല്ല സമരിയാക്കാരനെപ്പോലെ നീയും പോയി അതുപോലെ ചെയ്യുക” (ലൂക്കാ 10:37).

5. രക്ഷകനെ ജനിപ്പിക്കാന്‍, യേശുക്രിസ്തുവിനെ രക്ഷിക്കാന്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. അതിന് ആവശ്യമായിരിക്കുന്നത്

a. മറിയത്തെ പോലെ ‘ഇതാ കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നുപറഞ്ഞ് ദൈവികപദ്ധതിക്ക് വിട്ടുകൊടുക്കണം,

b. നീതിമാനായ യൗസേപ്പിനെപ്പോലെ, ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിക്കാതെ കുടുംബത്തെ രക്ഷിക്കാന്‍ നാം തയ്യാറാകണം,

c. രാഷ്ട്രത്തിന്റെ നിയമമനുസരിച്ച് പേരെഴുതിക്കന്‍ ബെത്ലെഹമില്‍ പോകാന്‍ പറഞ്ഞപ്പോള്‍ യൗസേപ്പും മറിയവും തയ്യാറായതുപോലെ നാമും തയ്യാറാവണം – രാഷ്ട്രത്തിനുവേണ്ടി ഇറങ്ങിത്തിരിക്കണം

d. കുഞ്ഞിന് ജന്മം കൊടുക്കാന്‍, സത്രങ്ങള്‍ അടഞ്ഞാലും എത്ര വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടാലും സാധിക്കുന്നതുപോലെയുള്ള പുല്‍ക്കൂടുകള്‍ ഉണ്ടാക്കി കുടുംബത്തെ രക്ഷിക്കണം

e. സ്വന്തം അധികാരത്തിനുവേണ്ടി കുഞ്ഞുങ്ങളെയടക്കം കൊല്ലാന്‍ തയ്യാറാകുന്ന ഹേറോദേസുമാര്‍ ഇന്നും നമ്മുടെ ചുറ്റുപാടില്‍ ഉണ്ട്; സ്വന്തം രക്ഷയേക്കാള്‍ കുഞ്ഞിന്റെ രക്ഷയ്ക്ക് പ്രധാന്യം കൊടുക്കുമ്പോള്‍ ഈജിപ്തിലേക്ക് ഓടിപ്പോകേണ്ടിവരും.

f. രക്ഷകനെ വളര്‍ത്തിക്കൊണ്ടുവരാന്‍ നല്ല ആശാരിയായി പ്രവര്‍ത്തിച്ച യൗസേപ്പിനെപ്പോലെയും കുടുംബത്തെ പുലര്‍ത്തിയ മറിയത്തെപ്പോലെയും അദ്ധ്വാനിക്കണം; അടിസ്ഥാന സമൂഹമായ കുടുംബത്തെ രൂപീകരിക്കണം. ചുരുക്കത്തില്‍ ദൈവത്തിനും നാടിനും കുടുംബത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കണം. അപ്പോള്‍ നിന്റെ കുടുംബത്തില്‍ രക്ഷകന്‍ പിറക്കും; ആ രക്ഷകന്‍ നിന്റെ നാടിനെയും സമൂഹത്തെയും രക്ഷിക്കും. അതിനാല്‍ ക്രിസ്തുമസിന്റെ സന്ദേശം നിന്നിലും നിന്റെ കുടുംബത്തിലും സമൂഹത്തിലും രക്ഷകനെ ജനിപ്പിക്കുക എന്നതാണ്. ആ രക്ഷകന്‍ അന്ധകാരത്തില്‍ ജനത്തിന് പ്രകാശമായി മാറും. അപ്പോള്‍ ക്രിസ്തുമസ് പ്രതീക്ഷയുടെ പ്രകാശമാകും.

മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.