ക്രിസ്മസ് ധ്യാനം: 7 എലിസബത്ത്

”ഇതാ, നിന്റെ അഭിവാദന സ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടി.” (ലൂക്കാ 1:44)

സുവിശേഷങ്ങളില്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമെ പ്രത്യക്ഷപ്പെടുന്നുവെങ്കിലും ആഴമാര്‍ന്ന വിശ്വാസത്തിന്റെയും നന്മയുടെയും ഓര്‍മ്മകളുണര്‍ത്തുന്ന വ്യക്തിത്വമാണ് എലിസബത്തിന്റേത്. സ്‌നാപകയോഹന്നാന്റെ ജനനവുമായി ബന്ധപ്പെട്ട നിമിഷങ്ങളിലും മറിയത്തിന്റെ സന്ദര്‍ശനവേളയിലുമാണ് നാം എലിസബത്തിനെ കാണുന്നത്. സഖറിയായുടെ ഭാര്യ, സ്‌നാപകയോഹന്നാന്റെ അമ്മ, മറിയത്തിന്റെ ബന്ധു എന്നീ നിലകളില്‍ എലിസബത്തിനെ സുവിശേഷകന്‍ പരിചയപ്പെടുത്തുന്നു.

‘ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠയും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവളുമായിരുന്നു എലിസബത്ത്’ (ലൂക്കാ 1:6). ദൈവത്തിന്റെ വഴികളെ പരിഭവങ്ങളില്ലാതെ ആശ്ലേഷിക്കുന്ന പുത്രീഹൃദയം എലിസബത്തില്‍ കാണാനാകും. വര്‍ഷങ്ങളോളം വന്ധ്യയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവദൂതന്റെ ദര്‍ശനത്തിനുശേഷം ഭര്‍ത്താവ് മൂകനായിത്തീര്‍ന്നപ്പോഴും വാര്‍ധക്യത്തില്‍ തുണയാകേണ്ട ഏകമകന്‍ രക്ഷകനു വഴിയൊരുക്കാനായി മരുഭൂമിയിലേക്കിറങ്ങിത്തിരിക്കുമ്പോഴും എല്ലാം വിധിയെന്ന് പറഞ്ഞ് സമാധാനിക്കുന്ന നിസംഗതയേക്കാള്‍ ദൈവേഷ്ടം തിരിച്ചറിഞ്ഞ് ധൈര്യപൂര്‍വ്വം ആശ്ലേഷിക്കുന്ന വിശ്വാസചൈതന്യമാണ് നാം എലിസബത്തില്‍ കാണുന്നത്.

കൂടിക്കാഴ്ചകളെ ദൈവാനുഭവത്തിന്റെ നിമിഷങ്ങളാക്കി മാറ്റാനാകുമെന്ന് എലിസബത്ത് പഠിപ്പിക്കുന്നു. തന്നെ സന്ദര്‍ശിക്കുവാന്‍ വരുന്ന മറിയത്തെ വളരെ ഹൃദ്യമായാണ് എലിസബത്ത് സ്വീകരിക്കുന്നത്. ”എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” എന്ന എളിമയുടെ വാക്കുകള്‍ എലിസബത്തിന്റെ വിശ്വാസത്തിന്റെയും നന്മയുടെയും ആഴം വെളിപ്പെടുത്തുന്നു.

വിലാപത്തിലും പല്ലുകടിയിലും അവസാനിക്കുന്ന വര്‍ത്തമാനകാലത്തില്‍ ബന്ധുക്കളായ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച ധ്യാനവിഷയമാക്കേണ്ടതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു. ഓരോ ദിവസവും എത്രയോ വ്യക്തികളെ നാം കാണുന്നു. പരസ്പരം നല്കാനാകുന്ന ആനന്ദം വളരെ വലുതാണ്. പക്ഷേ, അനുദിന കണ്ടുമുട്ടലുകള്‍ വലിപ്പചെറുപ്പത്തിന്റെ മത്സരവേദികളാക്കുന്നതിനാല്‍ സൗഹൃദത്തിന്റെ സന്തോഷം പലപ്പോഴും നഷ്ടപ്പെടുകയാണ്. ആരെക്കണ്ടാലും ഒന്നു ചെറുതാക്കുന്ന ക്രൂരതയുടെ സുഖം ഒഴിവാക്കേണ്ടതാണ്. ”അവന്‍ ആ തച്ചന്റെ മകനല്ലേ” എന്നു പറയുന്നതിലൂടെ നാം അനുഭവിക്കുന്ന വലുപ്പം കണ്ടുമുട്ടലുകളുടെ ദൈവികതയെ നഷ്ടമാക്കുന്നു.

കൂട്ടായ്മയുടെ സന്തോഷം അംഗീകരിക്കാനാകാത്തവര്‍ ചിലരെങ്കിലുമുണ്ട്. ഒത്തുചേരലിന്റെ ഏതവസരങ്ങളെയും അലങ്കോലപ്പെടുത്തുന്നത് ഇത്തരക്കാര്‍ക്ക് വിനോദമാണ്. സമൃദ്ധമായി ഭക്ഷണം കഴിച്ചതിനുശേഷം ഉപ്പിനു നിറം കുറവായിരുന്നുവെന്നെങ്കിലും കുറ്റം പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് സമാധാനമാകില്ല. മൃതസംസ്‌ക്കാര ശുശ്രൂഷയ്ക്ക് മുമ്പുള്ള ഫോട്ടോ എടുക്കല്‍ ചടങ്ങ് ശ്രദ്ധിച്ചാല്‍ ഇത്തരക്കാരെ തിരിച്ചറിയാനാകും. തങ്ങളെ അന്വേഷിച്ച് വിളിക്കട്ടെ എന്നു കരുതി ഇവര്‍ ആരും കാണാതെ മറഞ്ഞു നില്ക്കും. ഇവരെ ഓര്‍ത്ത്, പ്രത്യേകം ക്ഷണിച്ച് ഫോട്ടോയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ മരണദുഃഖത്തെക്കാള്‍ വലിയ വേദന ആ കുടുംബത്തില്‍ ഇവര്‍ ഉളവാക്കും. നന്മയില്‍ വളരാത്ത മനസ്സിന്റെ വൈകല്യമായേ ഇത്തരം സ്വഭാവത്തെ കാണാനാകൂ.

സ്വീകരണത്തിന്റെ ഹൃദ്യതയിലൂടെ വെളിപ്പെടുന്നത് സ്‌നേഹത്തിന്റെ ആഴമാണ്. ഫരിസേയന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു ഈ സത്യം പഠിപ്പിക്കുന്നുണ്ട് (യോഹ 7: 36-50). സ്വീകരണത്തിന്റെ ബാലപാഠങ്ങള്‍ മറന്നുപോയ ഫരിസേയനോട് യേശു പറയുന്നത്, കണ്ണീരുകൊണ്ടു തന്റെ പാദങ്ങള്‍ കഴുകി, തലമുടികൊണ്ട് തുടച്ച്, ചുംബനം നല്കി, സുഗന്ധതൈലം പൂശിയ പാപിനി തന്നെ അധികം സ്‌നേഹിച്ചുവെന്നാണ്. ഉള്ളിലെ സ്‌നേഹത്തിന്റെ ആഴമനുസരിച്ച് മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിന്റെ ഹൃദ്യത വര്‍ദ്ധിക്കും. സ്നേഹമുള്ളവര്‍ക്കേ ഹൃദയത്തില്‍ സഹോദരന് ഇടം നല്കാനാകൂ.

എന്നെ സ്വീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പമാണോ എന്നു ചിന്തിക്കുന്നതും പ്രസക്തമാണ്. ചിലരെയൊക്കെ സ്വീകരിക്കാന്‍ ഹൃദയത്തിന് ഏറെ ക്ലേശിക്കേണ്ടിവരും. എന്നെ സ്വീകരിക്കല്‍ സുഗമമാക്കിയാല്‍ എന്റെ സന്ദര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഭാഗ്യമായി കരുതും. ഒത്തുചേരലിന്റെ നിമിഷങ്ങളെ എന്റെ സാന്നിധ്യം കൂടുതല്‍ സുന്ദരമാക്കണം.

ക്രിസ്തുമസ്സില്‍ നാം അനുസ്മരിക്കുന്നത് നമ്മുടെ ഇടയിലേക്ക് മനുഷ്യനായി വന്ന ദൈവത്തിന്റെ സന്ദര്‍ശനമാണ്. എലിസബത്തിനെപ്പോലെ എളിമയോടെ, നന്മനിറഞ്ഞ ഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും നമ്മുടെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യാം. കണ്ടുമുട്ടലിന്റെ, സ്വീകരണത്തിന്റെ സന്തോഷം നമ്മില്‍ നിറയട്ടെ.

ഫാ. ബിജു പെരുമായന്‍

പ്രാര്‍ത്ഥന:

ദൈവമേ, പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയും സുഹൃത്ത്ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട ആത്മീയതയുമാണല്ലോ അങ്ങ് എലിസബത്തിലൂടെ ഞങ്ങളെ പഠിപ്പിക്കുന്നത്. ഏതു വ്യക്തിയെ കാണുമ്പോഴും അവനില്‍ ദൈവസാന്നിധ്യം ദര്‍ശിക്കാനും, അവനിലെ വലിപ്പത്തെ അംഗീകരിച്ച് അഭിനന്ദിക്കാനുമുള്ള ഹൃദയവിശാലതയും ധൈര്യവും എനിക്കു നല്‍കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.