ക്രിസ്മസ് ധ്യാനം: 4. മാലാഖ

മാലാഖമാരുടെ വസന്തകാലം ഭൂമിയില്‍ അവസാനിക്കുന്നില്ല. എന്നിലൂടെയും നിന്നിലൂടെയും അത് തുടരുകയാണ്.

ദൈവത്തിന്റെ സുന്ദരസ്വപ്നങ്ങളുമായി മാലാഖമാര്‍ ഭൂമിയിലേയ്ക്ക് പറന്നിറങ്ങുകയാണ്… നിനച്ചിരിക്കാത്ത ഇടങ്ങളിലേയ്ക്കും വ്യക്തികളിലേയ്ക്കും ഇടതടവില്ലാതെ അത് സംഭവിക്കുന്നു. മറിയത്തിന്റെ മുന്നിലേയ്ക്ക് (ലൂക്കാ 1:57), സഖറിയായ്ക്ക് (ലൂക്കാ 2:11), ജോസഫിന് പല പ്രാവശ്യം (മത്താ. 1:20, 2:13-19), ആട്ടിടയന്മാര്‍ക്ക് (ലൂക്കാ 2:10), കിഴക്കുദേശത്തെ ജ്ഞാനികള്‍ക്ക് (മത്താ. 2:12) മാലാഖ പ്രത്യക്ഷപ്പെടുന്നതായി നമ്മള്‍ വായിക്കുന്നു.

അതെ, ഇത് മാലാഖമാരുടെ വസന്തകാലമാണ്. ഭൂമിയില്‍ നന്മയുളളവര്‍ ശേഷിക്കുന്നു എന്നതിന്റെ തെളിവാണെന്നു തോന്നുന്നു മാലാഖമാരുടെ സന്ദര്‍ശനം. ഭൂമിയില്‍ മനുഷ്യന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച മാലാഖമാരുടെ സന്ദര്‍ശനങ്ങളെക്കുറിച്ച് നാം എത്രയോ ധ്യാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്, മറിയത്തെ സന്ദര്‍ശിച്ച് മംഗളവാര്‍ത്തയറിയിച്ച മാലാഖയെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ സായംസന്ധ്യയില്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന മറിയമെന്ന ‘പ്രതിശ്രുത’ വധുവിന്റെ സുന്ദരസ്വപ്നങ്ങള്‍ക്കു മുന്നില്‍ മാലാഖ അവതരിക്കുന്നു. ആ മാലാഖ പറഞ്ഞ വാര്‍ത്തയിലൊന്നുപോലും ഒരു യഹൂദ കന്യകയ്ക്ക് ശുഭകരമായിരുന്നില്ല. എന്നാല്‍ മറുലോകത്തുനിന്നെത്തിയ മാലാഖയുടെ വാക്കുകളില്‍ ദൈവത്തിന്റെ ഇംഗിതം തിരിച്ചറിയാന്‍ അവള്‍ക്ക് കഴിഞ്ഞു.

മാലാഖമാരുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് ധ്യാനിക്കുന്ന നമുക്ക് ലഭിക്കുന്ന സന്ദേശമെന്താണ്? നമ്മുടെ ജീവിതം മാലാഖമാരുടേതിന് തുല്യമാക്കുക എന്നതുതന്നെ. മാലാഖമാരുടെ വസന്തകാലം ഇന്നീ ഭൂമിയില്‍ തീര്‍ക്കാന്‍ നമുക്കു മാത്രമേ കഴിയൂ. ഇനിയൊരുപക്ഷേ ആകാശം ചായിച്ച് മാലാഖമാര്‍ ഇറങ്ങി വരില്ല. ക്രിസ്തുവിന് ശേഷം മനുഷ്യകുലത്തിനു തന്നെ ‘റാഡിക്കലായ’ ഒരു പരിണാമം സംഭവിച്ചിരിക്കുന്നു. ഇനി നമ്മളാണ് മാലാഖമാര്‍. സാന്ത്വനത്തിന്റെ സദ്വാര്‍ത്തയുമായി മറ്റുള്ളവരുടെ ദു:ഖനിമിഷങ്ങളിലേയ്ക്ക് അലിഞ്ഞു ചേരാന്‍ നമുക്ക് കഴിയണം. അതിന് ഇനി ആകാശങ്ങളില്‍ നിന്ന് ഒരു മാലാഖ അവതരിക്കേണ്ട കാര്യമില്ല.

ജീവിതപങ്കാളി നിരാശനാകുമ്പോള്‍ ‘സാരമില്ല പോകട്ടെ, ഇത് മാറും’ എന്ന് പറയാന്‍ മറ്റേയാള്‍ക്ക് കഴിയണം. മക്കളുടെ ധൂര്‍ത്തുകണ്ട് ആകുലയാകുന്ന ഭാര്യയ്ക്ക് സാന്ത്വനം നല്കാന്‍ ഭര്‍ത്താവിന് കഴിയണം. സഹപ്രവര്‍ത്തകര്‍ നല്ലൊരു കാര്യം ചെയ്തു എന്നറിയുമ്പോള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകുക. അവര്‍ക്ക് ഒരു വീഴ്ചയുണ്ടാകുമ്പോള്‍ നിശബ്ദമായി ആശ്വസിപ്പിക്കുക, രഹസ്യമായി തെറ്റു തിരുത്താനും തയ്യാറാകുക. എന്തൊരു വലിയ കാര്യമാണത്? മാലാഖമാര്‍ക്കു മാത്രം കഴിയുന്ന ഒരു കാര്യം. അതിനു പകരം എനിക്കു ഭീഷണിയായിത്തീരുമെന്ന ധാരണയില്‍ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചു കാണിക്കാന്‍ തയ്യാറായാല്‍? അപരനെ കുറ്റം പറഞ്ഞാല്‍ എന്റെ തെറ്റുകള്‍ ഇല്ലാതാകുമെന്ന ഒരു ചിന്ത അറിയാതെ നമ്മില്‍ രൂപപ്പെട്ടിട്ടുണ്ടോ? അന്യന്റെ ആത്മനാശത്തില്‍ സ്വന്തം ആത്മശാന്തി കണ്ടെത്താനുള്ള വെറും യുക്തിയാണിത്.

ദൈവമേ, നല്ലതു മാത്രം പറയുവാനും കേള്‍ക്കുവാനും കഴിഞ്ഞിരുന്നെങ്കില്‍? ഓരോ പുലരിയിലും അപരര്‍ക്ക് നല്കാന്‍ ഒരു ശുഭവാര്‍ത്തയുമായി ഉറക്കമുണരാന്‍ കഴിയുക… ഓരോ സന്ധ്യയിലും ഒരു മംഗളവാര്‍ത്തയെങ്കിലും പറഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കണ്ണുകള്‍ പൂട്ടാന്‍ കഴിയുക… എന്തൊരു ഭാഗ്യമാണത്!

ഫാ. ബിബി തറയില്‍

പ്രാര്‍ത്ഥന:
ദൈവമേ, ജീവിതത്തില്‍ പലപ്പോഴും മാലാഖയുടെ ദൗത്യം നിര്‍വ്വഹിക്കാതെ ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റെയും വാര്‍ത്തകളാണ് ഞാന്‍ പകര്‍ന്നു നല്‍കിയത്. കറുത്ത മാലാഖയായി ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ. ഇനിയെങ്കിലും സദ്‌വാര്‍ത്തകള്‍ മറ്റുള്ളവരെ അറിയിക്കുന്ന കര്‍ത്താവിന്റെ മാലാഖയാകാന്‍ വരം നല്‍കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ