നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനെ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ജോൺ ഗബാക്കാനെ എന്ന വൈദികനെയാണ് തട്ടികൊണ്ട് പോയതിനു ഒരു ദിവസത്തിനു ശേഷം മരിച്ചനിലയിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തത്ര ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്.

നൈജീരിയയിലെ മിഡിൽ ബെൽറ്റിലെ മിന്ന രൂപതയിലെ ഫാ. ജോണിനെ ജനുവരി 15 -ന് വൈകുന്നേരം അജ്ഞാതർ ആക്രമിച്ചു. ഇളയ സഹോദരനോടൊപ്പം നൈജർ സ്റ്റേറ്റിലെ ലംബാറ്റ-ലപായ് റോഡിലൂടെ യാത്ര ചെയ്യവേയായിരുന്നു ഇരുവരെയും തട്ടികൊണ്ട് പോയത്. രണ്ട് സഹോദരന്മാരുടെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ ആദ്യം 30 ദശലക്ഷം നായറ ആവശ്യപ്പെട്ടതായി ഫിഡെസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് അഞ്ച് ദശലക്ഷം നായറയായി കുറച്ചു.

വൈദികന്റെ മൃതദേഹം ജനുവരി 16 -ന് മരത്തിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന്‍ പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും കണ്ടെടുത്തു. തട്ടികൊണ്ട് പോകപ്പെട്ട വൈദികന്റെ സഹോദരനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. ഫാ. ഗബാക്കാന്റെ കൊലപാതകത്തെ തുടർന്ന്, പുരോഹിതർക്കെതിരായ ആക്രമണം തടയാൻ നടപടിയെടുക്കാൻ ക്രിസ്ത്യൻ നേതാക്കൾ നൈജീരിയയിലെ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

“ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത് ഞങ്ങളുടെ ജീവിതത്തെയും സ്വത്തുക്കളെയും നശിപ്പിക്കുന്ന ദുഷ്ടന്മാരിൽ നിന്നുള്ള സംരക്ഷണമാണ്” – വടക്കൻ നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ വൈസ് ചെയർമാൻ ഫാ. ജോൺ ജോസഫ് ഹയാബിനെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.