
“ഹെയ്തിയിൽ എല്ലാ ദിവസവും രക്തചൊരിച്ചിൽ നടക്കുന്നുണ്ട്. കുട്ടികൾ മരിക്കുന്നു, പ്രായമായവരെ വെടിവച്ച് കൊല്ലുന്നു. ഈ പ്രദേശത്ത് തീയിടുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഹെയ്തിയെക്കുറിച്ച് നിരവധി അന്താരാഷ്ട്ര മീറ്റിംഗുകളും ചർച്ചകളും നടക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ അവയുടെ ഫലം നമുക്ക് ലഭിക്കുന്നില്ല. ഒരു ജനതയുടെ ജീവൻ രക്ഷിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ”- ഹെയ്തിയൻ ജനതയുടെ ജീവൻ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർഥിച്ച് പോർട്ട്-ഔ-പ്രിൻസ് (ഹെയ്തി) ആർച്ചുബിഷപ്പ് മാക്സ് ലെറോയ്‌സ് മെസിഡോർ പറഞ്ഞു.
“ദയവായി വൈകരുത്, കാരണം നമ്മൾ ദുരന്തത്തിന്റെ വക്കിലാണ്,” എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് ഹെയ്തിയുടെ (CEH) പ്രസിഡന്റ് കൂടിയായ ബിഷപ്പ് മെസിഡോർ കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭ (യു എൻ) അംഗീകരിച്ച കെനിയൻ നേതൃത്വത്തിലുള്ള പൊലീസ് പിന്തുണാദൗത്യം ‘വലിയ നിരാശ’യാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. ഹെയ്തിയിലെ അക്രമം അഭൂതപൂർവമാണെന്നും പുറത്തുവിടുന്ന ഓരോ കണക്കും ഒരു പുതിയ റെക്കോർഡ് ആണെന്നും യു എൻ അഭിപ്രായപ്പെട്ടു.
ദൗത്യം യഥാർഥത്തിൽ വിജയിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരും കൂടുതൽ ഉചിതമായ ഉപകരണങ്ങളും ആവശ്യമാണെന്നും വ്യക്തമായ സുരക്ഷാ പദ്ധതിയും തീരുമാനമെടുക്കുന്നവരിൽ നിന്നുള്ള തുടർച്ചയായ പ്രതിബദ്ധതയും ആവശ്യമാണെന്ന് എപ്പിസ്കോപ്പേറ്റ് പ്രസിഡന്റ് വെളിപ്പെടുത്തി. “പോർട്ട്-ഔ-പ്രിൻസ് പ്രായോഗികമായി സായുധ ഗ്രൂപ്പുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. തലസ്ഥാനത്തിന്റെ 85% വും സംസ്ഥാന നിയന്ത്രണത്തിന് പുറത്താണ്. പ്രാന്തപ്രദേശങ്ങളിലും, പ്രത്യേകിച്ച് കെൻസ്കോഫ് പർവതനിരകളിലും സ്ഥിതി സമാനമാണ്”- ആർച്ചുബിഷപ്പ് മെസിഡോർ അഭിപ്രായപ്പെട്ടു.
അക്രമങ്ങൾക്കിടയിലും, ഹെയ്തിയിലെ കത്തോലിക്കാ സഭ സാധ്യമായ പരിധിക്കുള്ളിൽ തങ്ങളുടെ ദൗത്യത്തിൽ വിശ്വസ്തത പുലർത്തിയിട്ടുണ്ട്. “ഭ്രഷ്ടരാക്കപ്പെട്ടവർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, വസ്ത്രം എന്നിവ നൽകിക്കൊണ്ട് അവരെ പിന്തുണയ്ക്കാൻ സഭ ശ്രമിക്കുന്നു. സഭയുടെ ധനസമാഹരണ പ്രവർത്തനങ്ങളും സാധനങ്ങളും ഈ ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും, ക്രൂരതയിൽ നിന്ന് രക്ഷപ്പെടാൻ വീടുകളും സ്വത്തുക്കളും ഉപേക്ഷിക്കേണ്ടിവന്നവർക്ക് വിതരണം ചെയ്യുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.




