
ഇന്ത്യയിലെ പ്രമുഖ ക്രിസ്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള സമ്മർദവും ഭീഷണികളും വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഗ്രാമീണ മേഖലകളിലെ പ്രാർഥനാ യോഗങ്ങൾക്ക് നേരെ നടന്നിരുന്ന ആക്രമണങ്ങളും തടസ്സപ്പെടുത്തലുകളും ഇപ്പോൾ പ്രശസ്തമായ നഗര കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് അന്താരാഷ്ട്ര കത്തോലിക്കാ വാർത്താ ഏജൻസിയായ ‘സെനിറ്റ്’ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പടിഞ്ഞാറൻ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരിന്റെ പിന്തുണയോടെയാണ് ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെയും വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും ചരിത്രപ്രസിദ്ധവുമായ പശ്ചിമ ബംഗാളിലെ ശ്രീരാംപൂർ കോളേജിന് (Serampore College) നേരെ യൂട്യൂബ് ചാനലുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കോളേജ് മതപരിവർത്തന കേന്ദ്രമായി പ്രവർത്തിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ഉദ്യോഗസ്ഥരും തീവ്ര സംഘടനകളും നടത്തുന്ന അനാവശ്യ പരിശോധനകളും ചോദ്യം ചെയ്യലുകളും സ്ഥാപനങ്ങളുടെ ഭരണസമിതികൾക്കും അധ്യാപകർക്കും കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടാൻ പ്രധാന ആയുധമായി ഉപയോഗിക്കുന്നത് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങളാണ്. കേവലം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, വൈദിക പഠനവും ദൈവശാസ്ത്ര പഠനവും (Theological Studies) നൽകുന്ന കോളേജുകളുടെ പ്രവർത്തന സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണെന്ന് സഭാ അധികാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
1827-ൽ ഡെൻമാർക്കിലെ ഫ്രെഡറിക് ആറാമൻ രാജാവിന്റെ റോയൽ ചാർട്ടർ പ്രകാരം സ്ഥാപിതമായ ശ്രീരാംപൂർ കോളേജ് ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങൾ പോലും ഇത്തരം വ്യാജ പ്രചാരണങ്ങൾ കാരണം ഭീഷണിയിലാണെന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ തിരിച്ചടിയാണെന്ന് കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് നേതൃത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നു.




