
പോളണ്ടിലെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ നടന്ന കത്തി ആക്രമണത്തിൽ പരിക്കേറ്റ വൈദികൻ അക്രമിയോട് പൂർണ്ണമായി ക്ഷമിക്കുകയും, അക്രമിക്ക് മാനസാന്തരം ഉണ്ടാകുന്നതിനായി പ്രാർഥിക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. സെപ്റ്റംബർ 24-ന് നടന്ന ദാരുണമായ ആക്രമണത്തിൽ ബെനഡിക്റ്റൈൻ ആശ്രമത്തിലെ റെക്ടറായ ഫാ. സ്റ്റാനിസ്വാഫ് സ്ബോയ്നോവിച്ച് (Fr. Stanisław Zbojnowicz) കൊല്ലപ്പെടുകയും, ഫാ. അഡ്രിയാൻ മന്തികിയേവിച്ച് (Fr. Adrian Mantykiewicz), ഫാ. മാരെക് പിയെൻസ്കോവ്സ്കി (Fr. Marek Pieńkowski) എന്നിവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തിന് ശേഷം നടത്തിയ ആദ്യ ദിവ്യബലി മധ്യേയുള്ള സന്ദേശത്തിലാണ് തലയിൽ മുറിവുകളും മുഖത്ത് വീക്കവുമുള്ള ഫാ. അഡ്രിയാൻ അക്രമിയോട് ക്ഷമിച്ചതായി പ്രഖ്യാപിച്ചത്. “യേശുക്രിസ്തുവിന്റെ ശിഷ്യൻ എന്ന നിലയിൽ, കൊല്ലപ്പെട്ട ഫാ. സ്റ്റാനിസ്വാഫിന്റെയും പരിക്കേറ്റ ഫാ. മാരെക്കിന്റെയും എന്റെയും പേരിൽ ഞാൻ വളരെ വ്യക്തമായി പറയുന്നു. ഞങ്ങൾ അക്രമിയോട് പൂർണ്ണമായി ക്ഷമിച്ചിരിക്കുന്നു. നമ്മുടെ അക്രമിക്കു വേണ്ടിയും അദ്ദേഹത്തിന് ദൈവകൃപ ലഭിക്കുന്നതിനും മനഃപരിവർത്തനത്തിനും വേണ്ടിയും പ്രാർഥിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നാണ് ഈ വാക്കുകൾ ഞാൻ പറയുന്നത്. ഈ പ്രാർഥന ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് അദ്ദേഹമാണ്” ഫാ. അഡ്രിയാൻ മന്തികിയേവിച്ച് പറഞ്ഞു.
അക്രമിയുടെ മാതൃരാജ്യത്തെയോ വംശത്തെയോ ആരും കുറ്റപ്പെടുത്തരുതെന്ന് ഫാ. അഡ്രിയാൻ അഭ്യർഥിച്ചു. തിന്മ ചെയ്തത് ഒരു വ്യക്തി മാത്രമാണെന്നും, ഒരു സമൂഹത്തെ മുഴുവൻ അതിൽ ഭാരപ്പെടുത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അക്രമിക്ക് കടുത്ത മാനസിക വിഭ്രാന്തി (psychotic disorder) ഉള്ളതായി മനഃശാസ്ത്ര വിദഗ്ദ്ധർ കണ്ടെത്തിയെന്നും ഭരണകൂടം വ്യക്തമാക്കി.
ആക്രമണത്തിൽ വീരമൃത്യു വരിച്ച ഫാ. സ്റ്റാനിസ്വാഫ് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പരിക്കേറ്റ ഫാ. മാരെക് ഉൾപ്പെടെയുള്ളവർ ചികിത്സയിൽ തുടരുകയാണ്. തിന്മയ്ക്ക് പകരം തിന്മ ചെയ്യരുതെന്നും, സ്നേഹവും കരുണയും പ്രാർഥനയും കൊണ്ട് അതിനെ നേരിടണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.




