കർദിനാൾ മത്തെയോ സൂപ്പിയുടെ മൂന്ന് ദിവസത്തെ മോസ്കോ സന്ദർശനം ആരംഭിച്ചു

പരിശുദ്ധ സിംഹാസനത്തിന്റെ മാനുഷിക കാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതനും ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ മത്തെയോ സൂപ്പി റഷ്യയിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനം ആരംഭിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഈ സന്ദർശനം, 2023 ജൂണിനും 2024 ഒക്ടോബറിനും ശേഷം മോസ്കോയിലേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ദൗത്യമാണ്.

കഴിഞ്ഞ ജൂലൈയിൽ ഉക്രൈൻ സന്ദർശിച്ചതിന് ശേഷമാണ് കർദിനാളിന്റെ ഈ റഷ്യൻ സന്ദർശനം. ഉക്രൈൻ സന്ദർശനത്തിനിടെ അദ്ദേഹം എൽവിവ് (Lviv) മേഖലയിലുള്ള റഷ്യൻ യുദ്ധത്തടവുകാരുടെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഉക്രേനിയൻ, റഷ്യൻ യുദ്ധത്തടവുകാരുടെ അവസ്ഥ, സ്വന്തം നാടുകളിൽ നിന്ന് മാറ്റപ്പെടുകയും കുടുംബങ്ങളിൽ നിന്ന് വേർപിരിയുകയും ചെയ്ത കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവയാണ് കർദിനാൾ സൂപ്പിയുടെ മാനുഷിക ദൗത്യത്തിന്റെ പ്രധാന കേന്ദ്രബിന്ദു.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് കർദിനാൾ സൂപ്പി സ്ഥിരീകരിച്ചു. “ഫ്രാൻസിസ് മാർപാപ്പ തുടക്കമിടുകയും പിന്നീട് ലെയോ പതിനാലാമൻ മാർപാപ്പ സ്ഥിരീകരിക്കുകയും ചെയ്ത മാനുഷിക ദൗത്യത്തിന്റെ ഭാഗമാണിത്,” അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ പ്രശ്നങ്ങൾ, യുദ്ധത്തടവുകാരുടെ കൈമാറ്റം, യുദ്ധം മൂലം സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കാൻ ഇരുപക്ഷത്തെയും സഹായിക്കുകയാണ് തന്റെ ചുമതലയെന്ന് കർദിനാൾ വിശദീകരിച്ചു.

ഉക്രേനിയൻ, റഷ്യൻ വിഭാഗങ്ങളിൽ നിന്നുള്ള എല്ലാ അഭ്യർഥനകളും വിലയിരുത്തുന്നുണ്ടെന്നും യുദ്ധം ഉണ്ടാക്കുന്ന കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വത്തിക്കാന്റെ സ്റ്റേറ്റ്സ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ ഓഗസ്റ്റ് അവസാനം നടത്തിയ റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണ് കർദിനാൾ സൂപ്പിയുടെ ഈ ദൗത്യം. യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർ, തടവുകാർ, കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ കുട്ടികൾ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമങ്ങളിലാണ് വത്തിക്കാൻ മുൻഗണന നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.