
കൈകളെ കാലുകളായും വീൽചെയറിനെ ഷൂസുകളായും മാറ്റി വിധിക്ക് മുന്നിൽ പതറാതെ പോരാടുന്ന 55 -കാരനായ സീ ജുൻവു (Xie Junwu) വിന്റെ ജീവിതം വലിയൊരു പ്രചോദനമാണ്. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ നാൻചാങ് സ്വദേശിയായ സീ ജുൻവു തനിക്കേറ്റ ഗുരുതരമായ ശാരീരിക വെല്ലുവിളികളെ മറികടന്ന് വീൽചെയറിൽ സ്കേറ്റ്ബോർഡിംഗ് നടത്തിയാണ് ഇന്ന് ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്.
‘വിൻഡ് – ബ്രേക്കിംഗ് റൈഡർ’ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. പത്തൊൻപതാം വയസ്സിൽ മരത്തിൽ നിന്ന് വീണുണ്ടായ അപകടത്തിലാണ് സീ യുടെ നെഞ്ചെല്ലിന് താഴോട്ടുള്ള ഭാഗം തളർന്നുപോകുന്നത്. തുടർന്ന് എട്ടു വർഷത്തോളം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടിയ സീ ജുൻവു പൂർണ്ണമായും അമ്മയുടെ പരിചരണത്തിലാണ് ജീവിച്ചത്.
എന്നാൽ 2000 -ൽ അമ്മയുടെ പെട്ടെന്നുള്ള വേർപാട് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനായി സ്വയം ജീവിക്കാൻ പഠിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു. 2004 -ൽ ക്വിംഗ്ദാവോയിൽ നടന്ന ഒരു കൂട്ടായ്മയിൽ വച്ചാണ് മറ്റൊരു വ്യക്തി വീൽചെയർ പിൻചക്രങ്ങളിൽ ബാലൻസ് ചെയ്യുന്നത് സീ ജുൻവു കാണുന്നത്. അവിടെ നിന്നാണ് വീൽചെയറിലെ സാഹസിക അഭ്യാസങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.
സ്വയം പരിശീലിച്ച് വീൽചെയർ അഭ്യാസങ്ങൾ സ്വായത്തമാക്കുന്നതിനിടയിൽ പലതവണ പരിക്കേറ്റു. എന്നാൽ പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. തുടർച്ചയായി 25.8 കിലോമീറ്റർ ദൂരം വീൽചെയർ പിൻചക്രങ്ങളിൽ മാത്രം ഓടിച്ച് അമേരിക്കൻ സ്വദേശിയുടെ പേരിലുണ്ടായിരുന്ന ലോക റെക്കോർഡ് സീ ജുൻവു സ്വന്തമാക്കി.
1,800 മീറ്റർ ഉയരമുള്ള പ്രശസ്തമായ ഹുവാങ്ഷാൻ പർവതം നാല് തവണയാണ് അദ്ദേഹം വീൽചെയറിൽ കീഴടക്കിയത്. ന്യൂയോർക്ക് സിറ്റി മാരത്തൺ ഉൾപ്പെടെ ആഗോളതലത്തിൽ 32 മാരത്തണുകൾ പൂർത്തിയാക്കി അദ്ദേഹം മെഡലുകൾ നേടി.
ചെറുപ്പകാലത്തെ റോളർ – സ്കേറ്റിംഗ് ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച സീ ജുൻവു, കഴിഞ്ഞ വർഷം സ്വന്തമായി വീൽചെയർ ഉറപ്പിക്കാൻ പാകത്തിലുള്ള ഒരു പ്രത്യേക സ്കേറ്റ്ബോർഡ് നിർമ്മിച്ചു. നഗരവീഥികളിലൂടെ വീൽചെയർ സ്കേറ്റ്ബോർഡിൽ അദ്ദേഹം നടത്തുന്ന അഭ്യാസങ്ങളുടെ വീഡിയോകൾ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സീ ജുൻവു നട്ടെല്ലിന് പരിക്കേറ്റ മറ്റു രോഗികൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ചൈനയിലെ ആദ്യത്തെ വീൽചെയർ സ്കേറ്റ്ബോർഡിംഗ് മത്സരത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം ഇപ്പോൾ.




