അണയാത്ത വിളക്കുകളും പ്രത്യാശയുടെ രാവുകളും

ജിൻസി സന്തോഷ്

മനുഷ്യജീവിതം ഒരു കാത്തിരിപ്പാണ്; അർഥപൂർണ്ണമായ ഒന്നിനുവേണ്ടിയുള്ള സുദീർഘമായ കാത്തിരിപ്പ്. വി.ഗ്രന്ഥത്തിലെ പത്ത് കന്യകമാരുടെ ഉപമ വെറുമൊരു കഥയല്ല, മറിച്ച് മനുഷ്യന്റെ ആത്മീയ ജാഗ്രതയെയും ദൈവീക രഹസ്യങ്ങളെയും കുറിച്ചുള്ള ആഴമേറിയ ദർശനമാണ്.

വിവാഹനിശ്ചയം കഴിഞ്ഞ കന്യകമാർ മണവാളന്റെ വരവും കാത്ത് വിളക്കുകളുമായി നിൽക്കുന്ന ചിത്രം പ്രത്യാശയുടെ പ്രതീകമാണ്. ആത്മീയ ജീവിതത്തിൽ നമ്മളും ആ മണവാളനെയാണ് കാത്തിരിക്കുന്നത്. നമ്മുടെ ആത്മാവിന്റെ ദാതാവായ ദൈവത്തെ തന്നെ. എന്നാൽ കാത്തിരിപ്പ് നീണ്ടുപോകുമ്പോൾ, ജീവിത വഴികളിൽ ഇരുൾ കനക്കുമ്പോൾ, നമ്മുടെ ആത്മീയ ഉത്സാഹത്തിന് എന്ത് സംഭവിക്കുന്നു?

ഉപമയിലെ പത്ത് കന്യകമാരിൽ അഞ്ചുപേർ വിവേകമതികളും അഞ്ചുപേർ ഭോഷരുമായിരുന്നു. ബാഹ്യരൂപത്തിൽ പത്തുപേരും ഒന്നുപോലെയായിരുന്നു; എല്ലാവരുടെയും കൈകളിൽ വിളക്കുകളുണ്ടായിരുന്നു, എല്ലാവരും മണവാളനെ കാത്തിരുന്നവരുമായിരുന്നു. മണവാളൻ വൈകിയതിനാൽ എല്ലാവരും ഉറങ്ങുകയും ചെയ്തു. എന്നാൽ യഥാർഥ വ്യത്യാസം വെളിപ്പെട്ടത് അർധരാത്രിയിലാണ്

വിവേകമതികളായ കന്യകമാർ തങ്ങളുടെ വിളക്കുകളോടൊപ്പം കുപ്പികളിൽ എണ്ണയും കരുതിയിരുന്നു. എണ്ണ അത് ഒരുവന്റെ ഉള്ളിലെ ആത്മീയ അടിത്തറയാണ്. ബാഹ്യമായ ആചാരങ്ങൾക്കോ പ്രകടനങ്ങൾക്കോ അപ്പുറം, ദൈവവുമായി നമുക്കുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ആഴമാണത്. പ്രാർഥന, കാരുണ്യം, ആത്മസംയമനം, സ്നേഹം എന്നിവയാൽ ആത്മാവിൽ സംഭരിച്ചുവയ്ക്കുന്ന പുണ്യത്തിന്റെ എണ്ണ.

മണവാളൻ വരാൻ വൈകിയപ്പോൾ ഉറങ്ങിപ്പോയ കന്യകമാരിൽ, അണയാൻ പോകുന്ന വിളക്കുമായി ഭോഷരായ കന്യകമാർ വിവേകമതികളോട് എണ്ണയ്ക്കായി യാചിക്കുന്നുണ്ട്. എന്നാൽ അവർ അത് നിരസിക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് സ്വാർഥതയായി തോന്നാം, ചില കാര്യങ്ങൾ നമുക്ക് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിയില്ല. എന്റെ പ്രാർഥനയോ, എന്റെ വിശ്വാസമോ, ദൈവവുമായി എനിക്കുള്ള ആത്മീയ ബന്ധമോ മറ്റൊരാൾക്ക് വായ്പ നൽകാൻ സാധിക്കില്ല. ദൈവത്തിന് മുന്നിൽ ഓരോരുത്തരും അവരവരുടെ വിളക്കിലെ എണ്ണയുമായാണ് നിൽക്കേണ്ടത്. രക്ഷയും ആത്മീയ ജാഗ്രതയും തികച്ചും വ്യക്തിപരമാണ്.

ഭോഷരായ കന്യകമാർ എണ്ണ വാങ്ങാൻ പോയ സമയത്ത് മണവാളൻ വരികയും, ഒരുങ്ങിയിരുന്നവർ അവനോടൊപ്പം മണവറയിലേക്ക് പ്രവേശിക്കുകയും വാതിൽ അടയ്ക്കപ്പെടുകയും ചെയ്‌തു. വൈകി ഓടിയെത്തി “കർത്താവേ, കർത്താവേ, ഞങ്ങൾക്ക് തുറന്നുതരേണമേ” എന്ന് അവർ നിലവിളിച്ചപ്പോൾ, “ഞാൻ നിങ്ങളെ അറിയുന്നില്ല” എന്ന വചനമാണ് അവരെ വരവേറ്റത്. അവസരങ്ങൾ എപ്പോഴും തുറന്നിരിക്കില്ല എന്ന വലിയൊരു മുന്നറിയിപ്പ് ഇതിലുണ്ട്. ജീവിതത്തിന്റെ അസ്തമയത്തിലോ, കാലത്തിന്റെ പൂർത്തീകരണത്തിലോ ദൈവത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അവിടുത്തെ സ്നേഹത്തിലേക്ക് പ്രവേശിക്കാൻ വ്യക്തിപരമായ ആത്മീയ ഒരുക്കങ്ങൾ അത്യാവശ്യമാണ്.

ബാഹ്യമായ ഭക്തിപ്രകടനങ്ങൾ കൈയിലുള്ള വിളക്കുകൾ മാത്രമാണ്. എന്നാൽ ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ എണ്ണയുണ്ടെങ്കിൽ മാത്രമേ പ്രതിസന്ധികളുടെ അർധരാത്രികളിലും, നീണ്ട കാത്തിരിപ്പുകളിലും ആ വെളിച്ചം കെടാതെ സൂക്ഷിക്കാൻ നമുക്ക് കഴിയൂ. മണവാളൻ എപ്പോൾ വന്നാലും-അത് ജീവിതത്തിന്റെ പ്രഭാതത്തിലായാലും അർധരാത്രിയിലായാലും-പ്രകാശം പരത്തുന്ന ആത്മാവുമായി അവനെ എതിരേൽക്കാൻ നമുക്ക് ജാഗ്രതയോടെ കാത്തിരിക്കാം.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.