
കുഞ്ഞുനാളിൽ ഉറങ്ങുന്നതിനുമുമ്പ് ഈശോയോട് പ്രാർഥിച്ചിരുന്ന മക്കൾ, സൺഡേ സ്കൂളിൽ പോകാനും പള്ളിയിൽ വരാനും സന്തോഷം കാണിച്ചിരുന്നവർ, വളർന്നപ്പോൾ പതുക്കെ ആ ശീലങ്ങളിൽനിന്ന് അകന്നുപോകുന്നു. പ്രാർഥനയോടും വിശ്വാസത്തോടും താൽപ്പര്യം കാണിക്കാതാകുന്നു. ചിലപ്പോൾ ദൈവത്തെക്കുറിച്ച് സംസാരിക്കാൻപോലും അവർക്ക് താൽപ്പര്യമുണ്ടാകില്ല.
ഇതെല്ലാം കാണുമ്പോൾ മാതാപിതാക്കളുടെ മനസ്സ് വേദനിക്കും. എവിടെയാണ് തെറ്റുപറ്റിയത്, മക്കളെ എങ്ങനെ പഴയ വിശ്വാസജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും എന്നിങ്ങനെ പല ചോദ്യങ്ങളും ഉയരും. എന്നാൽ ഈ സമയത്ത് ഓർക്കേണ്ട ഒരു കാര്യമുണ്ട്. മക്കളെ വിശ്വാസത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുവരാനാവില്ല. പക്ഷേ സ്നേഹത്തിലൂടെയും പ്രാർഥനയിലൂടെയും അവർക്ക് തിരിച്ചുവരാനുള്ള വഴി തുറന്നുകൊടുക്കാം.
1. പഴയ നല്ല ഓർമകൾ വെറുതെയാകില്ല
മക്കൾ ഇന്ന് വിശ്വാസത്തിൽനിന്ന് അകന്നുനിൽക്കുന്നതുകണ്ട് അവർക്ക് ചെറുപ്പത്തിൽ പകർന്നുനൽകിയ വിശ്വാസമൂല്യങ്ങൾ നഷ്ടമായെന്ന് കരുതേണ്ടതില്ല. മാതാപിതാക്കളോടൊപ്പം പ്രാർഥിച്ചതും പള്ളിയിൽ പോയതും സൺഡേ സ്കൂളിൽ പഠിച്ചതുമെല്ലാം അവരുടെ ജീവിതത്തിലെ നല്ല ഓർമകളാണ്. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഈ അനുഭവങ്ങൾ അവർക്ക് വഴികാട്ടിയായേക്കാം. അതുകൊണ്ട് സ്വയം കുറ്റപ്പെടുത്താതെ പ്രത്യാശയോടെ മുന്നോട്ടുപോകുക.
2. മക്കൾക്കായി പ്രാർഥിക്കാൻ മറക്കരുത്
നമ്മുടെ മക്കളെ നമ്മേക്കാൾ കൂടുതൽ സ്നേഹിക്കുന്നവനാണ് ദൈവം. അതിനാൽ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ ദൈവത്തിന് സമർപ്പിക്കാം. അവർ പള്ളിയിൽ പോകുന്നില്ലെങ്കിലും അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന മുടങ്ങരുത്. അവരുടെ മനസ്സിൽ നന്മയും വിശ്വാസവും വീണ്ടും വളരാൻ ദൈവത്തോട് പ്രാർഥിക്കാം. ചില മാറ്റങ്ങൾ നമ്മുടെ കാത്തിരിപ്പിനേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എങ്കിലും പ്രാർഥനയിലുള്ള വിശ്വാസം കൈവിടരുത്.
3. ഉപദേശിക്കുന്നതിനേക്കാൾ കേൾക്കാൻ തയ്യാറാകാം
മക്കൾ വിശ്വാസത്തിൽനിന്ന് അകലുമ്പോൾ അവരെ തിരുത്താൻ മാതാപിതാക്കൾക്ക് തോന്നും. എന്നാൽ എപ്പോഴും ഉപദേശിക്കുന്നതിനുപകരം അവർ പറയുന്നത് കേൾക്കാൻ സമയം കണ്ടെത്തുക. വിശ്വാസത്തെക്കുറിച്ച് അവർക്കുള്ള സംശയങ്ങളും എതിർപ്പുകളും മനസ്സിലാക്കുക. ചിലപ്പോൾ മറ്റുള്ളവരിൽനിന്നുണ്ടായ മോശം അനുഭവങ്ങളാകാം അവരെ ദൈവത്തിൽനിന്ന് അകറ്റിയത്. അവരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയും മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്യുക. കുറ്റപ്പെടുത്തലുകളേക്കാൾ സ്നേഹത്തോടെയുള്ള സംഭാഷണങ്ങളാണ് അവരെ നമ്മോട് കൂടുതൽ അടുപ്പിക്കുക.
4. നമ്മുടെ ജീവിതം വിശ്വാസത്തിന്റെ മാതൃകയാകട്ടെ
മക്കളോട് പ്രാർഥിക്കാൻ പറയുന്നതിനൊപ്പം നാം പ്രാർഥിക്കുന്നവരായും സ്നേഹിക്കാൻ പറയുന്നതിനൊപ്പം സ്നേഹിക്കുന്നവരായും ജീവിക്കണം. മറ്റുള്ളവരോട് ക്ഷമിക്കുന്നതും സഹായം ആവശ്യമുള്ളവരെ ചേർത്തുപിടിക്കുന്നതും പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിക്കുന്നതുമെല്ലാം മക്കൾ കാണുന്നുണ്ട്. വിശ്വാസം വാക്കുകളിൽ മാത്രമല്ല, ജീവിതത്തിലും ഉണ്ടാകണമെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കാം. നല്ലൊരു ജീവിതമാതൃക പല ഉപദേശങ്ങളെക്കാളും ശക്തമാണ്.
5. തിരിച്ചുവരാൻ സ്നേഹത്തിന്റെ വാതിൽ തുറന്നിടാം
ബൈബിളിലെ ധൂർത്തപുത്രന്റെ ഉപമയിലെ പിതാവിനെ ഓർക്കുക. മകൻ തെറ്റായ വഴിയിലൂടെ പോയെങ്കിലും അവനെ ഉപേക്ഷിക്കാതെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു പിതാവ്. മകൻ തിരിച്ചെത്തിയപ്പോൾ കുറ്റപ്പെടുത്തലുകളല്ല, സ്നേഹത്തോടെയുള്ള സ്വീകരണമാണ് അവന് ലഭിച്ചത്.
മക്കളും അങ്ങനെയാണ്. അവരുടെ വിശ്വാസജീവിതത്തിൽ മാറ്റമുണ്ടായാലും കുടുംബത്തിൽ തങ്ങൾക്കുള്ള സ്ഥാനവും മാതാപിതാക്കളുടെ സ്നേഹവും നഷ്ടപ്പെടുന്നില്ലെന്ന് അവർ അറിയണം. സന്തോഷത്തിലും സങ്കടത്തിലും അവർക്കൊപ്പം നിൽക്കുക. എപ്പോൾ വേണമെങ്കിലും മനസ്സുതുറന്ന് സംസാരിക്കാനും തിരിച്ചുവരാനും കഴിയുന്ന ഒരിടമായി നമ്മുടെ വീടുകൾ മാറട്ടെ.
സ്നേഹത്തോടെ കാത്തിരിക്കുന്നതാണ് ഏറ്റവും വലിയ കാര്യം
മക്കൾ ഇന്ന് ദൈവത്തിൽനിന്ന് അകന്നുനിൽക്കുന്നു എന്നതുകൊണ്ട് അവരുടെ വിശ്വാസയാത്ര അവിടെ അവസാനിച്ചുവെന്ന് കരുതേണ്ടതില്ല. അവരുടെ ജീവിതത്തിൽ ദൈവത്തിന് പ്രവർത്തിക്കാൻ ഇനിയും അവസരങ്ങളുണ്ട്. നമുക്ക് ചെയ്യാനാകുന്നത് അവരെ സ്നേഹിക്കുക, അവർക്കുവേണ്ടി പ്രാർഥിക്കുക, നല്ല മാതൃകയായി ജീവിക്കുക എന്നിവയാണ്.
മക്കൾ എത്ര ദൂരം പോയാലും തിരിച്ചുവരാൻ ഒരു വീടുണ്ടെന്നും കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ടെന്നും അവർ അറിയട്ടെ. കാരണം, മാതാപിതാക്കളുടെ സ്നേഹവും ദൈവത്തിന്റെ കരുണയും ഒരിക്കലും വാതിലുകൾ അടയ്ക്കുന്നില്ല.
വിവർത്തനം: ഡിൻസി തോമസ്




