
സ്പെയിനിലെ ചരിത്രപ്രസിദ്ധമായ ടൊലെഡോ കത്തീഡ്രൽ അതിന്റെ നിർമ്മാണത്തിന്റെ എട്ടാം ശതാബ്ദത്തിലേക്ക് (800 വർഷങ്ങൾ) കടക്കുന്നു. 1226 ആഗസ്റ്റിൽ ഇതിന്റെ ശിലാസ്ഥാപനം നടന്നതിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രത്തിലാദ്യമായി കത്തീഡ്രൽ ജൂബിലി വർഷം ആചരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ സെറോ, കഴിഞ്ഞ ഞായറാഴ്ച തികച്ചും അപൂർവമായ ഒരു ചടങ്ങിലൂടെ വിശുദ്ധ വാതിൽ തുറന്നു.
എട്ടു നൂറ്റാണ്ടുകളായി വിശ്വാസത്തിന്റെയും കലയുടെയും സംഗമവേദിയായ ഈ കത്തീഡ്രൽ, നൂറുകണക്കിന് തീർഥാടകരെയാണ് ഓരോ വർഷവും ആകർഷിക്കുന്നത്. ഗോഥിക് വാസ്തുവിദ്യയുടെ വിസ്മയകരമായ മാതൃകയായാണ് ടൊലെഡോ കത്തീഡ്രലിനെ കാണുന്നത്.
ടൊലെഡോ കത്തീഡ്രലിലെ ഡിസെന്റ് ചാപ്പലും ചരിത്ര അദ്ഭുതവും
പരമ്പരാഗത വിശ്വാസമനുസരിച്ച്, പരിശുദ്ധ കന്യകാമറിയം സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന് വിശുദ്ധ ഇൽഡെഫോൺസോയെ കാപ്പ ധരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ സ്ഥലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിൽ ടൊലെഡോയിലെ ആർച്ച് ബിഷപ്പായിരുന്നു വിശുദ്ധ ഇൽഡെഫോൺസോ. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവത്വവും കന്യാകാത്വവും സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ അന്നത്തെ കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രസിദ്ധമായ സഭാ പാരമ്പര്യമനുസരിച്ച്, എ.ഡി. 666 ഡിസംബർ 18-ന് രാത്രിയിൽ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പ്രാർഥിക്കാനായി ഇൽഡെഫോൺസോയും സഹപ്രവർത്തകരും അന്നത്തെ വിസിഗോഥിക് (Visigothic) ദൈവാലയത്തിൽ പ്രവേശിച്ചപ്പോൾ അൾത്താരയിൽ അതിശക്തമായ സ്വർഗീയ പ്രകാശം കണ്ടു.
മറ്റുള്ളവർ ഭയന്നോടിയെങ്കിലും ഇൽഡെഫോൺസോ ബലിപീഠത്തിന് അടുത്തേക്ക് നീങ്ങി. അവിടെ സ്വർഗീയ മാലാഖമാരോടൊപ്പം പരിശുദ്ധ കന്യകാമറിയം സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന് അൾത്താര പീഠത്തിൽ ഇരിക്കുന്നത് അദ്ദേഹം കണ്ടു. തന്റെ കന്യാകാത്വത്തെ വിശ്വസ്തതയോടെ സംരക്ഷിച്ചതിനുള്ള നന്ദിസൂചകമായി, സ്വർഗത്തിൽ നിന്ന് കൊണ്ടുവന്ന ഒരു പ്രത്യേക കാപ്പ മാതാവ് വിശുദ്ധ ഇൽഡെഫോൺസോയെ ധരിപ്പിച്ചു. ഇതാണ് ആ ചരിത്ര സംഭവം.
ഇത് കൂടാതെ ബെറൂഗെറ്റെ, ലൂക്ക ജിയോർഡാനോ, കാരവാജിയോ, എൽ ഗ്രെക്കോ തുടങ്ങിയ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെയും ശില്പികളുടെയും വിലമതിക്കാനാവാത്ത കലാസൃഷ്ടികൾ ഈ കത്തീഡ്രലിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗോഥിക് വാസ്തുവിദ്യയുടെ വിസ്മയകരമായ മാതൃക കൂടിയാണ് ഈ കത്തീഡ്രൽ. ഒപ്പം അഗാധമായ മരിയൻ ഭക്തിയുടെയും ദിവ്യകാരുണ്യ ഭക്തിയുടെയും സംഗമ ഭൂമിയാണ് ഈ കത്തീഡ്രൽ.




