

ജനാധിപത്യ ഭരണകൂടത്തിന്റെ പരമാധികാര ശക്തികൾ സാധാരണക്കാരെ അടിച്ചമർത്തുമ്പോൾ അഭയം നൽകേണ്ട പാവനമായ ഇടമാണ് നീതിപീഠങ്ങൾ. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും സമത്വത്തിന്റെയും കാവലാളായി പെരുമാറേണ്ട ഉയർന്ന കോടതികൾ, ചിലപ്പോഴെങ്കിലും വരേണ്യമായ കാഴ്ചപ്പാടുകളോടെ വിഷയങ്ങളെ സമീപിക്കുന്നത് വലിയ ആശങ്കകൾക്ക് വഴിവയ്ക്കുന്നുണ്ട്.
ദീപാവലി സീസണിൽ വിമാനക്കമ്പനികൾ നടത്തുന്ന അനിയന്ത്രിതമായ നിരക്കുവർധനയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഉയർന്നുവന്ന “എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട” എന്ന വാക്കാലുള്ള പരാമർശം ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. പ്രവാസികളും ഉദ്യോഗാർഥികളും രോഗികളുമടക്കം ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് വിമാനയാത്ര കേവലം ഒരു ആഡംബരമല്ല, മറിച്ച് അടിയന്തര ആവശ്യമാണ് എന്ന യാഥാർഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നതാണ് ഇത്തരം നിലപാടുകൾ.
നീതിപീഠങ്ങളിൽ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ജീവിതപ്രശ്നങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലുള്ള നിലപാടുകൾ ഉയർന്നുവരുന്നത് ഇതാദ്യമായല്ല എന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തെരുവ് കച്ചവടക്കാരുടെ ഉപജീവന അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ചേരി നിർമ്മാർജ്ജന വിഷയങ്ങളിലും പലപ്പോഴും എളിയ മനുഷ്യരുടെ ജീവിതമാർഗത്തേക്കാൾ പ്രഭുത്വപരമായ നഗരസൗന്ദര്യവൽക്കരണത്തിനും വാഹനഗതാഗതത്തിനുമാണ് മുൻഗണന നൽകപ്പെടുന്നത്. അതുപോലെ വൻകിട വികസന പദ്ധതികൾക്കോ പരിസ്ഥിതി ഉത്തരവുകൾക്കോ പ്രാധാന്യം നൽകുമ്പോൾ, വസതിയും ഉപജീവനവും നഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെയും ആദിവാസി വിഭാഗങ്ങളുടെയും ന്യായമായ പുനരധിവാസ ആകുലതകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാതെ പോവുകയും ചിലപ്പോഴെങ്കിലും അവഗണിക്കപ്പടുകയും ചെയ്യുന്നു. സ്വകാര്യ മേഖലയിലെ അമിത ഫീസുകളും യാത്രാ ചൂഷണങ്ങളും ചോദ്യം ചെയ്യപ്പെടുമ്പോൾ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയാണ് തകരുന്നത്.
ഇതോടൊപ്പം തന്നെ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കോടതികൾ സാധാരണക്കാരന്റെ അഭയകേന്ദ്രം എന്നതിലുപരി അഭിഭാഷക സമൂഹത്തിന്റെ കേവലമൊരു തൊഴിലിടം മാത്രമായി മാറുന്നു എന്നതാണ്. വൻകിട കമ്പനികൾക്കും സാമ്പത്തികശേഷിയുള്ളവർക്കും വേണ്ടി കോടികൾ വാങ്ങുന്ന പ്രമുഖ അഭിഭാഷകരുടെ വാദങ്ങൾ മണിക്കൂറുകളോളം കേൾക്കാൻ മുൻഗണന നൽകപ്പെടുമ്പോൾ, പാവപ്പെട്ടവരുടെ വിഷയങ്ങളും അവർക്കു വേണ്ടിയുള്ള വാദങ്ങളും പലപ്പോഴും അടിയന്തര പ്രാധാന്യമില്ലാത്തവയായി മാറ്റിവയ്ക്കപ്പെടുന്നു. നീതി തേടിയെത്തുന്ന ഹർജിക്കാരനേക്കാൾ അഭിഭാഷകരുടെ സാങ്കേതിക വാദപ്രതിവാദങ്ങൾക്കും അവരുടെ പ്രൊഫഷണൽ താത്പര്യങ്ങൾക്കും മുൻഗണന കൈവരുമ്പോൾ, നീതിപീഠം അതിന്റെ യഥാർഥ ലക്ഷ്യമായ ജനക്ഷേമത്തിൽ നിന്ന് അകലുകയും കേവലമൊരു വ്യാപാര-തൊഴിൽ അന്തരീക്ഷമായി അധഃപതിക്കുകയുമാണ് ചെയ്യുന്നത്.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ജസ്റ്റിസ് പി.എൻ. ഭഗവതിയെയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെയും പോലുള്ള മഹാരഥന്മാർ കെട്ടിപ്പടുത്തതാണ് പൊതുതാൽപ്പര്യ ഹർജി (PIL) എന്ന ആശയം. ഒരു തപാൽ കാർഡിൽ എഴുതിയ പരാതി പോലും നീതിപീഠം വിചാരണയ്ക്കെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പൊതുതാൽപ്പര്യ ഹർജികളെ സമയനഷ്ടമായി കാണുന്ന രീതിയിലേക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്. വിപണിയിലെ കോർപ്പറേറ്റുകളുടെയും സ്വകാര്യ കമ്പനികളുടെയും ചൂഷണങ്ങളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകേണ്ടതിന് പകരം, പൗരന്മാർ അത് സഹിക്കണമെന്ന് പരോക്ഷമായി പറയുന്ന രീതി തികച്ചും നിർഭാഗ്യകരമാണ്. വ്യോമയാനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അനിയന്ത്രിതമായ നിരക്കുവർധനവുകൾ കേവലം ‘വിപണി നിയമങ്ങൾ’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. അവ ഭരണഘടന ഉറപ്പുനൽകുന്ന ചൂഷണത്തിനെതിരെയുള്ള അവകാശത്തിന്റെ ലംഘനമായതിനാൽ, സാങ്കേതിക നിയമവ്യാഖ്യാനങ്ങൾക്കപ്പുറം സാധാരണ മനുഷ്യന്റെ അവസ്ഥയും പ്രയാസങ്ങളും മനസ്സിലാക്കാൻ തക്കവണ്ണം ജഡ്ജിമാർ ഭരണഘടനാപരമായ അനുതാപം (Constitutional Empathy) പുലർത്തേണ്ടതുണ്ട്.
ചുരുക്കത്തിൽ, നീതിപീഠം എന്നത് കേവലം കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും അഭിഭാഷകർക്ക് തൊഴിലെടുക്കാനും മാത്രം നിലകൊള്ളുന്ന ഒരിടമല്ല. അത് രാജ്യത്തെ ഏറ്റവും ഒടുവിലത്തെ പൗരനും പ്രത്യാശ നൽകുന്ന ഇടമായി നിലനിൽക്കുക തന്നെ വേണം. കോടതിമുറികളിൽ നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോൾ അത് വലിയ പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, സാധാരണക്കാരെ നിസ്സാരവത്കരിക്കുന്ന യാതൊരുവിധ പരാമർശങ്ങളും വിവേകമതികളായ ന്യായാധിപന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കോടതികൾ ജനാധിപത്യത്തിന്റെ ആകെത്തുകയെത്തന്നെയാണ് ദുർബലപ്പെടുത്തുന്നത് എന്നതിനാൽ, സാങ്കേതികത്വങ്ങൾ മാറ്റിവച്ച് നീതിപീഠങ്ങൾ കൂടുതൽ ജനകീയവും സാധാരണക്കാരനോട് ആത്മാർഥമായ അനുഭാവമുള്ളതുമായി മാറിയേ തീരൂ.
ഡോ. സെമിച്ചൻ ജോസഫ്
(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനും ആണ് ലേഖകൻ)




