
2027 ൽ ദക്ഷിണ കൊറിയയിലെ സീയൂളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിന്റെ ഔദ്യോഗിക തീം ഗാനം സംഘാടകർ പുറത്തിറക്കി. ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജനങ്ങളെ വിശ്വാസത്തിൽ ഒന്നിച്ചുചേർക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസിക്കൽ, പോപ്പ് എന്നിങ്ങനെ രണ്ട് വേർഷനുകളിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
’ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നാണ് ഗാനത്തിന്റെ പേര്. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകുന്ന സന്ദേശമാണ് ഇതിന്റെ ഇതിവൃത്തം. കൊറിയൻ സംഗീതസംവിധായകനായ ഫ്രാൻസിസ് ജിയൂൺ കിം ആണ് ഈ ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 434 സംഗീതസൃഷ്ടികളിൽ നിന്നാണ് ഇത് തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ മ്യോങ്ഡോങ് കത്തീഡ്രൽ, കൊറിയൻ രക്തസാക്ഷികളുടെ തീർഥാടന കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തീർഥാടകർക്കും വോളന്റിയർമാർക്കുമുള്ള രജിസ്ട്രേഷൻ 2026 ന്റെ രണ്ടാം പകുതിയിൽ ആരംഭിക്കും. 1995 ൽ മനിലയിൽ നടന്ന ആഗോള സമ്മേളനത്തിനു ശേഷം ഏഷ്യയിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ആഗോള യുവജന സമ്മേളനമാണിത്. കൂടാതെ, ക്രൈസ്തവ ന്യൂനപക്ഷമായ ഒരു രാജ്യത്ത് ഇങ്ങനെയൊരു ആഗോള കത്തോലിക്കാ സംഗമം നടക്കുന്നത് ഇതാദ്യമായാണ്.




