
വേഗതയും ഡിജിറ്റൽ സ്ക്രീനുകളും ആശയപരമായ ഭിന്നതകളും നിറഞ്ഞ ആധുനിക യുഗത്തിൽ പുസ്തക വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. “ഏവരും പുസ്തകങ്ങൾ വായിക്കണം” എന്ന് ആഹ്വാനം ചെയ്ത മാർപാപ്പ, വായന മനുഷ്യ മനസ്സിനെ സഹായിക്കാനും ചിന്താശേഷിയും വിമർശനാത്മകമായ ചിന്തയും വളർത്താനുമുള്ള മികച്ച മാർഗമാണെന്ന് വ്യക്തമാക്കി. വത്തിക്കൻ പബ്ലിഷിംഗ് ഹൗസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് ഏഴിന് ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മാർപാപ്പ ഈ സന്ദേശം നൽകിയത്.
ഡിജിറ്റൽ യുഗത്തിൽ ഒരു പുസ്തകത്തിന്റെ ഭൗതിക സാന്നിധ്യം, ചിന്ത, പഠനം, ആഴത്തിലുള്ള വിശകലനം എന്നിവയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു. വായന മനസ്സിനെ പുഷ്ടിപ്പെടുത്തുകയും കാര്യങ്ങളെ വസ്തുനിഷ്ഠമായി വീക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇടുങ്ങിയ ചിന്താഗതികൾക്കും യാഥാസ്ഥിതിക നിലപാടുകൾക്കുമുള്ള പ്രതിവിധിയാണ് വായനയെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
“ഒരു പുസ്തകം കൈയിലെടുക്കുമ്പോൾ നാം അതിന്റെ എഴുത്തുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെടുകയാണ്. വായന മനുഷ്യർ തമ്മിലുള്ള സംവാദത്തിനും ആശയവിനിമയത്തിനും വഴിയൊരുക്കുന്നു. ഇത് വ്യക്തികളുടെ കാഴ്ചപ്പാടുകളെ വിശാലമാക്കുകയും ‘സമ്പർക്ക സംസ്കാരം’ വളർത്തുകയും ചെയ്യുന്നു”- പാപ്പ ഓർമിപ്പിച്ചു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാനുള്ള വലിയ അവസരമാണ്. വിശുദ്ധരുടെ ജീവചരിത്രങ്ങളും ആത്മീയ ഗ്രന്ഥങ്ങളും വായിക്കുന്നത് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാനും വിശ്വാസജീവിതത്തെ നയിക്കാനും സഹായിക്കും എന്നും പാപ്പ ഓർമിപ്പിച്ചു. പരിശുദ്ധ അമ്മയുടെയും വിവിധ വിശുദ്ധരുടെയും ജീവിത മാതൃകകൾ മുൻനിർത്തി, ദൈവവചനം വായിച്ച് ചിന്തയെയും പ്രവൃത്തിയെയും നവീകരിക്കാൻ മാർപാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.




