കോപ്റ്റിക് ഓർത്തഡോക്സ് വൈദികനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി ഈജിപ്ത്

2022 ഏപ്രിലിൽ കൊല്ലപ്പെട്ട ഫാദർ അർസാനിയോസ് വദീദിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആളുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്തിലെ കോപ്റ്റിക് സമൂഹത്തെയും പൊതുജനങ്ങളെയും വലിയ രീതിയിൽ നടുക്കിയ കൊലപാതക കേസിലാണ് നിയമനടപടികൾ പൂർത്തിയാക്കി അന്തിമവിധി നടപ്പിലായത്. അതേസമയം, ഫാദർ അർസാനിയോസ് വദീദിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ വ്യക്തിയെ ഈജിപ്ഷ്യൻ അധികൃതർ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി കൊല്ലപ്പെട്ട വൈദികന്റെ കുടുംബം അറിയിച്ചു.

വിചാരണയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുകയും പ്രതിക്ക് ലഭ്യമായിരുന്ന നിയമപരമായ അപ്പീലുകൾ അവസാനിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. കൊലപാതകം നടന്ന് അന്തിമവിധി നടപ്പാക്കുന്നത് വരെയുള്ള ഈ കേസ് നാല് വർഷത്തിലധികം നീണ്ടുനിന്നു. വൈദികന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറയുന്നതനുസരിച്ച്, പ്രതി മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കോടതിയും കണ്ടെത്തിയതിനെത്തുടർന്ന്, ഈജിപ്ഷ്യൻ നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ വധശിക്ഷ അധികൃതർ നടപ്പിലാക്കുകയായിരുന്നു.

പ്രതി സമർപ്പിച്ച അന്തിമ അപ്പീൽ ഈജിപ്ഷ്യൻ കോർട്ട് ഓഫ് കാസേഷൻ (Court of Cassation) തള്ളുകയും അലക്സാണ്ട്രിയ ക്രിമിനൽ കോടതിയുടെ മുൻ വിധി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ അന്തിമവും നടപ്പിലാക്കാവുന്നതുമായി മാറിയത്.

2022 ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അലക്സാണ്ട്രിയയിലെ കർമൗസ്-മൊഹറം ബെക്ക് ജില്ലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പൗലോസ് അപ്പസ്തോലന്റെയും കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലെ വൈദികനായിരുന്ന വദീദ്, നഗരത്തിലെ ഒരു കടൽത്തീരത്ത് നടന്ന ഇടവകയുടെ പ്രതിവാര കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു. കൂട്ടായ്മയ്ക്കു ശേഷം ചടങ്ങിൽ പങ്കെടുത്തവർ ബസുകളിൽ കയറുന്ന സമയത്ത്, വൈദിക വസ്ത്രം ധരിച്ച് അവരുടെ യാത്ര ഏകോപിപ്പിക്കാൻ സഹായിക്കുകയായിരുന്ന ഫാ. വദീദിനെ അക്രമി പിന്നിൽ നിന്ന് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ അക്രമിയെ പിടികൂടി സുരക്ഷാ സേനയ്ക്ക് കൈമാറി. ഫാ. വദീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊലപാതകം നടന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ പ്രതിയെ ക്രിമിനൽ കോടതിയിലേക്ക് അയക്കുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തുകൊണ്ട് വേഗത്തിൽ നിയമനടപടികൾ ആരംഭിച്ചെങ്കിലും അപ്പീലുകൾ കോർട്ട് ഓഫ് കാസേഷന്റെ പരിഗണനയിലായിരുന്നതിനാൽ ശിക്ഷ അന്ന് അന്തിമമായിരുന്നില്ല.

തുടർന്ന് 2025 ജനുവരിയിൽ, കോർട്ട് ഓഫ് കാസേഷൻ പ്രതിയുടെ അപ്പീൽ തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തതോടെ വിധി അന്തിമമായി. എന്നിരുന്നാലും ഒന്നര വർഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. കൊലപാതകം നടന്ന് ശിക്ഷ നടപ്പാക്കുന്നത് വരെയുള്ള നാല് വർഷത്തിലധികം നീണ്ട ഈ സംഭവം കോപ്റ്റിക് ഓർത്തഡോക്സ് സഭയിലും അലക്സാണ്ട്രിയയിലെ ജനങ്ങളിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.