കാൻസർ രോഗികളുടെ കോടികളുടെ കടം എഴുതിത്തള്ളി മാതൃകയായ ഡോക്ടർ

​അമേരിക്കയിലെ അർക്കൻസാസിലുള്ള പൈൻ ബ്ലഫ് എന്ന നഗരത്തിലേക്ക് 1991 -ൽ ഡോ. ഒമർ അതിക് എത്തുമ്പോൾ അവിടെയുള്ള കാൻസർ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. സാധാരണക്കാരായ മനുഷ്യർ നേരിടുന്ന ഈ വലിയ പ്രതിസന്ധി തിരിച്ചറിഞ്ഞ അദ്ദേഹം അവിടെ ‘അർക്കൻസാസ് കാൻസർ ക്ലിനിക്ക്’ ആരംഭിച്ചു.

​തുടർന്നുള്ള 29 വർഷക്കാലം ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹം തണലായത്. പണമില്ലെന്ന കാരണത്താൽ ഒരാൾക്കുപോലും അദ്ദേഹം ചികിത്സ നിഷേധിച്ചില്ല. പണത്തോടോ പ്രശസ്തിയോടോ ഉള്ള ആഗ്രഹമായിരുന്നില്ല, മറിച്ച് മാനവികതയും സഹജീവികളോടുള്ള കരുണയുമായിരുന്നു അദ്ദേഹത്തിന്റെ സേവനത്തിന്റെ അടിത്തറ.

കരുണയുടെ ക്രിസ്മസ് ആശംസ

​ക്ലിനിക്ക് പൂട്ടി മാസങ്ങൾ കഴിഞ്ഞിട്ടും പഴയ രോഗികളിൽ നിന്ന് കുടിശ്ശിക തുക ഈടാക്കാൻ ഡോക്ടറും ബില്ലിംഗ് കമ്പനിയും ശ്രമിച്ചിരുന്നു. എന്നാൽ, കാൻസർ ചികിത്സയും രോഗവും സൃഷ്ടിച്ച സാമ്പത്തിക തകർച്ച കാരണം പലർക്കും തുക അടയ്ക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

​തുടർന്ന് ഭാര്യ മെഹ്രീനുമായി ആലോചിച്ച് രോഗികളുടെ എല്ലാ കടബാധ്യതകളും ഒഴിവാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ക്രിസ്മസ് ആഴ്ചയിൽ 200 -ഓളം രോഗികൾക്ക് സർപ്രൈസ് കുറിപ്പെത്തിയത്:

​’അർക്കൻസസ് കാൻസർ ക്ലിനിക്കിന് ഒരു രോഗിയെന്ന നിലയിൽ നിങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ആരോഗ്യ ഇൻഷുറൻസുകൾ വലിയൊരു തുക കവർ ചെയ്യുമെങ്കിലും ഡിഡക്റ്റബിളുകളും കോ – പേമെന്റുകളും രോഗികൾക്ക് വലിയ ബാധ്യതയാകാറുണ്ട്. ക്ലിനിക്ക് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ രോഗികൾ അടയ്ക്കാനുള്ള മുഴുവൻ കുടിശ്ശിക തുകയും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. സന്തോഷം നിറഞ്ഞ ക്രിസ്മസ് ആശംസകൾ’

കാൻസർ എന്ന മാരകരോഗത്തിന്റെ ശാരീരിക – മാനസിക പ്രയാസങ്ങൾക്കൊപ്പം വലിയ സാമ്പത്തിക ഭാരവും ചുമന്നിരുന്ന അനേകം കുടുംബങ്ങൾക്ക് ഈ തീരുമാനം താങ്ങാനാവാത്ത ഭാരത്തിൽ നിന്നുള്ള മോചനമായിരുന്നു. കേവലം മരുന്നുകളിൽ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത സ്നേഹത്തിലും കാരുണ്യത്തിലുമാണ് യഥാർഥ വൈദ്യശാസ്ത്രം നിലകൊള്ളുന്നതെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു ഈ ഡോക്ടർ.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.