
‘അട്ടിമറിക്കാർ’, ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന നിക്കരാഗ്വയിലെ ഏകാധിപതി ഡാനിയൽ ഓർട്ടേഗയുടെ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്ര സംഘടനകളും നാടുകടത്തപ്പെട്ട നിക്കരാഗ്വൻ നിവാസികളും രംഗത്തെത്തി. ജൂലൈ 31 വെള്ളിയാഴ്ച മനാഗ്വയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് ഓർട്ടേഗ പ്രഖ്യാപിച്ചത്.
ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുമായി ചേർന്ന് എക്സിക്യൂട്ടീവ് ശാഖയിലൂടെ തന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലിയുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക. “സമാധാനം ശക്തിപ്പെടുത്താൻ നമ്മൾ നിയമങ്ങളിലൂടെ പോരാടണം” എന്ന് പറഞ്ഞ ഏകാധിപതി, തന്റെ പുതിയ ‘പരിഷ്കാരങ്ങളിലൂടെ’ ഭീകരർക്കും അട്ടിമറിക്കാർക്കും’ വീണ്ടും യുദ്ധങ്ങൾ സംഘടിപ്പിക്കാനുള്ള അവസരം നൽകില്ലെന്ന് ഉറപ്പുനൽകിയതായി ഇഎഫ്ഇ (Efe) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം നിക്കരാഗ്വയിലെ നിലവിലെ സാഹചര്യം വിശകലനം ചെയ്യുന്നതിനായി ഓഗസ്റ്റ് അഞ്ചിന് വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനത്ത് അടിയന്തര യോഗം ചേരുമെന്ന് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (OAS) അറിയിച്ചു. മധ്യ അമേരിക്കൻ രാജ്യത്തെ സാഹചര്യം വിലയിരുത്തുന്നതിനായി വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കുന്നതിനെക്കുറിച്ചും ഇവർ ആലോചിക്കും.
ഇന്റർ-അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് (IACHR) പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ, ഡാനിയൽ ഓർട്ടേഗയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. “നിക്കരാഗ്വയിൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തെയും, അധികാരം നിലനിർത്താനും രാഷ്ട്രീയമത്സരങ്ങൾ തടയാനും ജനാധിപത്യപരമായ ഭരണമാറ്റത്തിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നാഷണൽ അസംബ്ലി അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി നീക്കത്തെയും” കമ്മീഷൻ എതിർത്തു. സെപ്റ്റംബർ ഒന്നിനാണ് നിക്കരാഗ്വൻ പാർലമെന്റ് ഈ ഭരണഘടനാ ഭേദഗതി പരിഗണിക്കുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ കടമകൾക്ക് വിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് നിക്കരാഗ്വ പിന്തിരിയണമെന്നും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ പൗരന്മാർക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഐ.എ.സി.എച്ച്.ആർ ആവശ്യപ്പെട്ടു.




