സുഡാനിൽ ആഗോള ഭക്ഷ്യ പ്രോഗ്രാമിന്റെ (WFP) വാഹനവ്യൂഹത്തിനു നേരെ ആക്രമണം

സുഡാനിൽ ആഗോള ഭക്ഷ്യ പ്രോഗ്രാമിന്റെ (WFP) വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നു. ഒക്ടോബർ അഞ്ചിന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഐക്യരാഷ്ട്ര സഭാവക്താവ് ഫർഹാൻ ഹഖ് സുഡാനിലെ ദാരുണമായ പുതിയ സംഭവം അറിയിച്ചു: “ദക്ഷിണ കോർദോഫാനിൽ ആഗോള ഭക്ഷ്യ പ്രോഗ്രാമിന്റെ (WFP) രണ്ട് ട്രക്കുകൾക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെടുകയും ഭക്ഷ്യവസ്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ച് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമടക്കം പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.”

അതേസമയം, വാഹനങ്ങളിൽ ഡബ്ല്യു.എഫ്.പി. (WFP) എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരുന്നതായി സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിലിംഗിൽ ഭക്ഷ്യസഹായം എത്തിച്ച ശേഷം ഡബ്ല്യു.എഫ്.പി.യുടെ മറ്റൊരു ട്രക്ക് സ്ഫോടകവസ്തുവിൽ തട്ടി അപകടത്തിൽപെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

കൂടാതെ, സുഡാനിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും, ജനങ്ങൾക്ക് ജീവൻരക്ഷാ സഹായങ്ങൾ എത്തിക്കുമ്പോൾ ആശ്വാസപ്രവർത്തകർ നേരിടുന്ന അപകടസാധ്യതകളുമാണ് ഈ ആക്രമണങ്ങൾ കാണിക്കുന്നതെന്ന് പ്രസ്താവനയിൽ വിശദീകരിച്ചു. ഇത്തരം ഭീഷണികൾ നിലനിൽക്കുമ്പോഴും, ആവശ്യക്കാർക്ക് തുടർന്നും സഹായം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഐക്യരാഷ്ട്ര സഭാസംഘടന ഊന്നിപ്പറഞ്ഞു.

2025 ൽ മൂന്നു കോടിയിലധികം ആളുകൾക്ക് മാനുഷികസഹായം ആവശ്യമാണെന്ന് യു.എൻ. ദുരിതാശ്വാസ ഏകോപന ഓഫീസ് റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.