
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ സാന്താ മാർത്ത പീഡിയാട്രിക് ഡിസ്പെൻസറിയിൽ നിർധനരായ അമ്പതോളം കുട്ടികൾക്ക് സൗജന്യ കണ്ണുപരിശോധനയും കണ്ണടകളും നൽകി. ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ചദിനമായി (World Sight Day) ആചരിക്കുന്നത്.
തടയാൻ കഴിയുന്ന അന്ധതയെക്കുറിച്ചും കാഴ്ച വൈകല്യങ്ങളെക്കുറിച്ചും ആഗോളതലത്തിൽ അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ (Love Your Eyes) എന്നതാണ് ഈ വർഷത്തെ ലോക കാഴ്ചദിന സന്ദേശം. വ്യക്തിപരവും സാമൂഹികവുമായ ക്ഷേമത്തിന് കണ്ണുകളുടെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നു.
സാന്താ മാർത്തയ്ക്ക് സമീപം വത്തിക്കാനിൽ പ്രവർത്തിക്കുന്ന ഈ ഡിസ്പെൻസറി, പ്രാദേശികമായും അന്തർദേശീയമായും ഉള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് സഹായം എത്തിക്കുന്നത്. ‘വൺസൈറ്റ് എസ്സിലോർ ലക്സോട്ടിക്ക ഫൗണ്ടേഷൻ’, കാരുണ്യ സേവനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഒക്ടോബർ എട്ടിന് രാവിലെ ഡിസ്പെൻസറിയിൽ സന്നിഹിതനായിരുന്ന ഡിക്കാസ്റ്ററി പ്രിഫെക്റ്റ് ആർച്ച്ബിഷപ്പ് ലൂയിസ് മരിൻ ഡി സാൻ മാർട്ടിൻ, പരിശോധനയ്ക്കായി കാത്തുനിന്ന കുട്ടികളെ അഭിവാദ്യം ചെയ്യുകയും, സഭയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ജീവസ്സുറ്റ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിച്ച സന്നദ്ധ ഡോക്ടർമാരിൽ ഒരാളായ ബിറ്റി ഫൗണ്ടേഷനിലെ (Bietti Foundation) ഒഫ്താൽമോളജിസ്റ്റ് ഡോ. വലേറിയ പെൻഡിനോ, പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ആവശ്യങ്ങളോട് ഫൗണ്ടേഷൻ എപ്പോഴും അനുഭാവപൂർവം പ്രതികരിക്കാറുണ്ടെന്ന് വ്യക്തമാക്കി.



