
ഒക്ടോബർ മാസത്തിൽ, കത്തോലിക്കാ സഭ വിശുദ്ധ കുർബാനയോടുള്ള തീവ്രമായ സ്‌നേഹത്താലും ഭക്തിയാലും ശ്രദ്ധേയരായ മൂന്ന് പ്രിയപ്പെട്ട വിശുദ്ധരെ അനുസ്മരിക്കുന്നു. ഒക്ടോബർ 22-ന് തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ഒക്ടോബർ അഞ്ചിന് അനുസ്മരിക്കപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക, ഒക്ടോബർ 12-ന് ഓർമ്മിക്കപ്പെടുന്ന വി. കാർലോ അക്കുത്തിസ് എന്നിവരാണ് ആ വിശുദ്ധർ.
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ഓരോ ജീവനക്കാർക്കും തങ്ങളുടെ ദിവസത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധ കുർബാനയാണെന്ന് അറിയാമായിരുന്നു. ബലി അർപ്പണത്തിന് മുമ്പ് 10 മിനിറ്റ് ഒരുക്കത്തിനായും, അതിനുശേഷം 10 മിനിറ്റ് നന്ദി പ്രകാശനത്തിനായും പാപ്പ ചെലവഴിച്ചിരുന്നു. ദിവസവും ഏകദേശം 20 തവണയെങ്കിലും അദ്ദേഹം കുരിശാകൃതിയിൽ സാഷ്ടാംഗം പ്രണമിച്ച് ദിവ്യകാരുണ്യ സന്നിധി സന്ദർശിച്ചിരുന്നതായി പാപ്പയുടെ സെക്രട്ടറി പറയുന്നു.
കൂടാതെ, ജോൺ പോൾ രണ്ടാമന്റെ വിദേശ പര്യടനങ്ങളുടെ സംഘാടകർക്കെല്ലാം ദിവ്യകാരുണ്യ സന്നിധിയിലേക്കുള്ള അദ്ദേഹത്തിന്റെ യാദൃച്ഛികമായ സന്ദർശനം, സമയക്രമത്തെ കുറഞ്ഞത് 20 മിനിറ്റെങ്കിലും വൈകിപ്പിക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ യാത്രാമധ്യേ അദ്ദേഹം ഒരു ചാപ്പലിന്റെയും മുന്നിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ അവർക്ക് നിർദേശം നൽകിയിരുന്നു.”
1995-ൽ ബാൾട്ടിമോറിലെ കർദിനാളിന്റെ വസതിയിലുള്ള ചാപ്പലിൽ മാർപാപ്പ സന്ദർശനം നടത്തിയപ്പോഴുള്ള ഒരു അനുഭവം ഇപ്രകാരമാണ്:
ചാപ്പലിന്റെ വാതിൽ അടഞ്ഞുതന്നെ കിടക്കണമെന്ന് മാർപാപ്പയുടെ യാത്രാ സംഘാടകൻ പ്രത്യേകം നിർദേശിച്ചിരുന്നു. മറ്റ് വാതിലുകൾ പോലെ തന്നെയായിരുന്നു അതും. വിശുദ്ധ ജോൺ പോൾ അടഞ്ഞ ആ വാതിലിന് മുന്നിലൂടെ നടന്നു നീങ്ങിയെങ്കിലും പെട്ടെന്ന് നിന്നു, തിരിഞ്ഞുനിന്ന് ആ വാതിലിന് നേരെ നടന്നു. പതിവുപോലെ 20 മിനിറ്റ് അദ്ദേഹം ഉള്ളിൽ പ്രാർഥനയിൽ ചെലവഴിച്ച ശേഷം സംഘാടകന് നേരെ വിരൽ ചൂണ്ടി. പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തെ തിരിച്ചറിയാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവ് തന്നെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവമായിരുന്നു അത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കുർബാനയെക്കുറിച്ച് നിരവധി പ്രബോധനങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘എക്ലേസിയ ദെ യുക്കരിസ്റ്റിയ’ (Ecclesia de Eucharistia) എന്ന ചാക്രികലേഖനം.
വി. ഫൗസ്റ്റീന കൊവാൾസ്ക
1905-ൽ പോളണ്ടിൽ ജനിച്ച വിശുദ്ധ ഫൗസ്റ്റീന 1938-ൽ അന്തരിച്ചു. 2000-മാണ്ടിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അവർ. ദൈവകരുണയെക്കുറിച്ചുള്ള വെളിപാടുകൾ ലഭിച്ചപ്പോൾ, ഒരു ഡയറി സൂക്ഷിക്കാനും, ഒരു പ്രത്യേക ചിത്രം, തിരുനാൾ, ജപമാല, നൊവേന, ദിവസവും വൈകുന്നേരം 3 മണിക്കുള്ള പ്രാർഥന എന്നിവ പ്രചരിപ്പിക്കാനും യേശു അവരോട് ആവശ്യപ്പെട്ടു.
അവസാനത്തെ അത്താഴ വേളയിലെ വിശുദ്ധ കുർബാനയെക്കുറിച്ച് തന്റെ ഡയറിയിൽ കുറിച്ചതുപോലെ, ദിവ്യമായ ഒരു ജ്ഞാനം അവർ അനുഭവിച്ചറിഞ്ഞിരുന്നു. വിശുദ്ധ ഫൗസ്റ്റീന എഴുതി: “ഈ പ്രാർഥനാ വേളയിൽ, യേശു എന്നെ അന്ത്യത്താഴ മുറിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു, അവിടെ സംഭവിച്ചതിന് ഞാൻ സാക്ഷിയായി. എന്നിരുന്നാലും, കൂദാശാ വചനങ്ങൾക്ക് മുമ്പ് യേശു സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി തന്റെ പിതാവുമായി ഒരു രഹസ്യ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ ഞാൻ ആഴത്തിൽ സ്പർശിക്കപ്പെട്ടു. നിത്യതയിൽ മാത്രമേ ആ നിമിഷം നമുക്ക് യഥാർഥത്തിൽ മനസ്സിലാവുകയുള്ളൂ. അവിടുത്തെ കണ്ണുകൾ രണ്ട് അഗ്നിജ്വാലകൾ പോലെയായിരുന്നു; മുഖം മഞ്ഞുപോലെ വെളുത്തതും തിളക്കമുള്ളതുമായിരുന്നു; അവിടുത്തെ സത്ത മുഴുവൻ ഗാംഭീര്യത്താൽ നിറഞ്ഞിരുന്നു, അവിടുത്തെ ആത്മാവ് തീവ്രമായ ആഗ്രഹത്താൽ നിബിഡമായിരുന്നു.”
വി. കാർലോ അക്കുത്തിസ്
1991-ൽ ഇംഗ്ലണ്ടിൽ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, 2006-ൽ ഇറ്റലിയിൽ വച്ച് രക്താർബുദം ബാധിച്ച് മരിച്ചു. ഫുട്ബോൾ, ഫോട്ടോഗ്രാഫി, പ്രത്യേകിച്ച് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ ഒരു സാധാരണ കുട്ടിയുടെ എല്ലാ താല്പര്യങ്ങളും കാർലോ പ്രകടിപ്പിച്ചിരുന്നു.
ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിലും, തന്റെ മേഖലയിൽ ഒരു സർവകലാശാലാ പ്രൊഫസറുടെ പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു. ജീവന് അനുകൂലമായ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. അക്കുത്തിസിന്റെ ജീവിതം നയിക്കപ്പെട്ടത് അവന്റെ കത്തോലിക്കാ വിശ്വാസത്താലായിരുന്നു.
ആദ്യ കുർബാന സ്വീകരണത്തിന് ശേഷം കാർലോ ദിവസവും വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. വിശുദ്ധ കുർബാന തന്റെ ‘സ്വർഗത്തിലേക്കുള്ള പാത’യാണെന്ന് അവൻ പറഞ്ഞിരുന്നു. ട്രാഫിക് ലൈറ്റുകളും സ്റ്റോപ്പ് സൈനുകളുമുള്ള ഒരു സാധാരണ റോഡോ ഹൈവേയോ ആയിരുന്നില്ല അത്. മറിച്ച് തടസ്സങ്ങളൊന്നുമില്ലാത്ത, ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ടുള്ള ഒരു ഫ്രീവേ ആയിരുന്നു അത് എന്ന് ഈ വിശുദ്ധന് അറിയാമായിരുന്നു.
വിശുദ്ധ കുർബാനയോടുള്ള കാർലോയുടെ താല്പര്യം, യൂറോപ്പിൽ അറിയപ്പെടുന്ന 126 ദിവ്യകാരുണ്യ അദ്ഭുതങ്ങളെക്കുറിച്ച് പഠിക്കാൻ അവനെ പ്രേരിപ്പിച്ചു.
കുടുംബത്തോടൊപ്പമുള്ള അവധിക്കാലങ്ങൾ ഈ സ്ഥലങ്ങൾ സന്ദർശിക്കാനാണ് ഉപയോഗിച്ചത്. അവൻ തന്റെ കമ്പ്യൂട്ടർ കഴിവുകൾ അതിനായി ഉപയോഗിക്കുകയും, വിവിധ ഭാഷകളിൽ ലോകമെമ്പാടും പ്രചരിക്കുന്ന ഓരോന്നിന്റെയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. 2020 ഒക്ടോബറിൽ അവൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ദിവസം, അവന് പ്രിയപ്പെട്ടതും അവന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നതുമായ അസ്സീസിയിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടന്നു, അങ്ങനെ അത് ഒരു ദിവ്യകാരുണ്യ നഗരമായി മാറി.
ഇത് യുവജനങ്ങൾക്കുപോലും തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് ദിവ്യകാരുണ്യത്തിന്റെ സുവിശേഷകരാകാൻ കഴിയുമെന്ന് കാണിച്ചുതരുന്നു.




