സംഘർഷങ്ങൾ അവസാനിപ്പിക്കണം, പൗരന്മാർക്ക് സംരക്ഷണം നൽകണം: ദക്ഷിണ സുഡാൻ സഭാ നേതൃത്വം

ദക്ഷിണ സുഡാനിൽ വർധിച്ചുവരുന്ന ആയുധ സംഘർഷങ്ങളും അക്രമങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സഭാ നേതൃത്വം. ഇനിയൊരു മൗനം സാധ്യമല്ല എന്ന പേരിൽ ദക്ഷിണ സുഡാൻ കൗൺസിൽ ഓഫ് ചർച്ചസ് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ആണ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

രാജ്യത്തുടനീളം ക്രമസമാധാന തകർച്ച, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ആഭ്യന്തര പലായനം തുടങ്ങിയ പ്രതിസന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് വിവിധ സഭകൾ ഒന്ന് ചേർന്ന് ജനങ്ങളുടെ സുരക്ഷയ്ക്കുള്ള ആഹ്വാനവുമായി രംഗത്തെത്തിയത്. അക്രമങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കാനും, റോഡുകളും നദീമാർഗങ്ങളും സുരക്ഷിതമാക്കാനും, ദുരിതബാധിതരായ ആളുകൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഹായങ്ങൾ ലഭ്യമാക്കാനും സർക്കാരിനോടും സന്നദ്ധ സേനയോടും ഞങ്ങൾ അഭ്യർഥിക്കുന്നു എന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പ്രതികാരത്തിന് പകരം സംയമനവും, ഏറ്റുമുട്ടലിന് പകരം ചർച്ചയും, വൈരാഗ്യത്തിന് പകരം അനുരഞ്ജനവും തിരഞ്ഞെടുക്കാൻ സഭാ നേതൃത്വം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഒപ്പം പതിറ്റാണ്ടുകളായി തുടരുന്ന ആക്രമണങ്ങളും സംഘർഷങ്ങളും ഞങ്ങൾ സഹിക്കുകയാണെന്നു അവർ ചൂണ്ടിക്കാട്ടി. റോഡുകളിൽ കൊല്ലപ്പെടുമെന്നോ, സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടിവരുമെന്നോ, തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, സായുധ സേനകൾക്കും ആയുധമേന്തിയ യുവാക്കൾക്കും ഇടയിൽ അകപ്പെടുമെന്നോ ഉള്ള ഭയമില്ലാതെ ജീവിക്കാൻ ദക്ഷിണ സുഡാനിലെ ജനങ്ങൾ അർഹരാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മെത്രാൻ സമിതി സംയുക്ത ആഹ്വാനം പുറത്തിറക്കിയത്.

ഈ വർഷം സർക്കാരും പ്രതിപക്ഷത്തുള്ള സായുധ സംഘവും തമ്മിലുള്ള സംഘർഷങ്ങളും പ്രാദേശിക ഗോത്രങ്ങൾ തമ്മിലുള്ള അക്രമങ്ങളും ജനങ്ങൾ നേരിടേണ്ടി വന്നു. പല സ്ഥലങ്ങളിലും ക്രമസമാധാന തകർച്ച മൂലം അനേകം ആളുകൾക്ക് വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വരികയും ജീവകാരുണ്യ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ വിവിധ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാരെ ബാധിച്ച 206 അക്രമ സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ആക്രമണങ്ങൾ എല്ലാം ആയിരത്തി അഞ്ഞൂറോളം വരുന്ന പൗരന്മാരെയും സാരമായി ബാധിച്ചിട്ടുണ്ട്. ആക്രമണ സംഭവങ്ങളും സംഘർഷങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് സഭാധികാരികൾ സമാധാനത്തിനും സുരക്ഷയ്ക്കും ഉള്ള ആഹ്വാനവുമായി എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.