
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അർജന്റീന. സന്ദർശനത്തിന്റെ ഭാഗമായി തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ദേവോത്തോ ഫെഡറൽ ജയിലിൽ മാർപാപ്പ സന്ദർശനം നടത്തും. ഈ ചരിത്ര മുഹൂർത്തത്തെ വരവേൽക്കാൻ തടവുകാർ ചേർന്ന് പാപ്പയ്ക്കായി പ്രത്യേക ഉപഹാരങ്ങൾ തയ്യാറാക്കുകയാണ്.
നെയ്ത്ത് ശാല പ്രവർത്തിച്ചുവരുന്ന എസൈസ (Ezeiza) ജയിൽ യൂണിറ്റിൽ ലഹരിമുക്തി കേന്ദ്രത്തിലുള്ള തടവുകാർ ചേർന്ന് മാർപാപ്പയ്ക്കായി ഒരു പ്രത്യേക ‘സ്റ്റോൾ’ അതായത് വൈദികർ ധരിക്കുന്ന തിരുവസ്ത്രം നെയ്തെടുക്കുന്നുണ്ട്. കൂടാതെ സാൻ മാർട്ടിൻ ജയിലിലെ തടവുകാർ മൺപാത്ര നിർമ്മാണ ശില്പശാലയിലൂടെ സന്ദേശങ്ങൾ ആലേഖനം ചെയ്ത കളിമൺ വസ്തുക്കളും നിർമ്മിക്കുന്നു. രാജ്യത്തുടനീളമുള്ള തടവുകാരിൽ നിന്നും ജയിൽ ജീവനക്കാരിൽ നിന്നും അഞ്ച് വരിയിൽ കവിയാത്ത സന്ദേശങ്ങൾ ശേഖരിച്ച് ഒരു പുസ്തകമാക്കിയും മാർപാപ്പയ്ക്ക് കൈമാറാൻ പദ്ധതിയുണ്ട്.
അടുത്ത മാസം നടക്കാനിരിക്കുന്ന അപ്പോസ്തോലിക് പര്യടനത്തിൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. ദേവോത്തോ ജയിലിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട 300 -ഓളം തടവുകാരുമായി പാപ്പ നേരിട്ട് സംസാരിക്കും. ഈ കൂടിക്കാഴ്ച രാജ്യത്തെ എല്ലാ ജയിലുകളിലും തത്സമയം സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.
തടവുകാരുടെ പ്രതിനിധികൾ മാർപാപ്പയ്ക്ക് മുന്നിൽ തങ്ങളുടെ അനുഭവങ്ങൾ വായിക്കുകയും പാപ്പ അവർക്ക് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്.



