
നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ സോക്കോടോ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ സായുധ സംഘം നടത്തിയ രാത്രികാല ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെ ലജിംഗെ (Lajinge) ഗ്രാമത്തിൽ ഇരച്ചുകയറിയ തോക്കുധാരികൾ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിവരെ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു. അക്രമികൾ ഒരു വീടിന് തീവെച്ചതിനെ തുടർന്ന് ഒരേ കുടുംബത്തിലെ ആറ് പേർ വെന്തുമരിച്ചതായി ഒരു ഗ്രാമവാസി പറഞ്ഞു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കന്നുകാലികളെ കവർച്ച ചെയ്ത സംഘം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഗ്രാമങ്ങളിൽ ആക്രണം നടത്തി മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോവുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്ന സായുധ സംഘങ്ങൾ പതിവായി അക്രമങ്ങൾ നടത്തുന്ന മേഖലയാണിത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ സമാറയിൽ കഴിഞ്ഞ ആഴ്ച സായുധ സംഘങ്ങളുടെ ആക്രമണത്തിൽ 24 കർഷകർ കൊല്ലപ്പെട്ടിരുന്നു.




