നൈജീരിയയിൽ കത്തോലിക്കാ വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു; അക്രമികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്

മധ്യ നൈജീരിയയിലെ ലോകോജ (Lokoja) രൂപതയിലെ കത്തോലിക്കാ വൈദികനായ റവ. ഫാദർ സാമുവൽ ഒപേയെമി ഒയെതോറോ (Rev Fr Samuel Opeyemi Oyetoro) ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജൂലൈ 29-ന് രാവിലെ 9:30-ഓടെ അജഓകുട്ടയിലെ ചർച്ച് റോഡരികിൽ ഒരു പുരുഷന്റെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയെ തുടർന്നാണ് കൊല്ലപ്പെട്ടത് വൈദികനാണെന്നു സ്ഥിരീകരിച്ചത്.

കൊഗി സംസ്ഥാനത്തെ ഇജുമു (Ijumu) ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അയേതോറോ ഗ്ബെഡെയിലുള്ള (Ayetoro Gbede) സെന്റ് പോൾസ് ഇടവകയിലെ വൈദികനാണ് കൊല്ലപ്പെട്ട ഫാദർ സാമുവൽ ഒപേയെമി. ആക്രമണത്തിന്റെ വാർത്ത ലോകോജ രൂപതാ ചാൻസറി ഓഫീസ് ജൂലൈ 29-നാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചത്.

ഉടൻ തന്നെ മൃതദേഹം എ.എസ്.സി.എൽ (ASCL) ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വക്താവ് എ.എസ്.പി ഒയിസ അഫുസാത് (ASP Oyiza Afusat) അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (SCID) കൈമാറും.

കൊല്ലപ്പെട്ട വൈദികന്റെ ആത്മശാന്തിക്കായും, അദ്ദേഹത്തിന്റെ കുടുംബത്തിനും രൂപതയ്ക്കും വേണ്ടിയും ദിവ്യബലികളിലും പ്രാർഥനകളിലും ഓർക്കണമെന്ന് ലോകോജ രൂപത വിശ്വാസികളോടും സന്യസ്തരോടും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.