
കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണ്ണമായും നശിച്ച വീട്ടിൽ നിന്ന് കാലിൽ പ്ലാസ്റ്ററിട്ട് അനങ്ങാൻ പോലുമാകാതെ കിടന്ന രീതിയിൽ ആണ് ഇരുപത്തിയേഴുകാരനായ ജോസഫൈൻ ജോണിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. അതിനടുത്തായി അമ്മയുടെ മൃതദേഹവും! ഏറെ പ്രതീക്ഷകളോടെ കിടന്നുറങ്ങിയ ഒരു കുടുംബം. എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ, ഒന്നും ചെയ്യാനാവാതെ ആ വിധി ഏറ്റുവാങ്ങിയ അമ്മയും മകനും ഇന്ന് നാടിന്റെ കണ്ണീരോർമ്മയാവുകയാണ്. കലിതുള്ളിയെത്തിയ മഴയിൽ ഇതുവരെ ഏഴു പേരാണ് മരണമടഞ്ഞത്. നിരവധി ആളുകളെ കാണാതായിട്ടുമുണ്ട്.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴ. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ഇത്രയധികം ദുരന്തമാണ് തങ്ങൾ നേരിടാൻ പോകുന്നത് എന്ന് മലയാളികൾ ചിന്തിച്ചിരുന്നില്ല. ഒറ്റ ദിവസം കൊണ്ടാണ്, അല്ലെങ്കിൽ ഒരു രാത്രി കൊണ്ടാണ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായത് എന്നത് ദുരന്തത്തിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തമാക്കുന്നു. വെള്ളം കയറും എന്ന് പോലും പ്രതീക്ഷയില്ലാത്ത സ്ഥലങ്ങളിലേക്കാണ് വെള്ളം ഒറ്റരാത്രികൊണ്ട് ഒഴുകിയെത്തിയത്.
പലയിടത്തും ഉണ്ടായ ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ജനസമൂഹത്തെ ഒന്നാകെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിഴിഞ്ഞം, അടിമലത്തുറ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് ബോട്ടുകൾ അപകടത്തിൽപ്പെടുകയും പത്തിലേറെ പേരെ കാണാതാവുകയും ചെയ്തു.
അതിതീവ്ര മഴയിൽ ഡാമുകളിൽ അതിവേഗം ജലനിരപ്പുയരുന്നതും ഭീഷണിയാണ്. പമ്പ, മണിമല നദികളിൽ അപായകരമായ വിധത്തിൽ ജലനിരപ്പ് ഉയരുകയാണ്. ഇത് പരിസരവാസികളെ കൂടുതൽ ആശങ്കയിൽ ആഴ്ത്തുന്നു. ആറ് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കല്ലാർകുട്ടി, ബാണാസുര സാഗർ, ഇടുക്കി മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാം ഉടൻ തുറക്കുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിലെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളോട് അഭ്യർഥിച്ചു.




