
“അവൻ വരേണ്ടിയിരുന്നില്ല. 61 കാരനായ തനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു” – ബെന്നി ഇത് പറയുമ്പോൾ കണ്മുൻപിൽ നിന്ന് വെള്ളത്തിലേക്ക് അകന്നുപോയ രാജേഷായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷിക്കുന്നതിനിടയിലാണ് റാപ്പലിങ് ഇൻസ്ട്രക്ടർ രാജേഷ് ഒഴുക്കിൽപെടുന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.
11.30-ഓടെ കർണാടകവനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ് മീന്തുള്ളി നോർത്തിലെ കൃഷിയിടത്തിൽ എത്തിയതായിരുന്നു ബെന്നി. കർണാടകവനത്തിനും കാര്യങ്കോടുപുഴയ്ക്കും ഇടയിലുള്ള തുരുത്താണ് അവിടം. ആദ്യം കാല് മൂടാനുള്ള വെള്ളമേയുണ്ടായിരുന്നുള്ളൂ. എന്നാൽ പതിയെ വെള്ളം കൂടിവന്നു. വർങ്ങളായി പുഴയെ അടുത്തറിയാവുന്നത് കൊണ്ട് തന്നെ സഹായത്തിനായി ഭാര്യയെയും അവരിലൂടെ രക്ഷാപ്രവർത്തകരെയും വിവരം അറിയിച്ചു. അതിനിടയിൽ വെള്ളം കഴുത്തോളം എത്തിയിരുന്നു. തുടർന്ന് തെങ്ങിൽ അള്ളിപ്പിടിച്ചു കിടന്നു. ഈ സമയത്താണ് രാജേഷും കൂട്ടരും എത്തുന്നത്. രാജേഷ് അദ്ദേഹത്തിന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നൽകി. തുടർന്ന് തിരികെ കരയിൽ എത്താറായപ്പോഴാണ് രാജേഷ് ഒഴുക്കിൽ പെട്ടത്.
സാഹസികത എന്നും ഹരമായിരുന്ന, ദുരന്തമുണ്ടായാൽ ഭയമില്ലാതെ ഓടിയെത്തുന്ന രാജേഷിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. പാറക്കെട്ടുകളിൽ കയറിൽ പിടിച്ചുകയറുന്നതിൽ വിദഗ്‌ധനായ രാജേഷിന് നന്നായി നീന്തലറിയാവുന്നതിനാൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമായിരുന്നു രാജേഷ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. എൻ.സി.സി. കേഡറ്റുകൾക്ക് ട്രക്കിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ഈ പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്തു രാജേഷ് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ഉറ്റവരും ഉടയവരും.




