പ്രളയഭൂമിയിലേക്ക് കേരളത്തിന്റെ സൈന്യം ഇറങ്ങുന്നു: പത്തനംതിട്ടയ്ക്ക് രക്ഷകരാകാൻ നാൽപതോളം മൽസ്യത്തൊഴിലാളികൾ

വീണ്ടും ഒരിക്കൽ കൂടെ രക്ഷകരുടെ വേഷം അണിയുകയാണ് മൽസ്യത്തൊഴിലാളികൾ. പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളത്തിനടിയിലായ പത്തനംതിട്ട ജില്ലയുടെ ഉൾവശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് മൽസ്യ തൊഴിലാളികൾ എത്തുന്നത്. രക്ഷാദൗത്യത്തിന് കൊല്ലത്തുനിന്ന് പത്ത് വള്ളങ്ങളും നാൽപ്പത് തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചു കഴിഞ്ഞതായാണ് വിവരം.

2018 ആഗസ്റ്റിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയപ്പോൾ, നാടെങ്ങും വെള്ളപ്പൊക്കത്തിലും ഭീതിയിലും അമർന്നപ്പോൾ, പ്രതീക്ഷയുടെ കരമായി ഓടിയെത്തിയത് കേരളത്തിന്റെ സ്വന്തം മത്സ്യത്തൊഴിലാളികളായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന് പോലും പരിമിതികളുണ്ടായിരുന്ന ആ നാളുകളിൽ, സ്വന്തം ജീവനും വള്ളങ്ങളും തൃണവൽഗണിച്ച് ഇറങ്ങിത്തിരിച്ച ആ ധീരർ പിന്നീട് കേരളത്തിന്റെ ‘സ്വന്തം സൈന്യം’ എന്ന് അറിയപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം മേഖലകളിൽ നിന്ന് നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമാണ് ലോറികളിൽ കയറ്റി ചെങ്ങന്നൂർ, പത്തനംതിട്ട, ചാലക്കുടി തുടങ്ങിയ ദുരന്തഭൂമികളിലേക്ക് എത്തിച്ചത്. സ്വന്തം വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്നോ, ജീവന് അപകടമുണ്ടാകുമെന്നോ അവർ ചിന്തിച്ചില്ല. പ്രായമായവരെയും കുഞ്ഞുങ്ങളെയും തോളിലേറ്റിയും, സ്വന്തം പുറം ചവിട്ടുപടിയാക്കി വള്ളത്തിൽ കയറ്റിയും അവർ കാണിച്ച കാരുണ്യം ലോകമൊട്ടാകെ ആദരവോടെയാണ് നോക്കിക്കണ്ടത്. ഇന്നും കേരളം മറ്റൊരു പ്രളയ മുഖത്തേയ്ക്കു അടുക്കുമ്പോൾ തങ്ങൾ കൂടെയുണ്ട് എന്നതിന്റെ തെളിവാണ് പത്തനംതിട്ടയിലേക്ക് എത്തിയിരിക്കുന്ന ഈ നാല്പതോളം വരുന്ന കേരളത്തിന്റെ സ്വന്തം സൈന്യം.

2018 ൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ സഹായങ്ങളുടെ അഭാവം പോലും വകവെക്കാതെയാണ് വീണ്ടും നാടിനെ സംരക്ഷിക്കാൻ ഇവർ ഇറങ്ങിയിരിക്കുന്നത്. ആവശ്യമായി വന്നാൽ കൂടുതൽ വള്ളങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് മത്സ്യമേഖലയിലെ തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.